14-11-17 മുതൽ 27-11-17 വരെ ന്യൂഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട രാജ്യാന്തര വ്യാപാര മേളയിലെ കേരള പോലീസിന്റെ പവലിയനിൽ, കേരള പോലീസ് ഒരുക്കിയ ഉജ്ജ്വലമായ പ്രദർശനം, ടെക്നോളജി പോലീസിംഗിന്റെ പുത്തൻ വഴികളിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഈ പ്രദർശനം International Trade Fair ൽ എറ്റവും മികച്ച എക്സിബിറ്റർ അവാർഡ് കരസ്ഥമാക്കുന്നതിന് കേരള പോലീസിനെ സഹായിച്ചു.
ഈ സ്റ്റാളിൽ പൊതുജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താൻ കേരള പോലീസ് ഉപയോഗിക്കുന്ന പത്തിലധികം ഉപകരണങ്ങൾ, സംവിധാനങ്ങൾ, സോഫ്റ്റ് വെയറുകൾ എന്നിവയുടെയും പ്രദർശനം ഉണ്ടായിരുന്നു. ട്രാഫിക് ജംഗ്ഷനുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന 3D Geo Spatial system, പഠനത്തിന് സഹായകമാകുന്ന വീഡിയോ ഗെയിമുകൾ, വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന സുരക്ഷാ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയായിരുന്നു ഈ സ്റ്റാളിലെ ആകർഷണങ്ങളിൽ ചിലത്. ഈ വർഷത്തെ രാജ്യാന്തര ട്രേഡ് ഫെയറിന്റെ തീം, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ ആയതിനാൽ, വിവിധ സ്റ്റാർട്ടപ്പുകൾ മുഖേന വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകളും, സംവിധാനങ്ങളുമായിരുന്നു പ്രധാനമായും പ്രദർശിപ്പിക്കപ്പെട്ടത്.