കേരളാ പോലീസിനെ കുറിച്ച്

Kerala State Police

കേരളസംസ്ഥാനത്തെ പ്രധാനപ്പെട്ട നിയമ നിർവഹണ വകുപ്പ് ആണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ആണ്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനാ എന്ന ഖ്യാതി കേരളാ പോലീസിന് സ്വന്തമാണ്. ക്രമസമാധാന പാലനത്തിൽ മുൻ നിരയിൽയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളാ പോലീസ്. നിയമ സംഹിതയിലൂടെ കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം നടപ്പിലാക്കിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ ജനസൗഹൃദ പോലീസ് സംവിധാനം ജനമൈത്രി എന്ന പേരിൽ അറിയപെടുന്നു. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപെടുന്നത് കേരള സംസ്ഥാനത്തിൽ ആണ്. ഈ കാര്യത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയാണ്. ഭരണകൂടത്തിന്റെ സമാധാനപരമായ പ്രതിച്ഛായയുടെ വീക്ഷണകോണിലൂടെയാണ് ഇതിനെ കാണേണ്ടത്. പോലീസിന് നേരിട്ട് പ്രഥമവിവരറിപ്പോർട്ട് രജിസ്റ്റർ ചെയ്യാവുന്ന കുറ്റകൃത്യങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യുന്നതിലും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നിയമപരമായി കൈകാര്യം ചെയ്യുന്നതിലും സംസ്ഥാനം സ്വീകരിച്ച നല്ല പരിശീലനത്തിന്റെ പ്രതിഫലനമാണിത്.

രാജ്യത്തെ നിരവധി പോലീസ് പരിഷ്കാരങ്ങളുടെയും നൂതന പദ്ധതികളുടെയും ഉറവിടമാണ് കേരള പോലീസ്. 2011ൽ നടപ്പിലാക്കിയ പുതിയ കേരള പോലീസ് ആക്ട് രാജ്യത്തെ മറ്റ് സംസ്ഥാന പോലീസ് സേനകൾക്കും അവരുടെ പ്രാദേശിക പോലീസ് നിയമങ്ങൾ തയ്യാറാക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ  ഉപയോഗിച്ച് വരുന്നു. നൂതന ആശയങ്ങളായ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ്, പോലീസ് പരാതി പരിഹാര അതോറിറ്റി, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ, പോലീസ് വെൽഫയർ ബ്യൂറോ, കമ്മ്യൂണിറ്റി പൊലീസിങ് തുടങ്ങിയവ കേരളാ പോലീസ് ആക്ട് പ്രകാരം രൂപീകരിച്ചു. കൗമാരക്കാരിലെ വ്യതിചലന സ്വഭാവത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിനും യുവാക്കൾക്കിടയിൽ നല്ല പൗരത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2008-2010 കാലയളവിൽ കേരള സംസ്ഥാനത്ത് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയെ ദേശിയ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിൽ വരുത്തി. അതുപോലെ തന്നെ സൈബർ രംഗത്തെ കേരളപോലിസിന്റെ സംഭാവനകളായ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന സൈബർ ഡോം, സൈബർ സുരക്ഷയെക്കുറിച്ചുള്ള രാജ്യാന്തര വാർഷിക സമ്മേളനം ആയ കൊക്കൂൺ എന്നിവ സമൂഹഹൃദയത്തിൽ ഹൃദ്യമായ സ്ഥാനം നേടാൻ സഹായകമായി.

കേരള സമൂഹത്തിലെ ഉയർന്ന സാക്ഷരതാ നിലവാരം പോലീസ് ഉദ്യോഗസ്ഥരുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിലും പ്രതിഫലിക്കുന്നു. പൗരന്മാരുമായി ഇടപഴകുന്നതിലെ അവരുടെ വൈദഗ്ധ്യം, മാന്യമായ വസ്ത്രധാരണം, നൈപുണ്യ നിലവാരം എന്നിവ അവരുടെ വിദ്യാഭ്യാസ നിലവാരത്തെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കർശന മത്സരപരീക്ഷയിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഇത് കേരള സമൂഹത്തിന്റെ സുതാര്യതയെയും ന്യായബോധത്തെയും പ്രതിനിധാനം ചെയ്യുന്നു. പുതുതായി നിയമനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആധുനിക പോലീസ് വിഷയങ്ങളിൽ പരിശീലനം നൽകുകയും കേരള പോലീസിന്റെ പ്രമാണസൂക്തം അനുസരിച്ച് ജീവിക്കാൻ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

Last updated on Thursday 18th of May 2023 AM