വാച്ച് & വാർഡ്

കേരള നിയമസഭയുടെ സുരക്ഷാ വിഭാഗമാണ് വാച്ച് & വാർഡ് യൂണിറ്റ്. സംസ്ഥാന പോലീസ് വകുപ്പിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് ഈ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നു.  ബഹു. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലും നിർദ്ദശങ്ങളിലും പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന്റെ തലവൻ ചീഫ് മാർഷലാണ്.  ചീഫ് മാർഷലിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ കീഴിൽ ഒരു അഡീഷണൽ ചീഫ് മാർഷൽ, 4 മാർഷല്മാർ,  10 സർജൻറ്മാർ, 86 സർജൻറ് അസിസ്റ്റന്റ്മാർ, 6 വനിതാ സർജൻറ് അസിസ്റ്റന്റ്മാർ എന്നീ ഉദ്യോഗസ്ഥരുണ്ട്.

നിയമസഭാ സെക്രട്ടേറിയറ്റിലും നിയമസഭാ ഹോസ്റ്റലിലും ഡ്യൂട്ടിചെയ്യുന്ന മാർഷല്മാരും സർജന്റ്മാരും സർജന്റ് അസിസ്റ്റന്റ്മാരും ഡ്യൂട്ടി സമയത്ത് അവർക്ക് അനുവദിച്ചിരിക്കുന്ന വെള്ള യൂണിഫോം ധരിച്ചിരിക്കേണ്ടതാണ്. പോലീസ് സേനയിലെ സൂപ്രണ്ട്/ കമാന്ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചീഫ് മാർഷൽ,  അഡീഷണൽ ചീഫ് മാർഷൽ ഡി.വൈ.എസ്.പി./അസിസ്റ്റന്റ് കമാന്ഡന്റ് റാങ്കിലും, മാർഷൽ സബ് ഇന്സ്പെക്ടർ റാങ്കിലും സർജൻറ്മാർ സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിലും സർജൻറ് അസിസ്റ്റന്റ്മാർ/ വനിതാ സർജൻറ് അസിസ്റ്റന്റ്മാർ സിവിൽ പോലീസ് ഓഫീസർ റാങ്കിലും ഉള്ളവരായിരിക്കും.  നിയമസഭാ മന്ദിരത്തിന്റെയും എം.എൽ.എ. ഹോസ്റ്റലിന്റെയും സുരക്ഷയും സംരക്ഷണവും വാച്ച് &വാർഡ് നിർവഹിക്കുന്നു.  ബഹു. സ്പീക്കറുടെയും ബഹു. ഡെപ്യൂട്ടി സ്പീക്കറുടെയും നിയമസഭാ കോംപ്ലക്സിനുള്ളിലെ പ്രത്യേക സുരക്ഷയും വാച്ച് & വാർഡാണ് നിർവഹിക്കുന്നത്.

 

Last updated on Sunday 19th of March 2023 PM