കേരളാ പോലീസിന്റെ അഭിവാജ്യഘടകമായ 'അശ്വാരൂഡസേന' തിരുവനന്തപുരം ജില്ലയിലെ തൈക്കാടിനടുത്തുളള കണ്ണേറ്റുമുക്കിലുളള 1.14 ഏക്കറിലുളള സർക്കാർ മന്ദിരത്തിൽ പ്രവർത്തിക്കുന്നു.1880 ലെ തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് ഇത് തുടങ്ങിയത്.'രാജപ്രമുഖാസ് ബോഡിഗാർഡ്' എന്നതായിരുന്നു ഇന്ത്യൻ സ്വാതന്ത്രത്തിൻ മുൻപ് അറിയപ്പെട്ടിരുന്നത്. പിന്നീട് 'പാലസ് ഗാർഡ്' എന്ന പേരിൽ അറിയപ്പെടുകയും പാളയം ബോഡിഗാർഡ് സ്ക്വയറിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ അശ്വാരൂഡസേന സർക്കാർ ഉത്തരവ് നമ്പർ G.O (MS) 508/Home Dated 14/11/1961 എന്ന ഉത്തരവിനാൽ രൂപീക്യതമായതും 1981 വരെ ബോഡിഗാർഡ് സ്ക്വയറിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1981ൽ നിയമസഭാ സമുച്ചയ നിർമ്മാണാവശ്യത്തിൻ ടി സ്ഥലത്തുനിന്ന് കണ്ണേറ്റുമുക്കിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. കുതിരകളെ പാർപ്പിക്കാനായി 28 സ്റ്റേബിളുകളുണ്ട്. അതിൽ 3 എണ്ണം അസുഖം ബാധിക്കുന്നവയെ മാറ്റിപാർപ്പിക്കാനുളളതാണ്. കുതിരകളുടെ അനുവദനീയമായ അംഗബലം 25 ആണ്.ഇപ്പോൾ 25 കുതിരകൾ നിലവിലുണ്ട്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് ടി യൂണിറ്റ് പ്രവർത്തിക്കുന്നത് . റിസേർവ് ഇന്സ്പെക്ടർ മൗണ്ടഡ് പോലീസാണ് ഈ യൂണിറ്റിലെ എറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ, കൂടാതെ കുതിരകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അസിസ്റ്റന്റ് ഡയറക്ടറും (വെറ്ററിനറി) ഒരു ലൈവ് സ്റ്റോക്ക് ഇന്സ്പെക്ടറുമുണ്ട്.
റിപ്പബ്ലിക്ക് ദിനപരേഡ്, സ്വാതന്ത്രദിനപരേഡ് , സർക്കാരിന്റെ ഘോഷയാത്രകൾ, ലോ ആന്റ് ഓർഡർ ഡ്യൂട്ടികളായ രാവിലെയും വൈകുന്നേരവും രാത്രിയിലുമുളള പട്രോൾ ഡ്യൂട്ടികൾ എന്നിവ പ്രധാന ഡ്യൂട്ടികളാണ്. കൂടാതെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പളളിവേട്ട, നവരാത്രി ആഘോഷ പരിപാടിയുമായുളള ഘോഷയാത്രകൾ എന്നിവ നിമിത്തം പൊതുജനങ്ങൾക്ക് വളരെ പ്രിയങ്കരമായ യൂണിറ്റാണ് അശ്വാരൂഡസേന.