എന്റെ പോലീസ് സ്റ്റേഷൻ പൊതുജനങ്ങൾക്കും പരാതിക്കാർക്കും ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പോലീസ് സ്റ്റേഷനുകളെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എന്റെ പോലീസ് സ്റ്റേഷൻ. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തിൽ പ്രൊഫഷണലിസത്തിലൂടെ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം.
പൗരന്റെ അന്തസ്സ് പൂർണ്ണമായും മാനിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണ് എന്റെ പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും പൊതുജനസൗഹൃദ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നതിനൊപ്പം, പോലീസിന്റെ നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കി നമ്മുടെ പോലീസ് സ്റ്റേഷനുകളെ ആധുനിക ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാക്കി മാറ്റാനും ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നു.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്ക്, വനിതാ ഹെൽപ്പ് ഡെസ്ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്ക്, മുതിർന്ന പൗരന്മാർക്കുള്ള ഹെൽപ്പ് ഡെസ്ക്, ട്രാൻസ്ജെൻഡർ ഹെൽപ്പ് ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള ഹെൽപ്പ് ഡെസ്ക്, സൈബർ ക്രൈം ഹെൽപ്പ് ഡെസ്ക്, നിയമസഹായ ഹെൽപ്പ് ഡെസ്ക് എന്നിവയും വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമപ്രകാരമുള്ള സേവനങ്ങൾ, എഫ്.ഐ.ആർ. പകർപ്പ് തുടങ്ങിയ വിവിധ സേവനങ്ങളും എന്റെ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളിൽ ഒരുക്കും
ഈ പദ്ധതിയിലൂടെ കേരളത്തിലെ പോലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുകയും പൊതുജനങ്ങൾക്ക് കൂടുതൽ മികച്ചതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയും ചെയ്യും.
Last updated on Wednesday 23rd of September 2026 PM
..