കേരള പോലീസിന്റെ ചരിത്രം
    പുരാതന കേരളത്തിലെ പോലീസിന്റെ ചരിത്രത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും നിലവിലില്ല. സംഘ കാലഘട്ടത്തിലെ (AD 200) ആദ്യകാല സാഹിത്യ കൃതികളെ ഇക്കാര്യത്തിൽ നമുക്ക് ഒരു പരിധിവരെ ആശ്രയിക്കേണ്ടി വരുന്നു. സംഘകാല ഘട്ടത്തിലെ പ്രധാന സാഹിത്യ  കൃതികളായ അകംകൃതികൾ, പതിറ്റുപത്തു, ചിലപ്പതികാരം എന്നിവ പുരാതന കാലത്തെ പോലീസ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഈ കൃതികളിൽ കാവൽഭടൻ, കാവൽക്കാരൻ തുടങ്ങിയവരെ യാത്രക്കാരുടെയും കച്ചവടസംഘങ്ങളുടെയും സംരക്ഷണത്തിനായി പ്രധാന പാതകളിൽ നിയമിച്ചിരുന്നതായി സൂചിപ്പിക്കുന്നു. ചിലപ്പതികാരം ഒരു പ്രത്യേക വിഭാഗം ആൾക്കാർ കുറ്റാന്വേഷണം നടത്തുന്നതിന്റെ വിശദമായ വിവരങ്ങൾ നമുക്ക് നൽകുന്നു. കാവൽ (ഗാർഡ്), കഞ്ചുകിൽ (യൂണിഫോം അഥവാ കഞ്ചുകം ധരിച്ചയാൾ), കാര്യക്കാരൻ (നിശ്ചിത ചുമതലകൾ നിർവ്വഹിക്കാനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ),  സൗവിധിത്തൻ (കോടതി ജോലികൾ നിർവഹിക്കുന്നയാൾ), വേത്രാധരൻ (രാജാവിന്റെ അംഗരക്ഷകൻ), ദ്വാരപാലകൻ (പ്രവേശന കവാടങ്ങളിൽ കാവൽ നിൽക്കുന്ന സായുധരായ കാവൽക്കാർ), ദർശകൻ/പ്രതിഹാരൻ (രാജാവിന്റെ അകമ്പടിക്കാരൻ), കോൽക്കാരൻ (ആയുധമായി ഒരു വടി കൈവശം ഉള്ള ആൾ) മുതലായ വിവിധ തരം കാവൽക്കാരെക്കുറിച്ച് സംഘകാല കൃതികളിൽ പ്രതിപാദിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിൽ നിയോഗിച്ചിട്ടുള്ള ആൾക്കാരെ ചാരൻ, ദൂതൻ, അപസർപ്പകൻ, ഗൂഢപുരുഷൻ എന്നിങ്ങനെയെല്ലാം വിവരിച്ചു കാണുന്നുണ്ട്.
    പുരാതന കേരളത്തിൽ നിലവിലിരുന്ന ജൻമിത്ത സമ്പ്രദായം ചേരൻമാരുടെ കീഴിൽ പുതിയൊരു ഘടനയ്ക്ക് വഴിമാറി. മാടമ്പിമാർ ഭരിക്കുന്ന തറ, ദേശമാണ്ട്, നാട്, ദേശവാഴി, നാടുവാഴി എന്നിങ്ങനെയാണ് ഇതിന്റെ ഘടന. നിയമനിർവ്വഹണം, കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കൽ മുതലായവയാണ് ഇവയുടെ ചുമതലകൾ. ഈ ഭരണാധികാരികൾ നിസ്സാരമായ കുറ്റങ്ങൾക്ക് പോലും കഠിനമായ ശിക്ഷയാണ് നൽകിയിരുന്നത്. അതിനാൽ തന്നെ കുറ്റകൃത്യ നിരക്കിൽ വലിയ കുറവുണ്ടായിരുന്നു. 13-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ ആ കാലഘട്ടത്തിൽ ഇവിടെ നിലനിന്നിരുന്ന പോലീസ്-നിയമസംവിധാനങ്ങളുടെ ഘടന കണ്ട് വിസ്മയിച്ചിരുന്നു.

തിരുവിതാംകൂറിലെ പോലീസ്

    മേൽ  പറഞ്ഞപോലെ, 1956 നു മുൻപ് കേരളത്തിന് ഏകീകൃതമായ ഒരു ഭൂമി ശാസ്ത്ര ഘടന ഉണ്ടായിരുന്നില്ല. 1956ലെ തിരുവിതാംകൂർ-കൊച്ചി സ്റ്റേറ്റ്, ബ്രിട്ടീഷ് മലബാർ സ്റ്റേറ്റ് എന്നിവയുടെ ലയനത്തിന്റെയും പുനസംഘടനയുടെയും ഫലമായാണ് നിലവിലെ കേരള സംസ്ഥാനം രൂപം കൊണ്ടിട്ടുളളത്. ചെറുതും വലുതുമായ രാജാക്കൻമാർക്ക് സ്വതന്ത്രാധികാരമുളള നാട്ടുരാജ്യങ്ങളുടെ ഒരു സംഗ്രഹമായിരുന്ന പുരാതനകേരളകേരളത്തിൽ, ചെറുതും വലുതുമായ സാമന്തൻമാർ ഭരിച്ചിരുന്ന നിരവധി പ്രദേശങ്ങൾ, മേഖലകൾ, അർദ്ധപരമാധികാര പ്രദേശങ്ങൾ എന്നിവ അടങ്ങിയിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് തിരുവിതാംകൂർ സ്റ്റേറ്റ് അംഗീകൃതമാകുന്നതെങ്കിലും പതിനെട്ടാം നൂറ്റാണ്ടു വരെ പോലീസ് സംവിധാനത്തെക്കുറിച്ച് വിശദമായ ചരിത്രമൊന്നും തന്നെ ലഭ്യമല്ല.  ലഭ്യമായ  ചരിത്രരേഖകൾ പ്രകാരം, രാജ്യം ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.  ഇവ ഭരിച്ചിരുന്നത് നാടുവാഴികൾ ആയിരുന്നു.  നാടുവാഴികളെ സഹായിക്കുന്നതിനായി നാട്ടുകൂട്ടവും ഉണ്ടാകും. നാടുവാഴികളുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുവാനോ അവരെ ഭരിക്കുവാനോ മറ്റ് ഉന്നതാധികാരികളാരും തന്നെ ഉണ്ടായിരുന്നില്ല.  മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്താണ് (1729-1758) ക്രമസമാധാനപാലനത്തിനായി മികച്ച സായുധസേനയുടെ ആവശ്യകത ഉണ്ടെന്ന് ആദ്യമായി മനസ്സിലായത്.  ചിലപ്പോഴുണ്ടാകുന്ന നാട്ടുലഹളകൾ അടിച്ചമർത്താനായി മാർത്താണ്ഡവർമ്മ മഹാരാജാവ് മറവസൈന്യ ത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.  മേൽപ്പറഞ്ഞ സൈന്യമാണ് പോലീസുകാരുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ചിരുന്നത്.
    പഴയകാല തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന പോലീസ് സേനയുടെ ഘടന, എണ്ണം, മറ്റ് അധികവിവരങ്ങൾ എന്നിവയുടെ ലിഖിത രേഖകൾ എ.ഡി 1757 മുതൽ ലഭ്യമാണ്.  ഇത് പ്രകാരം, രാജ്യം വിവിധ ഭാഗങ്ങളായി വിഭജിച്ചിരുന്നതായും സർവ്വാധികാര്യക്കാർ, കാര്യക്കാർ, പാർവ്വത്യകാർ എന്നിങ്ങനെ പുതിയ പദവികൾ സൃഷ്ടിക്കപ്പെട്ടിരുന്നതായും ഈ രേഖകൾ വെളിവാക്കുന്നു.  ഈ ഉദ്യോഗസ്ഥരുടെ കർത്തവ്യം ക്രമസമാധാനപാലനമായിരുന്നു.  നിയമനടപടികൾ നടത്തുന്നതും ഇവരുടെ ഉത്തരവാദിത്തമായിരുന്നു. പ്രധാന ക്രമസമാധാന പ്രശ്നങ്ങൾ, കൊലപാതകങ്ങൾ, കൊള്ള, മോഷണം മുതലായവയെല്ലാം നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെ മേൽപ്പറഞ്ഞ അധികാരികൾ ആണ് കൈകാര്യം ചെയ്തിരുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിലാണ് ആധുനിക പോലീസിന്റെ ഘടന രൂപീകൃതമാകുന്നത്. ഒളിവർ എച്ച് ബൻസ്ലി 1881 ൽ തിരുവിതാംകൂർ സ്റ്റേറ്റിന്റെ ആദ്യ പോലീസ് സൂപ്രണ്ട് ആയി നിയമിതനായി. 1921 ൽ വില്യം എച്ച് പിറ്റ് തിരുവിതാംകൂറിന്റെ ആദ്യ കമ്മീഷണർ ആയി. 1939 ൽ പോലീസ് സംവിധാനം വലിയ രീതിയിൽ പുനസംഘടിക്കപ്പെടുകയും പോലീസ് ഇൻസ്പെക്ടർ ജനറൽ എന്ന പുതിയ തസ്തിക സൃഷ്ടിക്കപ്പെടുകയും ചെയ്തു.
തിരുവിതാംകൂർ സ്റ്റേറ്റിന്റെ ആദ്യ ഇൻസ്പെക്ടർ ജനറലായി ശ്രീ.ഖാൻ ബഹദൂർ സെയ്ദ് അബ്ദുൾ കരീം സാഹിബ് സുഹ്രാവഡി നിയമിതനായി. 1939 ലെ പോലീസിന്റെ അംഗബലം ചുവടെ ചേർക്കുന്നു.
1.    പോലീസ് ഇൻസ്പെക്ടർ ജനറൽ                     -    1
2.    ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ      -    1
3.    ജില്ലാ പോലീസ്  സൂപ്രണ്ടുമാർ                            -    3
4.    അസിസ്റ്റ്ന്റ് പോലീസ്  സൂപ്രണ്ടുമാർ                   -    6
5.    ഇൻസ്പെക്ടർമാർ                                           -     81
6.    ഹെഡ് കോൺസ്റ്റബിൾ                                    -    236
7.    പോലീസ് കോൺസ്റ്റബിൾ                                -    2337
1939 ൽ ജനറൽ എക്സിക്യൂട്ടീവ് വിഭാഗം, ക്രിമിനൽ ഇന്റലിജൻസ് വിഭാഗം, റിസർവ് ഫോഴ്സ്, സ്പെഷ്യൽ പോലീസ്, ട്രാഫിക് എന്നീ വിഭാഗങ്ങൾക്ക് കാതലായ മാറ്റങ്ങൾ കൈവന്നു. 1947 ലെ പോലീസ് ഉദ്യോഗസ്ഥരുടെ അംഗബലം 3626 ആയിരുന്നു. 1948 ആഗസ്റ്റ് 21 ന് ശ്രീ.എൻ.ചന്ദ്രശേഖരൻ നായർ ആദ്യത്തെ  പോലീസ് ഇൻസ്പെക്ടർ ജനറലായി നിയമിതനായി. 1932 ൽ തിരുവിതാംകൂർ കൊച്ചി സ്റ്റേറ്റുകളുടെ ലയനത്തിനുശേഷം ഇദ്ദേഹം ഇൻസ്പെക്ടർ ജനറലായി തുടരുകയും 1956 ൽ കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ഇദ്ദേഹം ആദ്യ പോലീസ് ഇൻസ്പെക്ടർ ജനറലായി നിയമിതനാകുകയും ചെയ്തു.


തിരുവിതാംകൂർ പോലീസിന്റെ കീർത്തി

കൊല്ലവർഷം 1042 (1867 എ.ഡി) ലെ തന്റെ ഭരണ റിപ്പോർട്ടിൽ ശ്രീ.റ്റി.മാധവറാവു ഇപ്രകാരം അഭിപ്രായപ്പെട്ടു. തിരുവിതാംകൂറിൽ ഇപ്പോൾ ജനങ്ങളുടെയും സ്വത്തുവകകളുടെയും സുരക്ഷയിൽ ഒരു മികച്ച നിലവാരം കൈവരിക്കാൻ കഴിഞ്ഞു.  പുരുഷന്മാരും സ്ത്രീകളും,  സ്ത്രീകൾ പ്രത്യേകിച്ചും വിലപിടിപ്പുളള ആഭരണങ്ങൾ ധരിച്ച് പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ യഥേഷ്ടം സഞ്ചരിക്കുന്നു. ഒറ്റ തിരിഞ്ഞ കമ്പോളങ്ങളും മറ്റും ആൺകുട്ടികളെയോ, പെൺകുട്ടികളെയോ ചുമതലയേൽപ്പിച്ചിരിക്കുന്നതായി കാണുന്നു.
    ശ്രീ.ടി.കെ വേലുപ്പിള്ള (1882  1950) യുടെ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ (1940 ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു) പോലീസ് സേനയിലേക്ക് വിദ്യാസമ്പന്നരായ ആൾക്കാരെ മാത്രമാണ് നിയമിക്കുന്നത് എന്ന് പരാമർശിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവരെയാണ് പലപ്പോഴും കിഴുദ്യോഗസ്ഥ തസ്തികയിൽ നിയമിച്ചിരുന്നത്. മഹാത്മാ ഗാന്ധിയെ പോലുളള പ്രമുഖരിലും സേനയിലെ ബഹുഭൂരിപക്ഷവും പ്രകടമാക്കിയ അച്ചടക്കവും മര്യാദയും മതിപ്പുളവാക്കുകയും അവരെ ലണ്ടൻ പോലീസുമായി താരതമ്യം ചെയ്തുകൊണ്ട് അനുമോദിക്കേണ്ടതു ഉചിതമാണ് എന്ന് ചിന്തിക്കുകയും ചെയ്തു.

മലബാറിലെ പോലീസ്

ടിപ്പുസുൽത്താന്റെ വരവിനുമുമ്പ് സാമന്തൻമാരുടെ  സഹായത്തോടെ  നാടുവാഴികളും ദേശവാഴികളും ആയിരുന്നു മലബാർ ഭരിച്ചിരുന്നത് . പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ പോലീസ് സേനയുടെ പുരാതനരൂപമായ കോൽക്കാർ നിലവിലുണ്ടായിരുന്നു. ഇവരാണ് മലബാർ പ്രദേശത്തെ ക്രമസമാധാനനില പരിപാലിച്ചിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തോടെ മിക്ക നാടുവാഴികളും മലബാർ ഉപേക്ഷിച്ചു പോകുകയും സ്ഥിതിഗതികൾ ആകെ താറുമാറാകുകയും ചെയ്തു. 1810 ൽ ബ്രിട്ടീഷുകാർ മലബാർ ഭരിക്കാൻ തുടങ്ങിയപ്പോൾ ക്യാപ്റ്റൻ വാട്സ് 500 പോലീസുകാർക്ക് പരിശീലനം നൽകി. അന്ന് നിലവിലിരുന്ന പോലീസ് വിഭാഗത്തിൽ (കോൽക്കാർ, ഡഫേദാർ, ജമീദാർ മുതലായവർ) നിന്നും പോലീസ് ചുമതലകൾ പുതിയ പോലീസ് വിഭാഗത്തിന് കൈമാറി വീണ്ടും 1600 കോൽക്കാർക്ക്  പരിശീലനം നൽകുകയും പോലീസ് ജോലികൾക്കായി അവരെ സേനയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.
    1816 ൽ ബ്രിട്ടീഷ് ഭരണാധികാരികൾ  മലബാറിൽ ഒരു പുതിയ സമ്പ്രദായത്തിന് രൂപം കൊടുത്തു. ഇത് പ്രകാരം ഗ്രാമത്തിലെ പോലീസിന്റെ നിയന്ത്രണം, വില്ലേജ് അധികാരിയിലും താലൂക്ക് പോലീസിന്റെ നിയന്ത്രണം തഹസീൽദാരിലും പ്രധാന നഗരങ്ങളിലെ പോലീസ് നിയന്ത്രണം പോലീസ് ആമീനുകളിലും നിക്ഷിപ്തമായിരുന്നു. മേൽ പറഞ്ഞ എല്ലാ വിഭാഗങ്ങളും ജില്ലാ മജിസ്ട്രേറ്റ്മാരുടെ നിയന്ത്രണത്തിൻ കീഴിലായിരുന്നു.  ഈ സമ്പ്രദായത്തിൽ, റവന്യൂ വകുപ്പിൽ ജോലി നോക്കുന്ന ശിപായിമാർക്കും പോലീസ് കോൺസ്റ്റബിൾമാരുടെ ജോലികൾ ചെയ്യേണ്ടതായി വന്നിരുന്നു.  ബ്രിട്ടീഷ് ഇൻഡ്യ സർക്കാർ ഈ സമ്പ്രദായത്തിലെ ചില പഴുതുകൾ അടച്ച് ഇതിനെ കുറ്റമറ്റതാക്കണമെന്ന് വിചാരിക്കുകയും, അതിനായി മിലിട്ടറി ഓഫീസർമാർ എന്ന തസ്തിക അനുവദിക്കുകയും അവരെ സഹായിക്കുന്നതിനായി 31 തദ്ദേശീയ ഉദ്ദ്യോഗസ്ഥരും 150 ശിപായികളും 2 ബ്യൂഗ്ളർമാരും ഉൾപ്പെടുന്ന ഒരു പോലീസ് സേനയ്ക്ക് രൂപം നൽകുകയും ചെയ്തു.
    സൗത്ത് മലബാറിലെ അപ്പോഴത്തെ പോലീസ് സൂപ്രണ്ടായിരുന്ന ശ്രീ.ഹിച്ച്കോക്ക് ബ്രിട്ടീഷ് ആർമിയുടെ മാതൃകയിൽ ഒരു പോലീസ് സേനയെ സജ്ജമാക്കുകയും 1921ൽ മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഇത് നിലവിൽ വരികയും ചെയ്തു.  ഹിച്ച്കോക്ക് തന്നെയായിരുന്നു എം.എസ്.പി യുടെ ആദ്യ കമാണ്ടന്റ്.  1932ൽ സേനയുടെ അംഗബലം 16 കമ്പനികളാക്കി ഉയർത്തപ്പെട്ടു.
സംയോജിത തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ പോലീസ്
    1949 ജൂലൈ 1ന് ആണ് തിരുവുതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നത്.  രണ്ട് സ്റ്റേറ്റുകളുടേയും പോലീസ് സംവിധാനരീതി സമാനമായിരുന്നെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കാര്യത്തിൽ ചില ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.  തിരു-കൊച്ചി സംസ്ഥാനം, ഇൻഡ്യൻ യൂണിയനുമായി ലയിപ്പിച്ചപ്പോൾ സ്റ്റേറ്റ് പോലീസ്, കേന്ദ്രസേനയുടെ ഭാഗമായി മാറുകയും അതിന്റെ സ്വതന്ത്രാധികാരവും നിലനിൽപ്പും നഷ്ടമാകുകയും ചെയ്തു.  കേന്ദ്രസേനയുടെ ഭാഗമായതിനാൽ സംസ്ഥാനത്തിനു പുറത്തേയ്ക്കും നിയോഗിക്കേണ്ടതായി വന്നു.  തത്ഫലമായി, സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ കേന്ദ്ര സായുധ റിസർവ്വ് സേനയിൽ നിഷിപ്തമായി.  1950ൽ യു.പി.എസ്.സി രൂപീകൃതമായതോടെ ഉന്നതതല നിയമനങ്ങൾ യു.പി.എസ്.സി മുഖേന നടത്തപ്പെട്ടു.  1951-ൽ യു.പി.എസ്.സി പ്രതിനിധികൾ, എൻ.ചന്ദ്രശേഖരൻ നായർ, എം.ഗോപാലൻ, ശ്രീനിവാസ അയ്യർ, കെ.ശ്രീനിവാസ റാവു, എം.കൃഷ്ണപിളള, ടി.കെ ഭാസ്കര മാരാർ എന്നിവരെ മദ്രാസ് സംസ്ഥാന ഇൻഡ്യൻ പോലീസ് സർവ്വീസ് കേഡറിലേയ്ക്ക് തെരെഞ്ഞെടുക്കുകയുണ്ടായി.  

ആധുനിക പോലീസ്

    1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുന:സംഘടന നടത്തിയതിന്റെ ഫലമായി 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകൃതമായി.  തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ ലയിപ്പിച്ച് കേരളം രൂപീകരിക്കുമ്പോൾ ചില പ്രദേശങ്ങൾ വിഭജിക്കപ്പെടുകയുണ്ടായി.  പോലീസ് സംവിധാനം മൊത്തത്തിൽ വലിയ മാറ്റത്തിന് വിധേയമായി.  1956ൽ എം.എസ്.പിയും,ഫയർ ഫോഴ്സും  ഒഴികെയുള്ള കേരള പോലീസിന്റെ ആകെ അംഗബലം 11,312 ആയിരുന്നു. 1960-ൽ കേരള പോലീസ് ആക്ട്ന് രൂപം കൊടുക്കുക വഴി കേരള പോലീസിന് കൂടുതൽ അധികാരങ്ങളും, ചുമതലകളും നൽകപ്പെട്ടു. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ 1973ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധി  കോഴിക്കോട് ഉദ്ഘാടനം ചെയ്തു.  1981ൽ പോലീസ് വകുപ്പിന്റെ മേധാവിയുടെ സ്ഥാനപ്പേര് പോലീസ് ഡയറക്ടർ ജനറൽ (DGP) എന്നാക്കി മാറ്റി.  ശ്രീ.ടി.അനന്ത ശങ്കര അയ്യർ കേരളത്തിലെ ആദ്യ ഡി.ജി.പി ആയി മാറി.

 

Last updated on Thursday 10th of February 2022 PM