കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സെന്റർ(CCSE)

2019, 'സൈബർ സുരക്ഷാ വർഷം' ആയാണ് കേരള പോലീസ് ആചരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ, കുട്ടികളുടെ അശ്ലീല ഉള്ളടക്ക പ്രചാരണം എന്നിവയ്ക്കെതിരെ 'സീറോ ടോളറൻസ്' നയമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. കുട്ടികൾക്കെതിരെയുണ്ടാകുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് കേരളാ പോലീസിന്റെ 'സൈബർ ഡോം' ന്റെ ഭാഗമായി ഒരു CCSE സെന്ററിന് സംസ്ഥാന പോലീസ് മേധാവി രൂപം നൽകുകയുണ്ടായി. അതിദ്രുതം വളരുകയും, മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത്, നിയമനിർവ്വഹണ ഏജൻസികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന മേഖലയാണ് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണവും, കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കലും.

കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂക്ഷണം, അശ്ലീലചിത്ര പ്രദർശനം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക യൂണിറ്റാണ് CCSE (കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സപ്ലോയിറ്റേഷൻ). ഈ യൂണിറ്റ് ഇന്റർപോളിന്റെ ICMECC (Interpol crimes against children and the International Centre for Missing and Exploited Children (ICMEC) യുമായി ചേർന്ന് പ്രവർത്തിക്കുന്നു. കേരള പോലീസ് ഇത്തരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഇന്റർപോൾ സോഫ്റ്റ് വെയർ ആണ് ഉപയോഗിക്കുന്നത്. മറ്റുള്ളവർക്ക് കണ്ടെത്താൻ സാധിക്കാത്ത ഒരു എൻക്രിപ്റ്റഡ് മാധ്യമം ഉപയോഗിക്കുമ്പോൾ പോലും, ശരിയായ IP വിലാസം കണ്ടെത്താൻ ഈ സോഫ്റ്റ് വെയർ സഹായിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി, കേരളത്തിൽ വർദ്ധിച്ചു വരുന്ന കുട്ടികളുടെ അശ്ലീലഉള്ളടക്ക പ്രചരണം സംബന്ധിച്ച് ഇന്റർപോൾ പോലീസിന് അറിവ് നൽകിവരുന്നു. ഇത്തരം ചിത്രങ്ങളിലും, വീഡിയോകളിലും പശ്ചാത്തലത്തിൽ കാണുന്ന മലയാളം കലണ്ടറുകൾ, ദിനപ്പത്രങ്ങൾ എന്നിവയിൽ നിന്നുമാണ് ഇത് തിരിച്ചറിയപ്പെടുന്നത്.

കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നവരെ (പീഡോഫൈൽസ്) കണ്ടെത്തുന്നതിനുള്ള മികവിന്റെ കേന്ദ്രമായും, കാര്യക്ഷമമായ പോലീസിംഗ് സാധ്യമാകുന്നതിന് സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അതുവഴി, കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനുമുള്ള പ്രത്യക കേന്ദ്രം എന്ന നിലയ്ക്കാണ് CCSE വിഭാവനം ചെയ്തിട്ടുള്ളത്. സൈബർ ഇന്റലിജൻസ്, സൈബർ സുരക്ഷ, സംഭവങ്ങളോടുള്ള ഉടൻ പ്രതികരണം, ഡാർക്ക്നൈറ്റ് / VPN നിരീക്ഷണം എന്നിവയാണ് CCSE സെന്ററിന്റെ പ്രധാന കർത്തവ്യങ്ങൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്കീം വോളന്റീയർമാർ, കോളേജ് വിദ്യാർത്ഥികൾ, പൗരസമിതികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്കായി സൈബർ ബോധവൽക്കരണ ക്ലാസ്സുകൾ/പദ്ധതികൾ എന്നിവയും ഇവിടെ സംഘടിപ്പിക്കുന്നു.

ഈ ഉദ്യമത്തിന്റെ ലക്ഷ്യവും പ്രാധാന്യവും

ലൈംഗീക താത്പര്യത്തോടെ കുട്ടികളെ ചൂക്ഷണം ചെയ്ത്, അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതാണ് ചൈൽഡ് പോണോഗ്രാഫി എന്നറിയപ്പടുന്നത്. കുട്ടിയെ നേരിട്ടോ അല്ലാതെയോ ഉൾപ്പെടുത്തിക്കൊണ്ട്, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളോ, വീഡിയോകളോ, ലൈംഗീക സംതൃപ്തി കൈവരിക്കുന്നതിനായി ചീത്രീകരിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ലൈംഗീക പ്രവൃത്തികളിൽ കുട്ടികളെ പങ്കെടുപ്പിക്കുക, സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രീതിയിൽ ചിത്രങ്ങൾ, വീഡിയോ എന്നിവ എടുക്കുക എന്നിവയാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവ മുഖേനെയോ, എഴുത്തുകൾ, മാസികകൾ, ഫോട്ടോകൾ, ശിൽപ്പങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ, പെയിന്റിംഗ്, അനിമേഷൻ, ശബ്ദ ചിത്രീകരണം, സിനിമ, വീഡിയോ, വീഡിയോ ഗെയിമുകൾ തുടങ്ങി നിരവധി മാധ്യമങ്ങൾ മുഖേന ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.

ഇന്റനെറ്റിന്റെ പ്രചാരവും, സാങ്കേതിക വിദ്യയുടെ മുന്നേറ്റവും, ചൈൽഡ് പോണോഗ്രാഫി മാർക്കറ്റിന്റെ വളർച്ചയുമായി സമാന്തരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റ്, സമൂഹ മാധ്യമ വെബ്സൈറ്റുകൾ, ഫയൽ ഷെയറിംഗ് സൈറ്റുകൾ, ഫോട്ടോ ഷെയറിംഗ് സൈറ്റുകൾ, ഗെയിമിംഗ് ഉപകരണങ്ങൾ, എന്തിന് മൊബൈൽ ആപ്പുകൾ വഴിപോലും ചൈൽഡ് പോണോഗ്രാഫി ലഭ്യമാണ്. കുട്ടികളോട് ലൈംഗീക താത്പര്യം പുലർത്തുന്ന ഇത്തരക്കാർക്ക് സമാനമനസ്ക്കരുമായി ഇന്റർനെറ്റ് മുഖേന ബന്ധപ്പെട്ട്, തങ്ങളുടെ താത്പര്യങ്ങൾ, അഭിരുചികൾ, കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുള്ള അനുഭവങ്ങൾ എന്നിവ പങ്ക് വെയ്ക്കുന്നത് മുതൽ, അത്തരം കാര്യങ്ങൾ വിൽക്കുക, പങ്കുവയ്ക്കുക, ദൃശ്യങ്ങൾ വിൽക്കുക എന്നിവയിലേക്ക് വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു.

ഓൺലൈനിൽ നടക്കുന്ന കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ ചെറുക്കുന്നതിനായി ഇന്റർപോൾ (ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ) കേരള പോലീസിന്റെ ഒരു യൂണിറ്റുമായി ചേർന്ന്, സംസ്ഥാന പോലീസിന് കാര്യക്ഷമതാ നിർമ്മാണത്തിന് ആവശ്യമായ പരിശീലനം നൽകുന്നു. 'International centre for Missing and Exploited Children' സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ ആയ Guillermo Galarza, ക്വീൻസ് ലാന്റ് പോലീസിലെ സീനിയർ ഡിറ്റക്ടീവ് ആയ John Rouse എന്നിവർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന സൈബർഡോം സന്ദർശിക്കുകയും, പരിശീലനം നൽകുകയും ചെയ്തു. ഇതിനെതുടർന്ന് കുട്ടികൾക്കെതിരെയുള്ള ഓണലൈൻ ദുരുപയോഗം ചെറുക്കുന്നതിനായി കേരളാ പോലീസിൽ ഒരു പ്രത്യേക വിഭാഗത്തിന് രൂപം നൽകി. സംസ്ഥാന പോലീസിലെ ഈ വിഭാഗത്തിന് കാര്യക്ഷമതാ പരിപോഷിപ്പിക്കുക, കൂടാതെ ഓൺലൈൻ ലൈംഗീക അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വിഭവങ്ങൾ ആർജ്ജിക്കാൻ സംസ്ഥാന യൂണിറ്റിനെ സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി, ഇന്റർപോൾ സംഘം തുടർന്നും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

അവലംബിച്ചിട്ടുള്ള നൂതന മാർഗ്ഗങ്ങൾ/പരിണാമരീതിയും,വിവിധ സഹകാരി ഏജൻസികളുടെ പങ്കും

CCSE (Counter Child Sexual Exploitation) സംബന്ധിച്ച് ICME (International Centre for Missing and Exploited Children) കേരള പോലീസിനായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. വകുപ്പിനുള്ളിലെ തന്നെ വിവിധ ഉദ്യോഗസ്ഥർക്ക്, ICMEC, ഇന്റർപോൾ, സി.ബി.ഐ തുടങ്ങിയ ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹകരണത്തോടെ രഹസ്യവിവര ശേഖരണത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ/ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് പരിശീലനം നൽകി വരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിനായി ഡാർക്ക് വെബ് രഹസ്യ നിരീക്ഷണത്തിനുള്ള പ്രത്യേക പരിശീലനവും, ഈ ഉദ്യോഗസ്ഥർക്ക് നൽകുന്നു. ഇന്റർപോൾ നൽകുന്ന പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുക, ആയത് കാണുകയും, ഡൗൺലോഡ് ചെയ്യുകയും ചെയ്യുക എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ IP വിലാസം ട്രെയ്സ് ചെയ്യുവാൻ CCSE സെന്ററിന് സാധിച്ചിട്ടുണ്ട്.

ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആയത് റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ പോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം "www.cybercrime.gov.in' എന്ന പോർട്ടൽ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, കുട്ടികൾക്കെതിരെയുള്ള ലൈംഗീക അക്രമം സംബന്ധിച്ച ഓൺലൈൻ റിപ്പോർട്ടുകൾ നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ മുഖേന ആയത് അവലോകനം നടത്തുന്നതിനായി CCSE സെന്ററിലേക്ക് അയച്ചു നൽകുന്നു. പീഡോഫയലുകൾ (ബാലപീഡകർ) വിവിധ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഇത്തരം ഉള്ളടക്കങ്ങൾ (CSAM) ആണ് ഓൺലൈൻ റിപ്പോർട്ടുകൾ.

സൈബർ ഇടങ്ങളിൽ നിന്നും ഇത് സംബന്ധിച്ച രഹസ്യവിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി, CCSE സെന്റർ വിവിധ സമൂഹ മാധ്യമങ്ങൾ, VPN കൾ, ഡാർക്ക് നെറ്റ് എന്നിവിടങ്ങളിൽ പതിവായി ഓൺലൈൻ പട്രോളിംഗ് നടത്തുന്നു. ഇത് പ്രകാരം, വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുടെയും, പോർട്ടലുകളുടെയും സുഗമമായ ലഭ്യത മൂലം, ചൈൽഡ് പോണോഗ്രാഫി (CP) പതിൻമടങ്ങായി വർദ്ധിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുറ്റവാളികളുടെ യഥാർത്ഥ വിവരങ്ങൾ അജ്ഞാതമായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രശ്നത്തിന്റെ ഗൗരവവും, പ്രാധാന്യവും കണക്കിലെടുത്ത് സൈബർ ഡോം ന്റെ CCSE സെന്റർ സമൂഹത്തിന് ഗുരുതരമായ ഭീക്ഷണി ഉയർത്തുന്ന ഈ കുറ്റകൃത്യത്തെ ഫലപ്രദമായി ചെറുക്കുവാനും, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുമായി P &ndash ഹണ്ട് എന്ന പേരിൽ ഒരു രഹസ്യ ഓൺലൈൻ വേട്ട നടത്തുകയുണ്ടായി.

നമ്മുടെ വിശകലനമനുസരിച്ച്, ഇന്റർനെറ്റിലൂടെ പ്രധാനമായും ഡാർക്ക്നെറ്റ്, സമൂഹമാധ്യമങ്ങൾ, VPN ഫയൽ ഷെയറിംഗ്/ക്ലൗഡ് ആപ്ലിക്കേഷനുകളായ Mega, Drop Box, Omegle chat, CHATZY മുതലായവയിലൂടെയുമാണ് കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിക്കപ്പെടുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ടെലഗ്രാം ഗ്രൂപ്പുകൾ/ചാനലുകൾ, വാട്ട്സ്ആപ്പ്/ഗ്രൂപ്പുകൾ/ചാനലുകൾ എന്നിവ കൂടാതെ അന്താരാഷ്ട്ര ഡാറ്റാ ബേസിൽ നിന്നും നമ്പറുകൾ കണ്ടെത്തുവാനും, സംശയം തോന്നുന്നവരിലേക്ക് കൃത്യമായി കേന്ദ്രീകരിക്കുവാനും, അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ട്രെയ്സ് ചെയ്യുവാൻ വരെയും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സംഘം, ഇന്റർപോളിന്റെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുമായും, ICMEC (International Centre for Missing and Exploited children) മായും, സഹകരിച്ചാണ് പ്രവത്തിക്കുന്നത്. കൂടാതെ ഇത്തരം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നിരന്തരം നിരീക്ഷിക്കപ്പെടുകയും, കുട്ടികളുടെ ലൈംഗീക അതിക്രമ ഉള്ളടക്കങ്ങൾ കാണുകയും, പങ്കുവയ്ക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് സംശയിക്കുന്നവരെ ട്രാക്ക് ചെയ്യുകയും ചെയ്യുന്നു.

നാളിതുവരെയായി CCSE സംഘം 14 ജില്ലകളിലുമായി ഒരു ഓപ്പറേഷൻ പരമ്പര തന്നെ നടത്തുകയും 210 പരിശോധനകൾ നടന്നതിൽ, 38 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 42 പേരെ തെളിവുകളുൾപ്പെടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അനന്തര ഫലങ്ങൾ, ഈ പദ്ധതിയുടെ ഗുണഫലങ്ങൾ/സ്വാധീനം

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും, വീഡിയോകളും, വലിയതോതിൽ പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങൾ മുഖേനയാണെന്ന് മനസ്സിലാക്കി, CCSE യൂണിറ്റ് ഓപ്പറേഷൻ P-Hunt എന്ന പേരിൽ സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തുകയുണ്ടായി. ഇത് സംബന്ധിച്ച് INTERPOL യും ICMEC യും ആവശ്യമായ ഡിജിറ്റൽ അക്സസും, ഉപായങ്ങളും നൽകുകയും, കുട്ടികളുടെ ലൈംഗിക ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സംശയാസ്പദമായി കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, പ്രത്യേകിച്ച് ടെലഗ്രാം എന്നിങ്ങനെയുള്ള സമൂഹമാധ്യമ ആപ്ലിക്കേഷനുകളിലൂടെ കുട്ടികളുടെ ലൈംഗീകദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, വീക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘം തന്നെയുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മാത്രമല്ല ഇത്തരം ആപ്ലിക്കേഷനുകൾ ശക്തമായ എൻക്രിപ്ഷനാൽ സംരക്ഷിക്കപ്പെടുകയും, ഉപയോഗിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിനകത്തു തന്നെ നിരവധി ആളുകൾ ഇന്റർനെറ്റിൽ കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങൾ, തിരയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി, ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും വൻതോതിൽ കുട്ടികളുടെ ലൈംഗീകത പ്രചരിപ്പിക്കുകയും, തിരയുകയും ചെയ്തിരുന്ന 126 ആൾക്കാരെ തിരിച്ചറിയുവാനും സാധിച്ചിട്ടുണ്ട്. ഓപ്പറേഷൻ P - ഹണ്ടിനുശേഷം ഈ ഗ്രൂപ്പിന്റെ അംഗസംഖ്യ 2 ലക്ഷത്തിൽ നിന്നും 5000 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ ശേഷം ഒട്ടനവധി ആൾക്കാർ ഈ ഗ്രൂപ്പുകളിൽ നിന്നും പുറത്തായിട്ടുണ്ട്.

ഇത്തരം ഗ്രൂപ്പുകളിൽ, പ്രത്യേകിച്ച് ടെലഗ്രാമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആൾക്കാർ ഒന്നിച്ചു ചേരുകയും, ഇത് 'encryption' വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെ തിരിച്ചറിയുന്നതിനായി CCSE ടീം പ്രത്യേക സോഫ്റ്റ് വെയറും, സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങളും ഉപയോഗിക്കുന്നു.

ഇത്തരത്തിൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാകുന്നവരുടെ ഇരകളായി തീരുന്നത് അധികവും 6 വയസ്സു മുതൽ മുകളിലേക്ക് പ്രായമുള്ള കുട്ടികളാണ്. കുട്ടികളുടെ നിഷ്കളങ്കതയാണ് ഇത്തരം പീഡോഫൈലുകൾ ചൂഷണം ചെയ്യുന്നത്. തങ്ങൾ ചൂഷണം ചെയ്യുന്ന ഇരയുടെ പ്രായം, ലിംഗഭേദം ഒന്നും തന്നെ ഇത്തരം കുറ്റവാളികൾ പരിഗണിക്കാറില്ല. എന്നിരുന്നാലും, കേരളത്തിൽ, പെൺകുട്ടികൾ തന്നെയാണ് അപായത്തിൽ പെടാൻ സാധ്യത കൂടുതൽ. എന്നാൽ ആൺകുട്ടികളും, ഇതിൽ നിന്നും പൂർണ്ണമായും സുരക്ഷിതരല്ല. ഇത്തരം കേസുകളുടെ അന്വേഷണവും വളരെ പ്രയാസകരം തന്നെയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇരകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുവാനോ, പങ്കുവയ്ക്കാനോ സാധ്യമല്ല. ഈ ചിത്രങ്ങൾ കാണിച്ചുകൊടുത്തോ, ഇരയുടെ വിവരങ്ങൾ പറഞ്ഞുകൊടുത്തോ ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുവാൻ സാധിക്കുകയില്ല, ലൈംഗീകവെബ്സൈറ്റുകളിൽ എത്തിപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കണ്ടെത്തുന്ന കാര്യം പ്രയാസമാണ്. ഇത്തരം ചിത്രങ്ങൾ മിക്കവയും കുട്ടികളുടെ അനുവാദമില്ലാതെ ചിത്രീകരിച്ചവയാകും. ചിലപ്പോൾ ഇത്തരം ചിത്രങ്ങളിൽ അവർ ചൂഷണം ചെയ്യപ്പെടുന്നതായും ഉണ്ടാകും.

കേരളത്തിൽ കുട്ടികളുടെ ലൈംഗിക ദുരുപയോഗം ആഴത്തിൽ വേരിറക്കിക്കഴിഞ്ഞ സാഹചര്യമാണ് ഇന്ന് നാം കാണുന്നത്. തുടക്കത്തിൽ പോലീസ് തങ്ങൾ ഇറങ്ങിച്ചെല്ലുന്ന ഇരുണ്ട ലോകത്തെകുറിച്ച് തീർത്തും അജ്ഞരായിരുന്നു. എന്നാൽ സൈബർഡോമിന്റെ CCSE യുടെ ഇടപെടലുകളും, P &ndash ഹണ്ട് എന്ന പേരിലുള്ള ഓൺലൈൻ റെയ്ഡും, സാഹചര്യം ഏറെക്കുറെ മാറ്റിമറിച്ചു. അജ്ഞാതരായിരുന്ന് ഇത്തരം കാര്യങ്ങളിൽ ഏർപ്പെട്ടാലും, തങ്ങൾ തിരിച്ചറിയപ്പെടും എന്നും, അറസ്റ്റ് ചെയ്യപ്പെടും എന്നുമുള്ള ഭയം സൃഷ്ടിക്കുവാൻ പോലീസിന്റെ ഇത്തരം പദ്ധതികൾ വഴിതെളിച്ചു. ഈ പദ്ധതിയുടെ വിജയത്തിനുശേഷം, കുട്ടികളിലെ ലൈംഗീക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകൾ/ഗ്രൂപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കാണാൻ കഴിയുന്നത്.

ഈ വിപത്തിനെ ചെറുക്കുന്നതിന് അശ്രാന്ത പരിശ്രമത്തിലാണ് കേരള പോലീസ്. കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ 'Zero Tolerance' നയമാണ് നാം കൈക്കൊണ്ടിട്ടുള്ളത്. ഓൺലൈനിലൂടെ കുട്ടികളുടെ ലൈംഗീക ഉള്ളടക്കങ്ങൾ, തിരയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് ICMEC യുടെ അംഗീകാരം ലഭിക്കുകയുണ്ടായി.

CCSE Centre,
Peroorkada,(Nr SAP Bn)
Thiruvananthapuram, 695015

Phone : 0471 2314440
Email: adgphq.pol@kerala.gov.in

Last updated on Tuesday 7th of December 2021 PM