SPMS &ndash ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം

https://sabarimalaonline.org

വർഷം തോറും വർദ്ധിച്ചുവരുന്ന ഭക്തരുടെ എണ്ണം കണക്കിലെടുത്താൽ കേരളത്തിൽ ഏറ്റവുമധികം സന്ദർശകർ ഉള്ള തീർത്ഥാടന കേന്ദ്രമാണ് ശബരിമല. എല്ലാവർഷവും നവംബർ മുതൽ ജനുവരി വരെയുള്ള തീർത്ഥാടനകാലത്ത് ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിച്ച് തീർത്ഥാടനം സുഗമമാക്കുവാൻ കേരളാ പോലീസ് വിവിധ സേവനപദ്ധതികൾ അവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.

ശബരിമലയിലെ വർദ്ധിച്ചു വരുന്ന ഭക്തജനത്തിരക്ക് നിയന്ത്രിച്ച് സുഗമമായ ഒരു തീർത്ഥാടനം സാധ്യമാക്കുന്നതിനായി 2019 ലാണ് SPMS (ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം) എന്ന പേരിൽ അതിനൂതനമായ ഡിജിറ്റൽ സംരംഭം കേരളാ പോലീസ് ആവിഷ്ക്കരിച്ചിട്ടുള്ളത്.

പശ്ചാത്തലം

 • വിർച്വൽ ക്യൂ സമ്പ്രദായം (2011-2018)

  2011- 12 തീർത്ഥാടനകാലത്ത് ശബരിമലയിലെ ഭക്തജനങ്ങളുടെ ക്യൂ നിയന്ത്രിക്കുവാനും ഏകോപിപ്പിക്കുവാനുമായാണ്, കേരള പോലീസ് 'ശബരിമല വിർച്വൽ ക്യൂ സിസ്റ്റം' എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്.

  ശബരിമല തീർത്ഥാടനകാലത്ത് വിർച്വൽക്യൂ വിൽ തങ്ങളുടെ സ്ഥാനം, നിശ്ചിത ദിവസത്ത് നിർദ്ദിഷ്ട മണിക്കൂറിൽ മുൻകൂട്ടി റിസർവ്വ് ചെയ്യുവാൻ ഈ പോർട്ടൽ (www.sabarimala.com) തീർത്ഥാടകരെ സഹായിക്കുന്നു. ആദ്യം വരുന്നയാൾക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സേവനം ലഭ്യമാകുക. ഈ വെബ് പോർട്ടൽ മുഖേന തീർത്ഥാടകർക്ക്, വിർച്വൽ ക്യൂവിലെ ലഭ്യത അനുസരിച്ച് തീയതിയും സമയവും തെരഞ്ഞെടുക്കാവുന്നതാണ്. ഈ വെബ്പോർട്ടൽ നിലവിൽ വന്നതു മുതൽ ഭക്തർക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാതെ തന്നെ ദർശനം നാധ്യമാകുന്നതിന് ഒരു മാർഗ്ഗം എന്ന നിലയ്ക്ക് ഈ പദ്ധതി വളരെയധികം ജനപ്രീതി ആർജ്ജിക്കുകയും ചെയ്തു.

 • ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം (SPMS)

  05/09/2019 ൽ നടന്ന അവലോകന യോഗത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പോലീസ് വകുപ്പിന്റെ വിർച്വൽ ക്യൂ പദ്ധതി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സേവനങ്ങൾ, KSRTC യുടെ ഗതാഗത സർവ്വീസ് തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയം ഉന്നയിക്കുകയുണ്ടായി. ഓൺലൈൻ സേവനങ്ങൾക്കായി വിവിധ വെബ് പേജുകൾ സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് തീർത്ഥാടകരെ സഹായിക്കുന്നു. കൂടാതെ ശബരിമല ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരെ ഡിജിറ്റൈസ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്ക്കരിക്കുവാനും, സന്നിധാനത്തെ വൻ ജനത്തിരക്കും, ദുസ്സഹമായ ക്യൂകളും ഒഴിവാക്കുവാനും ഒരു നിശ്ചിത മണിക്കൂറിൽ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കുവാനും പദ്ധതികൾ ആവിഷ്ക്കരിക്കുവാൻ തീരുമാനം എടുക്കുകയുണ്ടായി.

  അപ്രകാരം, ശബരിമലയ്ക്ക് മാത്രമായി SPMS (Sabarimala Pilgrim Management System) എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനായി ഹൈദരാബാദിലെ TCS ന്റെ സേവനം തേടുകയും ചെയ്തു. TCS ന് പിന്തുണ നൽകുന്നതിനും, ഡൊമെയ്ൻ അറിവു നൽകുന്നതിനുമായി കേരള പോലീസിന്റെ വിവരസാങ്കേതിക വിദ്യാ വിഭാഗ (Information and Communication Technology) ത്തിൽ നിന്നും, ടെക്നിക്കൽ ടീമിന് രൂപം നൽകി. TCS ന് ഡൊമെയ്ൻ അറിവ് നൽകുന്നതിനായി ദേവസ്വം ബോർഡും, KSRTC യും, നോഡൽ ഓഫീസർമാരെയും, ടീമുകളെയും തെരഞ്ഞെടുക്കുകയുണ്ടായി. അപ്രകാരം www.sabarimalaonline.org എന്ന പേരിൽ ഡൊമൈൻ രജിസ്റ്റർ ചെയ്യുകയും, 2019 ഒക്ടോബർ 28 ന് ബഹു.മുഖ്യമന്ത്രി ഈ പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

പ്രവർത്തനഗതി

 • KSRTC സർവ്വീസുകൾ

  ശബരിമല പോർട്ടലിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന ദീർഘദൂര KSRTC ബസുകൾക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും KSRTC ബുക്കിംഗുകൾ കൂടി സംയോജിപ്പിച്ചു കഴിഞ്ഞാൽ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും, ഒരൊറ്റ log-in കൊണ്ട് സാധ്യമാകുന്നതാണ്.

 • സഹായതാ കേന്ദ്രങ്ങൾ (Facilitation Centres)

  മുൻകൂട്ടി ബുക്ക് ചെയ്യുവാൻ കഴിയാതിരുന്ന തീർത്ഥാടകർക്കായി എരുമേലി, കുമളി , പത്തനംതിട്ട ബസ് സ്റ്റാന്റ്, വടശേരിക്കര എന്നീ സ്ഥലങ്ങളിൽ സഹായതാ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. 2019-20 ഉത്സവകാലത്ത് 51,415 തീർത്ഥാടകർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 • തിരുവിതാംകൂർ ദേവസ്വം ബോർഡ് സേവനങ്ങൾ

  ഈ ഉൽസവകാലത്ത് SPMS ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ചില സേവനങ്ങൾ ലഭ്യമാണ്. അപ്പം, അരവണ ബുക്കിംഗ്, മഞ്ഞൾ, കുങ്കുമം, വിഭൂതി എന്നിവയ്ക്കായുള്ള ബുക്കിംഗ് എന്നിവ SPMS പോർട്ടലിൽ ഓൺലൈനായി ചെയ്യാവുന്നതാണ്.

 • ക്യൂ സേവനങ്ങൾ

  2019 ഒക്ടോബറിൽ ഓൺലൈൻ പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങി. സന്നിധാനത്തേക്ക് ഒരു തീർത്ഥാടകന് അതിവേഗം പ്രവേശനം സാധ്യമാക്കുന്ന വിർച്വൽ ക്യൂ സമ്പ്രദായത്തിൽ ആദ്യം എത്തുന്നയാൾക്ക് ആദ്യം എന്ന തത്വത്തിന്റെഅടിസ്ഥാനത്തിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഓൺലൈൻ ബുക്കിംഗ് മുഖേന 54 ദിവസങ്ങളിലായി ദിവസവും 15 വ്യത്യസ്ത സമയക്രമങ്ങളിലായി 16.5 ലക്ഷം വിർച്വൽ ക്യൂ ടിക്കറ്റുകൾ ഭക്തർക്കായി അനുവദിക്കുകയുണ്ടായി. ഈ സേവനം ലഭിക്കുന്നതിനായി ഭക്തർ, ഓൺലൈൻ പോർട്ടലിൽ തങ്ങളുടെ പേര്, വയസ്സ്, വിലാസം, ബന്ധപ്പെടേണ്ട ഫോൺനമ്പർ, ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ മുതലായ വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. ബുക്കിംഗ് വിജയകരമായി പൂർത്തിയാക്കികഴിഞ്ഞാൽ, രജിസ്റ്റർ ചെയ്യുന്ന ആളിന്റെ നമ്പറിലേക്ക് ഒരു SMS ലഭിക്കുന്നതായിരിക്കും. തുടർന്ന് അയ്യപ്പദർശനത്തിനായി തീയതിയും സമയവും കാണിക്കുന്നു. ബാർകോഡ് രേഖപ്പെടുത്തിയ e-ടിക്കറ്റുകൾ ഭക്തർക്ക് ഡൗൺലോഡ് ചെയ്യത് പ്രിന്റ് എടുക്കാവുന്നതാണ്. തീർത്ഥാടനത്തിനു പുറപ്പെടുന്ന ഭക്തർ e-ടിക്കറ്റും. രജിസ്ട്രേഷനു വേണ്ടി ഉപയോഗിച്ച ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കൈയ്യിൽ കരുതേണ്ടതാണ്. ഈ പോർട്ടലിൽ ഗ്രൂപ്പ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാണ്. ഈ വിർച്വൽ ക്യൂ സേവനങ്ങൾ പരിപൂർണ്ണവും ഭക്തർക്ക് തികച്ചും സൗജന്യമായി നൽകുന്നതുമാണ്. e-ടിക്കറ്റും, രജിസ്റ്റർ ചെയ്ത തിരിച്ചറിയൽ കാർഡും, പമ്പയിലെ വെരിഫിക്കേഷൻ കൗണ്ടറിൽ ഏൽപ്പിക്കേണ്ടതാണ്. ഇവിടെ നിന്നും 'എൻട്രി കാർഡുകൾ' നൽകുന്നതാണ്.

ഈ പദ്ധതിയുടെ നേട്ടങ്ങൾ/ഗുണഫലങ്ങൾ

 • ദർശനത്തിനായി മുൻഗണന തീരുമാനിക്കുവാൻ തീർത്ഥാടകർക്ക് സാധിക്കുന്നു. കൂടാതെ സൗകര്യപ്രദമായ സമയത്ത് ദർശനത്തിനായുള്ള സ്ലോട്ട് ലഭിക്കുവാനും ഇതുമൂലം കഴിയുന്നു.
 • ശബരിമല ദർശനത്തിനായി തീർത്ഥാടകർ നേരിട്ടുവന്ന അനിശ്ചിതത്വം ഒഴിവാക്കാനായി. കൂടാതെ കിലോമീറ്ററുകൾ നീണ്ട ക്യൂകളും ഒഴിവാക്കുവാൻ കഴിഞ്ഞു.
 • ഈ മുൻഗണനാ സംവിധാനം മുഖേന ശബരിമലയിലെ ജനത്തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിച്ചു. വിർച്വൽ ക്യൂ വഴി ഏകദേശം 20% ത്തോളം ജനത്തിരക്ക് തുല്യമായി വിതരണം ചെയ്യുവാനും, അതുവഴി, ശരംകുത്തി വഴിയുള്ള പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടകരുടെ ശരാശരി കാത്തിരിപ്പ് സമയം കുറയ്ക്കുവാനും കഴിഞ്ഞു.
 • ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഒന്നിലധികം സേവനങ്ങൾ ലഭ്യമാക്കി.
 • 14,95,718 തീർത്ഥാടകരുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാ ബേസ് നിർമ്മിക്കുവാൻ സാധിച്ചു. ഇത് അപഗ്രഥന ആവശ്യത്തിനായി ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഭാവിയിൽ കൃത്രിമ ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് മോഷ്ടാക്കൾ, തീവ്രവാദശക്തികൾ എന്നിവരെ തിരിച്ചറിയുന്നതിനും പൊതു ജീവിതത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇത്തരക്കാരെ പെട്ടെന്ന് പിടികൂടുവാനും ഇത് സഹായകമാകും.
 • ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ നടന്നുകഴിഞ്ഞാൽ അന്വേഷണത്തിനും/തെളിവ് ശേഖരണത്തിനും സഹായിക്കുന്നു.
 • വിവരാപഗ്രഥനത്തിനായി ഇതര സ്ഥിതിവിവരണക്കണക്ക് ലഭ്യമാകുകയും, ആയത് സേവനവിതരണം മെച്ചപ്പെടുത്തുവാൻ സഹായകരമാകുകയും ചെയ്യുന്നു.
Last updated on Monday 3rd of April 2023 AM