കേരള സായുധ സേന നാലാം ബറ്റാലിയൻ

KAP 4

ഇന്ത്യൻ സ്വാതന്ത്ര സമരചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിച്ച മണ്ണാണ് കേരളം. 1921 ൽ ഖിലാഫത്ത് പ്രസ്ഥാനത്തെ തുടർന്ന് മലപ്പുറത്ത് ആരംഭിച്ച ജനകീയ സമരം പിന്നീട് മലബാർ കലാപമെന്നും, മാപ്പിള ലഹളയെന്നും അറിയപ്പെട്ടിരുന്നു. പ്രസ്തുത സമരത്തെ അടിച്ചമർത്താനായി ബ്രിട്ടീഷ് ഗവണ്മെന്റ് 1921-ൽ മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഒരു പാരാ മിലിട്ടറി ഫോഴ്സിന് രൂപം കൊടുക്കുകയുണ്ടായി. ബ്രിട്ടീഷുകാരനായ ഹിച്ച്കോക്ക്, IP കമാണ്ടന്റും, മലപ്പുറം എസ്പിയുമായി രൂപീകരിച്ച ഈ പാരാമിലിട്ടറി ഫോഴ്സ്, മലബാർ കലാപം അടിച്ചമർത്തുകയുണ്ടായി. എന്നാൽ ഈ സമയത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രത്യേകിച്ച് മലബാർ മേഖലയിൽ സ്വാതന്ത്ര്യ സമര നീക്കത്തോടൊപ്പം ജന്മിമാർക്ക് എതിരായ സമരങ്ങളും, കർഷക കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഈ സമയം കർഷക - കമ്മ്യൂണിസ്റ്റ് കലാപങ്ങളെ നേരിടാൻ എം.എസ്.പി നിയോഗിക്കപ്പെടുകയും സമരങ്ങളുടെ കേന്ദ്രമായ കണ്ണൂർ ജില്ലയിൽ പലസ്ഥലങ്ങളിലും താത്കാലിക ക്യാമ്പുകൾ ഉണ്ടാക്കുകയും ചെയ്തു. അത്തരം ക്യാമ്പുകളിൽ ഒന്നാണ് ആദ്യകാലത്ത് മാങ്ങാട്ടുപ്പറമ്പ് ക്യാമ്പ്. 1940 സെപ്തംബർ 15 ൻ മാങ്ങാട്ടുപ്പറമ്പിൻ അടുത്തുള്ള മൊറാഴ എന്ന സ്ഥലത്ത് വെച്ച് വളപ്പട്ടണം പോലീസ് സബ്ബ് ഇന്സ്പെക്ടർ ആയിരുന്ന ശ്രീ.കുട്ടികൃണ മേനോൻ സമരത്തിനിടയിൽ കൊല്ലപ്പെടുകയും തുടർന്ന് CRP യും (Crown Representative Police) MSP യും മാങ്ങാട്ടുപ്പറമ്പിൽ എത്തുകയും ദീർഘനാൾ ഈ സ്ഥലം CRP ക്യാമ്പ് എന്നറിയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് MSP യുടെ ഒരു കമ്പനിക്ക് വേണ്ടിയുള്ള സൗകര്യങ്ങളും, കെട്ടിടങ്ങളും, ആയുധപ്പുരയും, ക്വാർട്ടേസുകളും പണി കഴിപ്പിച്ചു. കേരളപ്പിറവിക്ക് ശേഷം കണ്ണൂർ ആംഡ് റിസെർവിന്റെ ഡിറ്റാച്മെൻറ് ക്യാമ്പായും മാങ്ങാട്ടുപ്പറമ്പ് ഉപയോഗിക്കപ്പെട്ടു.

1980-ൽ ആണ് ആലുവ ആസ്ഥാനമാക്കി കെ.എ.പി. 4 ബറ്റാലിയൻ രൂപീകൃതമായത്. പിന്നീട് 1983-ൽ ഇതിന്റെ ആസ്ഥാനം കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പിലേക്ക് മാറ്റപ്പെട്ടു. 1982 -ൽ എം.എസ്.പി.യുടെ ഒരു കമ്പനിക്ക് വേണ്ടി പണികഴിപ്പിച്ച കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും മാത്രമായിരുന്നു അന്ന് ഇവിടെ ഉണ്ടായിരുന്നത്. കാലക്രമേണ കൂടുതൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമുണ്ടായി. കണ്ണൂർ ജില്ലയിൽ മൊറാഴ, കല്ല്യാശ്ശേരി വില്ലേജുകളിലായി 87.83 ഏക്കർ വിസ്തൃതിയിൽ ഈ ക്യാമ്പ് സ്ഥിതിചെയ്യുന്നു.

ഡിറ്റാച്ച്മെന്റ് ക്യാമ്പ് പെരിയ കാസർഗോഡ്

കാസർഗോഡ് ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ട് കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ പെരിയ വില്ലേജിൽ 18 ഏക്കർ ഭൂമിയിൽ കെ.എ.പി 4 ബറ്റാലിയന്റെ ഒരു ഡിറ്റാച്ച്മെന്റ് ക്യാമ്പ് പ്രവര്ത്തിച്ചുവരുന്നുണ്ട്.

1984-ലാണ് ഇവിടെ ആദ്യ ബാച്ച് റിക്രൂട്ട് പോലീസുകാരുടെ പരിശീലനം ആരംഭിക്കുന്നത്. പ്രസ്തുത ബാച്ചിലെ സേനാംഗങ്ങളുടെ പരിശ്രമഫലമാണ് ഇന്ന് കാണുന്ന വിശാലമായ പരേഡ് ഗ്രൗണ്ട്. തുടർന്ന് 27 ബാച്ചുകളിലായി ഇവിടെ പരിശീലനം പൂർത്തിയാക്കിയ പതിനായിരത്തില്പരം സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. ഇതിനുപുറമെ 1996 മുതൽ വിവിധ വർഷങ്ങളിലായി കേരളാപോലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 300-ല്പരം ഡ്രൈവർമാർക്കും ഈ ബറ്റാലിയനിൽ നിന്നും പരിശീലനം നല്കിയിട്ടുണ്ട്.

മനുഷ്യാധ്വാനത്തെ വലിയ മൂലധനമാക്കി, ഏറ്റെടുത്ത സംരംഭങ്ങളെ വൻ വിജയമാക്കിക്കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കെ.എ.പി 4 ബറ്റാലിയന് സാധിച്ചു. ദേശീയ പാതയോടു ചേർന്ന് കാടും കല്ലുവെട്ടു കുഴികളും കൊണ്ട് നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന ക്യാമ്പിന്റെ ഒരു ഭാഗം ഇന്ന് സേനാംഗങ്ങളുടെ കൂട്ടായ്മയുടേയും സന്നദ്ധ പ്രവർത്തനന്റേയും ഫലമായി ഉത്തര മലബാറിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് കോംപ്ലക്സുകളിലൊന്നായി മാറിയിട്ടുണ്ട്. ലൈബ്രറി കെട്ടിടം, കമ്മ്യൂണിക്കേഷൻ സെന്റർ, ബറ്റാലിയൻ ട്രാൻസ്പോർട് ഓഫീസ്, പരേഡ് ഗ്രൗണ്ടിലെ പവലിയനുകൾ, ചിൽഡ്രൻസ് പാർക്ക്, സ്മൃതിമണ്ഡപം, ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം,ഫ്ളഡ് ലൈറ്റ് വോളീബോൾ കോർട്ട്, തെരുവ് വിളക്കുകൾ തുടങ്ങിയവയും ഈ ബറ്റാലിയന്റെ സേനാംഗങ്ങളുടെ ശ്രമദാനത്തിന്റെ ഫലമാണ്. കൂടാതെ 87.83 ഏക്കർ വരുന്ന ഈ ബറ്റാലിയന്റെ ചുറ്റുമതിൽ നിർമ്മിച്ചത് സേനാംഗങ്ങളുടെ ശ്രമദാനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. 29.09.2015 തീയതി ഉദ്ഘാടനം ചെയ്ത പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആധുനിക രീതിയിലുള്ള 25 മീറ്റർ നീളമുള്ള ബേബി പൂളോടുകൂടിയ സ്വിമ്മിംഗ് പൂൾ. 25.11.2017 തീയതി ഉദ്ഘാടനം ചെയ്ത രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഭരണ നിർവഹണ കാര്യാലയം(അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്) ഈ ബറ്റാലിയന്റെ സവിശേഷതയാണ്.

കേരള സർക്കാരിൻറെ ജനമൈത്രി സുരക്ഷാ പദ്ധതി ഈ ബറ്റാലിയനിൽ നല്ല രീതിയിൽ നടപ്പാക്കി വരുന്നുണ്ട്. ആധുനീക സമൂഹത്തിനണങ്ങുന്ന ഒരു പോലീസും അവരുമായി തോളോടു തോൾ ചേർന്ന് നാടിന്റെ സുരക്ഷയ്ക്കും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന ഒരു ജനതയും ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ അണിനിരക്കുകയാണ്. ഒരു സായുധസേനാ വിഭാഗമായ കെ.എ.പി 4 ബറ്റാലിയന്റെ സേനാംഗങ്ങളും ഈ കർമ്മ പദ്ധതിയിൽ തങ്ങളുടെ പങ്ക് സ്തുത്യർഹമായി നിർവഹിച്ചു പോരുന്നു. ബറ്റാലിയനിന്റെ ജനമൈത്രി കേന്ദ്രത്തിന്റെ കീഴിൽ സാന്ത്വന പരിചരണ വിഭാഗം, ലഹരി വിരുദ്ധ പ്രചാരണ സേന, രക്തദാന സേന, ട്രാഫിക് ബോധവല്ക്കരണ വിഭാഗം, യൂത്ത് ക്ലബ്ബ്, ട്രോമാകെയർ യൂണിറ്റ്, സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗം എന്നിവ ജനപങ്കാളിത്തത്തോടെ നടപ്പാക്കി വരുന്നത് ഗവണ്മെന്റിന്റേയും സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. പെയിൻ & പാലിയേറ്റീവ് വളന്റിയർമാർക് പരിശീലനം നല്കുന്നതിനും ഹോം കെയർ പ്രവർത്തനത്തിന്റെ ഭാഗമായി രോഗികളുടെ വീടുകളിൽ വൈദ്യസഹായം, പ്രഥമശുശ്രൂഷ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.

2007 ജൂണ് 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഈ യൂണിറ്റിൽ "ദളം 4 നാച്വർ" എന്ന പേരിൽ ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും അതോടൊപ്പം 2000ത്തോളം വൃക്ഷത്തെകൾ വച്ചുപിടിപ്പിക്കുകയുമുണ്ടായി. തുടർന്ന് എല്ലാ വർഷവും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇതിനുപുറമെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു. സംസ്ഥാന കശുവണ്ടി വികസന കോര്പറേഷന്റെ ധനസഹായത്തോടെ 500 ലധികം കശുമാവിൻ തൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.ട്രെയിനിംഗ് നിലവാരത്തിൽ ഈ ബറ്റാലിയൻ എന്നും മുന്നിട്ടുനിന്നിട്ടുണ്ട്. ഈ വിജയത്തിനു പിന്നിലെ പ്രധാനഘടകം സേനയിലേക്ക് പുതുതായി കടന്നുവരുന്ന സേനാംഗങ്ങള്ക്ക് നല്ലരീതിയിൽ പരിശീലനം നല്കുക എന്നത് ഒരു തപസ്യയായെടുത്ത നിരവധി ഓഫീസര്മാരുടേയും ഹവില്ദാര്മാരുടേയും അശ്രാന്തപരിശ്രമമാണ്.

വിവിധ സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും പലദിവസങ്ങളിലായി ശേഖരിച്ച ടണ് കണക്കിൻ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും, മരുന്നുകളും വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിൻ സാധിച്ചു. ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ തീയ്യതികളിലായി ഈ ബറ്റാലിയനിലെ ഓഫീസര്മാരും സേനാംഗങ്ങളും റിക്രൂട്ട് സേനാംഗങ്ങളും അടങ്ങിയ അഞ്ഞൂറോളം ആളുകൾ ആറ് ദിവസങ്ങളിലായി സുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിന്റെ ഭാഗമായി ഇരുന്നൂറ്റി അമ്പതോളം വീടുകളും അങ്കണവാടികളും സ്ഥാപനങ്ങളും ശുചീകരിച്ച് പഴയ അവസ്ഥയിലേക്ക് എത്തിക്കാനായത് ഈ ബറ്റാലിയന്റെ മികവിൻ ഒരു ഉദാഹരണമാണ്.

ജനങ്ങൾ പോലീസാണെന്നും, പോലീസ് ജനങ്ങളാണെന്നും ബോധ്യപ്പെടുത്തുന്ന പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും നൂതനധ്യായം രചിച്ച ജനമൈത്രി പോലീസിങ്ങിലൂടെ പോലീസ് എന്നത് ജനങ്ങളുടെ മിത്രവും, സഹോദരനും ആപല്ബാന്ധവനും ആണെന്നും കാക്കിയുടെ നിറം സാന്ത്വനത്തിന്റെ നിറം കൂടിയാണെന്നും സമൂഹത്തിൽ കെഎപി 4 അടയാളപ്പെടുത്തികൊണ്ടിരിക്കുന്നു.

Last updated on Monday 20th of March 2023 AM