KSACS ന്റെ സഹകരണത്തോടെ കേരളാ പോലീസ് ആവിഷ്ക്കരിച്ചിട്ടുള്ള പുതിയ സേവനമാണ് POL-BLOOD.
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ POL-APP ൽ ഈ സേവനം ലഭ്യമാണ്. ചികിത്സാ സംബന്ധിയായ അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് യഥാസമയം രക്തം ലഭ്യമാക്കുന്നതിനായി രക്തദാതാക്കളെയും, അപേക്ഷകരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വേദിയാണ് POL-BLOOD. കേരള പോലീസ് ആവിഷ്ക്കരിച്ച ഒരു പൗരകേന്ദ്രീകൃത സേവനമാണ് ഇത്.
ഈ പുതിയ മോഡ്യൂളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണുള്ളത്
- രക്തദാന വിഭാഗം
- രക്തസ്വീകരണ വിഭാഗം
ഏതൊരാൾക്കും, തന്റെ രക്തഗ്രൂപ്പ്, ബന്ധപ്പെടേണ്ട നമ്പർ, രക്തം ദാനം ചെയ്യാൻ താത്പര്യമുള്ള പ്രദേശം എന്നീ വിവരങ്ങൾ നൽകി 'ദാതാവ്' ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
സ്വീകരണ വിഭാഗത്തിൽ, രക്തഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ യൂണിറ്റ്, ആശുപത്രിയുടെ വിവരങ്ങൾ, രക്തബാങ്ക് വിവരങ്ങൾ, രക്തം ആവശ്യമുള്ള തീയതി, സമയം, കൂട്ടിരിപ്പുകാരുടെ വിവരങ്ങൾ എന്നിവ നൽകിക്കൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
POL-BLOOD കൺട്രോൾറൂം, രക്തം ദാനം ചെയ്യാൻ തയ്യാറുള്ള ദാതാവിനെയും, രക്തം ആവശ്യപ്പെട്ടുകൊണ്ട് സ്വീകർത്താവ് നൽകിയ അപേക്ഷയും തമ്മിൽ ഏകോപിപ്പിക്കുന്നു. അവർ അപേക്ഷകനെയും, ദാതാവിനെയും ബന്ധപ്പെട്ട് ആവശ്യമായ സേവനം ഉചിതമായ രീതിയിൽ പ്രദാനം ചെയ്യുന്നു.
അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സേവനം നൽകുന്ന ഒരു പൗര കേന്ദ്രീകൃത സംരംഭമാണ് POL-BLOOD.
POL-APP നെ ക്കുറിച്ച് :
കേരള പോലീസിന്റെ ഔദ്യോഗിക മെബൈൽ ആപ്പ് ആയ POL-APP, 2020 ജൂൺ 10 ന് ബഹു.കേരള മുഖ്യമന്ത്രി ഉത്ഘാടനം നിർവ്വഹിച്ചു. POL-APP പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 20-04-21വരെ ഏകദേശം 3 ലക്ഷം ആളുകൾ (2,90,254) ഈ ആപ്പ് ഇതിനോടകം ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ പോലീസ് ആപ്പ് ആയി POL-APP നെ കണക്കാക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും (5 ൽ 4.4), ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ( 5 ൽ 4.2 ) വളരെ മികച്ച ആപ്പ് റേറ്റിംഗ് ആണ് POL-APP ന് ഉള്ളത്..