ജനമൈത്രി സുരക്ഷ


കമ്മ്യൂണിറ്റി പോലീസ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് ഒരു പുതിയ പോലീസ് വിഭാഗത്തിനെയോ അല്ലെങ്കിൽ  പോലീസ് ജോലി സ്വയം ഏറ്റെടുത്തു ചെയ്യുന്ന ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെയോ അല്ല. മറിച്ച് പരമ്പരാഗതമായി പിന്തുടർന്നു വന്നിരുന്ന ശൈലിയിൽനിന്നും തീർത്തും വ്യത്യസ്തമായി പോലീസ് വിഭാഗത്തിലെതന്നെ അംഗങ്ങൾ ആവിഷ്കരിച്ചിട്ടുളള ഒരു പുതിയ പോലീസിംഗ്  സംവിധാനമാണ് കമ്മ്യൂണിറ്റി പോലീസിംഗ്. സമൂഹത്തിന്&zwjറെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടും, സമൂഹത്തിൽ തന്നെ ലഭ്യമായ വിവരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടും പൊതുജന സഹകരണത്തോടെ നടപ്പാക്കുന്ന ഒരു നൂതന പദ്ധതിയാണ് ഇത്.  ഈ പദ്ധതിയിലൂടെ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിലെ ഓരോ വിഭാഗങ്ങളുടെയും വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ നേരിടുന്നതിനും, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും  പ്രാപ്തരാക്കുക എന്നതാണ്  കമ്മ്യൂണിറ്റി പോലീസിംഗ് കൊണ്ട്  അർത്ഥമാക്കുന്നത്. 2008 മാർച്ചിൽ കേരള സർക്കാർ തിരഞ്ഞെടുക്കപ്പെട്ട 20 പോലീസ് സ്റ്റേഷനുകളിൽ ജനമൈത്രി സുരക്ഷാപദ്ധതി   നടപ്പാക്കുകയുണ്ടായി.  നിലവിൽ കേരളത്തിലെ 248 പോലീസ് സ്റ്റേഷനുകളിൽ ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. (2008ൽ 20 പോലീസ് സ്റ്റേഷനുകളിലും 2009 ൽ 23, 2010ൽ 105, 2012ൽ 100 എന്നിങ്ങനെ).  കേരള സമൂഹത്തിൽ അതിശക്തമായ ഗുണഫലങ്ങൾ ഉളവാക്കുവാൻ ഈ പദ്ധതിയ്ക്ക് കഴിഞ്ഞു.  കടലോര ജാഗ്രതാ സമിതികൾ, റോഡ്  സുരക്ഷ പദ്ധതികൾ തുടങ്ങിയ അനേകം പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.  കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതിയുടെ തത്വങ്ങളും, ചിന്തകളും, നടപടി ക്രമങ്ങളും അടിസ്ഥാനമാക്കിയാണ് ഈ പദ്ധതികളെല്ലാം തന്നെ ആവിഷ്കരിച്ചിട്ടുള്ളത്.  പരമ്പരാഗതമായ സമീപനത്തിൽ നിന്നും വ്യത്യസ്തമായ ഒരു തത്ത്വശാസ്ത്രത്തിൽ ഊന്നിയ ഈ പദ്ധതിയ്ക്കായി ശരിയായ മനോഭാവവും, മികച്ച അറിവും നൈപുണ്യവും വളർത്തിയെടുക്കുന്നതിനായി പുതിയ പരിശീലന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
    ബീറ്റ് ഓഫീസർമാർ, അസിസ്റ്റന്&zwjറ് ബീറ്റ് ഓഫീസർമാർ, കമ്മ്യൂണിറ്റി ലെയ്സൺ വിഭാഗം എന്നിവയ്ക്ക് മികച്ച പരിശീലനം നൽകി വരുന്നു.  ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങൾക്ക് ഈ പദ്ധതിയുടെ നടത്തിപ്പിൽ വളരെ പ്രധാനമായ പങ്കുണ്ട്.  ജനമൈത്രി സുരക്ഷാ പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 1361 പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് ട്രെയിനിംഗ് കോളേജിൽ പരിശീലനം നൽകിയിട്ടുണ്ട്.
ജനമൈത്രി പോലീസ് എന്ന സങ്കൽപ്പത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനായി ജില്ലാ ബറ്റാലിയൻ ആസ്ഥാനങ്ങളിലും ജനമൈത്രി കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ജനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ സന്ദർശിച്ച് പോലീസുമായി സമ്പർക്കം പുലർത്താവുന്നതാണ്. ഈ കേന്ദ്രങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.
പോലീസിന്റെ വിവിധ ഉദ്യമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരേണ്ടതാണ്. ജനമൈത്രി സുരക്ഷയ്ക്ക് വേണ്ട പ്രചാരണം നൽകുവാനും കൂടുതൽ ആൾക്കാരെ ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുവാനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ലഘുലേഖകൾ, നോട്ടീസുകൾ മുതലായവ വിതരണം ചെയ്യുന്നു. അച്ചടിക്കപ്പെട്ട ഈ രേഖകൾ ബീറ്റ് നടത്തുന്ന ഉദ്യോഗസ്ഥർ ഓരോ വീട്ടിലും വിതരണം നടത്തുന്നു. ഇതിൽ ബീറ്റ് ഓഫീസറുടെ ഫോൺ നമ്പർ, പോലീസിലെ മറ്റ് ടെലഫോൺ നമ്പറുകൾ, പോലീസിൽ ലഭ്യമായ മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ കൂടി അടങ്ങിയിരിക്കും. പൊതുജനങ്ങൾക്കിടയിൽ പോലീസിന്റെ ജനമൈത്രി പദ്ധതിയുടെ സന്ദേശം എത്തിക്കുന്നതിനായി ഒരു തെരുവു നാടകവും അവതരിപ്പിച്ചുവരുന്നു. കൂടുതൽ ജനങ്ങളെ ഈ പദ്ധതിയെക്കുറിച്ച് അവബോധം  നൽകുന്നതിനും ഇതിലേക്ക് ആകർഷിക്കുന്നതിനുമായി വിവിധ ദൃശ്യ ശ്രവ്യ മാധ്യമങ്ങൾവഴി മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദൃശ്യ മാധ്യമങ്ങൾ, റേഡിയോ എന്നിവയിലൂടെ വിവിധ സ്പോൺസേർഡ് പദ്ധതികൾ, ഷോർട്ട് ഫിലിമുകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നു. സമൂഹത്തിലെയും പോലീസിലെയും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട്, സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുവാനും ജനകീയ തലത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ജനങ്ങളുടെ ഉത്തരവാദിത്തപൂർണമായ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്ന ഒന്നാണ് ഈ പദ്ധതി.
പോലീസിന്റെ കടമകൾ ഭംഗിയായി ചെയ്യുന്നതിന് പൊതുസമൂഹത്തിന്&zwjറെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുവഴി നിയമ നിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധിക്കുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

 

Last updated on Wednesday 6th of January 2021 PM