കേരളത്തിലെ,1027 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന, റെയിൽവേ പാതകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾക്കും റെയിൽവേ  സ്റ്റേഷനുകൾക്കും യാത്രക്കാർക്കും അവരുടെ സ്വത്ത് വകകൾക്കും സംരക്ഷണം നൽകുന്നതിനായി പ്രവർത്തിക്കുന്ന കേരളാ പോലീസിന്റെ ഒരു സബ് യൂണിറ്റാണ് കേരളാ റെയിൽവേ പോലീസ് (ഗവണ്മെന്റ് റെയിൽവേ പോലീസ്).ആർ.പി.എഫ് മായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ തൈയ്ക്കാട് മേട്ടുക്കട എന്ന സ്ഥലത്താണ് കേരളാ റെയിൽവേ പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ഇന്റെലിജന്സ് / റെയിൽവേ) യുടെ മേൽനോട്ടത്തിൽ റെയിൽവേ പോലീസ് സൂപ്രണ്ടാണ് ഈ യൂണിറ്റിന്റെ തലവനായി പ്രവർത്തിക്കുന്നത്. റെയിൽവേ പോലീസ് ആസ്ഥാനത്തെ ഓഫീസിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തി ക്കുന്ന ഒരു റെയിൽ അലർട്ട് കണ്ട്രോൾ റൂം റെയിൽവേ പോലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
കേരളാ റെയിൽവേ പോലീസ് യൂണിറ്റിന്റെ സബ് യൂണിറ്റായി ഒരു ക്രൈം റെക്കോർഡ്സ് ബ്യൂറോ റെയിൽവേ പോലീസ് ആസ്ഥാനത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഈ ഓഫീസിന്റെ മേൽനോട്ടം നിര്വ്വഹിക്കുന്നത്. റെയിൽവേ ബോർഡ്, ആർ.പി.എഫ്, എസ്.സി.ആർ.ബി, എസ്.എസ്.ബി ആസ്ഥാനം തുടങ്ങിയവയ്ക്ക് കേരളാ റെയിൽവേ പോലീസ് യൂണിറ്റിന്റെ അധികാരപരിധിയിലെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് ഈ ഓഫീസിൽ നിന്നാണ്.