ചിരി ഹെൽപ്പ് ഡസ്ക്

കേരളത്തിൽ ലോക്ഡൗൺ നടപ്പലാക്കിയതു മുതൽ 2020 ജൂൺ അവസാനം വരെ ചുരുങ്ങിയത് 66 കുട്ടികൾ ആത്മഹത്യ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്കൂളുകൾ അടയ്ക്കുകയും, സാമൂഹ്യ ഇടപെടലുകൾക്കുള്ള അവസരങ്ങൾ വളരെ ചുരുങ്ങകയും ചെയ്തതോടെ കുട്ടികൾ കടുത്ത മാനസിക സമ്മർദം, ഉത്കണ്ഠ, മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത "ചിരി" പദ്ധതി കേരളത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. കോവിഡ്-19 മഹാമാരിയുടെ ഈ ദുരിതകാലത്ത്, കുട്ടികൾക്ക് സുരക്ഷിതവും, ആഹ്ളാദഭരിതവുമായ ഒരു ബാല്യം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളിലെ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്ക് സൂചിപ്പിക്കുന്നത്, ബഹുഭുരിപക്ഷം രക്ഷാകർത്താകൾക്കും തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നത് തന്നെയാണ്. അതിനാൽ തന്നെ, പലപ്പോഴും കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെയും, അംഗീകരിക്കപ്പെടാതെയും പോകുന്നു. കുട്ടികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവയെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തത് മൂലം ഇത്തരം പ്രശ്നങ്ങൾ അശാസ്ത്രീമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലേക്കും, തത്ഫലമായി ഗുരുതരമായ പരിണത ഫലങ്ങളിലേക്കും നയിക്കുന്നു.

ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന, വിഷമാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക.
  • കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക.
  • എല്ലാ കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുക.

പ്രവർത്തനങ്ങൾ

കേരളാ പോലീസ്, ഇതിനോടകം തന്നെ തിരുവനന്തപുരത്ത് ഒരു CAP (ചിൽഡ്രൽ & പോലീസ്) ഹൗസ് സ്ഥാപിച്ചു കഴിഞ്ഞു. കേരളാ പോലിസ് കുട്ടികളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളായ SPC പദ്ധതി, Our Responsibility to Children പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകൾ, 'ഹോപ്പ്' പദ്ധതി, 'ചിരി' പദ്ധതിക്കായി പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ എന്നിവയെല്ലാം സംയോജിതമായി പ്രവർത്തിക്കുന്നതിനുള്ള ഒരു റിസോഴ്സ് സെന്ററായായണ് CAP ഹൗസ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങളിലൂടെയും, വിവിധ സമൂഹമാധ്യമങ്ങൾ മുഖേനയും ഈ ഹെൽപ്പ് ലൈൻ നമ്പർ വ്യാപകമായി പ്രചരിപ്പിക്കുന്നതാണ്. വിവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും, അവരുടെ രക്ഷകർത്താക്കൾക്കും, ഈ ഹെൽപ്പ് ഡെസ്ക്കിലേക്കു് വിളിച്ച് തങ്ങളുടെ പ്രശ്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ട അവബോധം നൽകേണ്ടതാണ്.

ചിരി ഹെൽപ്പ്ലൈൻ

ചിരി ഹെൽപ്പ്ലൈൻ : 9497900200

CAP (ചിൽഡ്രൻ & പോലീസ്) ഡസ്ക്ക്

സമപ്രായക്കാരുമായുള്ള ടെലഫോണിക് സമ്പർക്കം മുഖേന, വിഷമഘട്ടത്തിൽ പ്പെട്ടിരിക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ഒരു പദ്ധതിയാണ് CAP ഡസ്ക്. ലോക്ഡൗണിന്റെ പ്രാരംഭഘട്ടത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രനും ചേർന്ന് വിജയകരമായ ആരംഭിച്ച 'കുട്ടി ഡസ്ക്കി' നെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ സവിശേഷ പദ്ധതിയിലൂടെ 4700 കുട്ടികൾക്ക് ഇതിനോടകം പിന്തുണ നൽകിയിട്ടുണ്ട്. ഓരോ പോലീസ് ജില്ലയിൽ നിന്നും, സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ORC പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികൾ എന്നിവരിൽ നിന്നും മിടുക്കരായ 15 കുട്ടികളടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുത്ത് ഇവർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് CAP ഡസ്ക്കിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്. ചങ്ങാത്തം ആവശ്യമുള്ളതും, വൈകാരിക പിന്തുണ നൽകേണ്ടതുമായ കുട്ടികളുടെ വിവരങ്ങൾ CAP ഡസ്ക്കിലെ വോളന്റീയർമാർക്ക് ശ്രദ്ധാപൂർവ്വം വിഭജിച്ചു നൽകുന്നു. ഈ കുട്ടി വോളന്റീയർമാർ, തങ്ങളുടെ സമപ്രായത്തിലുള്ള വൈകാരിക വിഷമത്തിൽ ഉഴലുന്ന കുട്ടികളോട് സംസാരിക്കുകയും, അവരുടെ പ്രശ്നങ്ങൾ അനുകമ്പാപൂർവ്വം കേൾക്കുകയും, അവർക്ക് ധൈര്യം പകർന്നു നൽകുകയും ചെയ്യുന്നു. സമ്മർദ്ദം നേരിടുന്ന കുട്ടികൾക്ക് പ്രചോദനം പകരുകയും, ഏതെങ്കിലും രീതിയിലുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങളിലോ, പഠന പ്രവർത്തനങ്ങൾ, കളികൾ എന്നിവയിലോ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാത്തവണ്ണം ഏർപ്പെടുന്നതിന് ആവശ്യമായ പിന്തുണ നൽകുകയം ചെയ്യുന്നു. CAP ഡസ്ക്കിലെ സന്നദ്ധപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ ചങ്ങാതിമാരെ തുടർന്നും ബന്ധപ്പെടുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു.

CAP ഡസ്ക്കിലെ സന്നദ്ധപ്രവർത്തകർക്ക് മാർഗ്ഗദർശ്ശനം നൽകാൻ ഉപദേഷ്ടാക്കൾ, മനശാസ്ത്രഞ്ജർ, മാനസികാരോഗ്യ വിദഗ്ദർ എന്നിവരുടെ ഒരു പാനലും രൂപീകരിച്ചിട്ടുണ്ട്.

  • ഉപദേഷ്ടാക്കളുടെ പാനൽ: ഈ പാനൽ: CAP ഡസ്ക്കുമായ. ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുട്ടികൾക്ക് തുടർച്ചയായി ഉപദേശങ്ങൾ നൽകി അവർക്ക് മാർഗ്ഗദർശ്ശനം നൽകുന്നു. SPC യിൽ നിന്നും ORC പദ്ധതിയിൽ നിന്നും അധ്യാപകരെയും റിസോഴ്സ് പേഴ്സൺമാരെയും ഉൾപ്പെടുത്തിയാണ് ഈ പൂൾ രൂപീകരിക്കുന്നത്. ഈ പദ്ധതിക്കായി തങ്ങളുടെ സമയവും, പ്രയത്നവും സമർപ്പിക്കുവാൻ സന്നദ്ധരായി മുന്നോട്ടുവരുന്നവരാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്.
  • മനശാസ്ത്രഞ്ജൻമാരുടെ പാനൽ: 'ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതി, മറ്റ് സർക്കാർ പദ്ധതികൾ എന്നിവയിൽ നിന്നും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മന:ശ്ശാസ്ത്രജ്ഞരുടെ ഒരു പാനലിന് രൂപം നൽകുന്നതാണ്. CAP ഹൗസിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഫോൺ വിളികളുടെ വിശദവിവരങ്ങൾ ഈ പാനലിന് കൈമാറുന്നു. ഇത് സംബന്ധിച്ച് ഒരു പ്രാഥമിക അവലോകനം നടത്തുന്നതിനായി ഈ പാനലിലെ മന:ശ്ശാസ്ത്രജ്ഞർ കുട്ടിയെ/രക്ഷകർത്താവിനെ ബന്ധപ്പെടുന്നു. തുടർന്ന് പിന്തുണ ആവശ്യമായ കുട്ടികളുടെ വിവരങ്ങൾ, ഗൗരവ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒഴികെയുള്ളവ, CAP ഡസ്കിന് കൈമാറുന്നു. പരിശീലനം ലഭിച്ച കുട്ടികളുടെ സംഘത്തിൽ നിന്നും, കുട്ടികളെ ഫോൺമുഖേന ബന്ധപ്പെട്ട്, സൗഹൃദസംഭാഷണത്തിലേർപ്പെടുകയും, വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്നു.
  • മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ: മനോരോഗ ചികിത്സാ വിദഗ്ദരും, മാനസികാരോഗ്യ വിദഗ്ദരും അടങ്ങുന്ന ഒരു വിദഗ്ദ പാനലിന് രൂപം നൽകുന്നതാണ്. ടെലഫോൺ മുഖേനയുള്ള കൗൺസിലിംഗിനു ശേഷം വിദഗ്ദ ശ്രദ്ധയും ചികിത്സയും ആവശ്യമുള്ള കേസുകളെ ഈ പാനലിന് കൈമാറുന്നു.

Panel of mentors, psychologists and mental health experts

Grass root level awareness interventions

തെരഞ്ഞെടുക്കപ്പെട്ട ജനമൈത്രി ബീറ്റ് ഓഫീസർമാർ, അംഗനവാടി ജീവനക്കാർ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ASHA വർക്കർമാർ, സ്കൂൾ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാരവാഹികൾ, കാവൽ, ശിശുസംരക്ഷണ സമിതികൾ, ജാഗ്രതസമിതി അംഗങ്ങൾ എന്നിവർക്ക് മതിയായ പരിശീലനം നൽകുകയും, ഇപ്രകാരം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു. മഹാമാരിയുടെ ഈ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും, മാനസികാരോഗ്യ സംരക്ഷണം സംബന്ധിച്ച് അവബോധം പകരുക എന്നതാണ് ഈ ഉദ്യമം കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ചിരി പദ്ധതിയെക്കുറിച്ചുള്ള അവബോധവും നൽകുന്നു.

Last updated on Monday 3rd of July 2023 PM