കേരളത്തെ കുറിച്ച്
ഉപദ്വീപിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തെക്കേയിന്ത്യൻ സംസ്ഥാനമാണ് കേരളം. നിബിഢമായ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും, മനോഹരമായ മണൽത്തിട്ടോടുകൂടിയ കടൽത്തീരങ്ങളും, മരതകപ്പട്ടുപുതച്ച കവുങ്ങിൻ തോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ സംസ്ഥാനമായ കേരളം. ഉത്തുംഗമായ സഹ്യപർവ്വത നിരകൾ, സംസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തി കാക്കുന്നു.
പർവ്വതങ്ങൾ ജൈവവൈവിധ്യം കൊണ്ട് സമ്പന്നവും, പുതിയ ജിവിവർഗ്ഗങ്ങളുടെ പരിണാമത്തിന് പ്രകൃതിയുടെ തൊട്ടിലുമാണ്. യഥാർത്ഥത്തിൽ, സംസ്ഥാന ഭാഷയായ മലയാളത്തിന്റെ ഉത്പത്തി തന്നെ ആകർഷകമായ ഈ മലനിരകളിൽ നിന്നുമാണ്. മലയാളം എന്ന വാക്കിലെ 'മല' എന്നതിനു പർവ്വതം എന്നും 'ആൾ' എന്നതിന് വ്യക്തി (ആൾ) എന്നുമാണ് അർത്ഥം. അറബിക്കടലിനോട് ചേർന്നുള്ള 580 കിലോമീറ്റർ നീളമുള്ള കടൽത്തീരം, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിർത്തി തീർക്കുന്നു. അതിമനോഹരമായ കായലുകൾ, ശുദ്ധജല തടാകങ്ങൾ, നദികൾ എന്നിവ നിറഞ്ഞ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കേരളം. മാനവ വികസന സൂചികകളിൽ ഉയർന്ന റാങ്കിംഗിനും പേരുകേട്ട സംസ്ഥാനമാണ് കേരളം. 2018 ൽ UNDP (യൂണൈറ്റഡ് നാഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാം) യുടെ മാനവ വികസന സൂചിക സംബന്ധിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വച്ച് കേരളം ഒന്നാം സ്ഥാനം നേടി. അതിനാൽ തന്നെ, 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന വിശേഷണത്തിന് തീർത്തും അർഹമാണ് കേരളം. അതുപോലെ തന്നെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രവാസികൾ സ്ഥിരതാമസമാക്കിയിട്ടുള്ള സംസ്ഥാനമായും കേരളം അറിയപ്പെടുന്നു. സാക്ഷരതയിൽ ഉന്നത നിലവാരം കാത്തു സൂക്ഷിക്കുന്നതിനൊപ്പം, പൗരൻമാർക്കിടയിൽ ഉയർന്ന സേവനവിതരണ നിലവാരത്തെക്കുറിച്ചുള്ള ന്യായമായ പ്രതീക്ഷകളും, സംസ്ഥാന ഭരണകൂടത്തിനും നിയമനിർവ്വഹണ ഏജൻസികൾക്കും പുത്തൻ വെല്ലുവിളികൾ ഉയർത്തുന്നു.