ജനകീയ പോലീസിംഗ് പദ്ധതിക്കു കീഴിൽ കേരളാ പോലീസ് നടപ്പിലാക്കി വരുന്ന ഒരു സവിശേഷ പദ്ധതിയാണ് വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി.(ആക്രമണങ്ങൾക്ക് എളുപ്പത്തിൽ വശംവദരാക്കപ്പെടാനുള്ള സ്ത്രീകളുടെയും, പെൺകുട്ടികളുടെയും പ്രത്യേക ശാരീരിക പരിതസ്ഥിതി, സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വലിയൊരളവു വരെ പങ്കുവഹിക്കുന്നു.) സമഗ്രമായ ബോധവൽക്കരണം മുഖേനയും, പ്രായോഗിക പരിശീലന പദ്ധതിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുന്ന ഈ പദ്ധതി, കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയിൽ മികച്ച ജനപ്രീതി പിടിച്ചു പറ്റിക്കഴിഞ്ഞു. രാജ്യത്ത് മറ്റൊരു ഏജൻസികളും, ഇത്രയും വിപുലമായ രീതിയിൽ സ്ത്രീകൾക്കായി ഒരു പ്രതിരോധ പരിശീലന പദ്ധതി ആവിഷ്ക്കരിക്കുന്നതിന് മുതിർന്നിട്ടില്ല.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇത് ഒരു ലോകറെക്കാർഡ് ആകും എന്നത് നിസ്തർക്കമാണ്. സംസ്ഥാനത്തുടനീളം, 2018 നവംബർ മുതൽ 2019 ഫെബ്രുവരി വരെ ആകെ 1,22,210 വനിതകൾക്ക്, സ്വയം പ്രതിരോധ പരിശീലനം നൽകികഴിഞ്ഞു. ഏറ്റവും കൂടുതൽ വനിതകൾക്ക് പരിശീലനം ലഭിച്ചത് കൊച്ചി സിറ്റിയിലും, കുറവ് കോഴിക്കോട് റൂറൽ ജില്ലയിലുമാണ്. സംസ്ഥാനത്തൊട്ടാകെ 50 സ്കൂളുകളിൽ വനിതാ സ്വയം പ്രതിരോധ പരിശീലന സംഘം പരിശീലനം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ 67 സ്കൂളുകളിലും, തിരുവനന്തപുരത്ത് 52 സ്കൂളുകളിലും, വനിതാ സ്വയം പ്രതിരോധ പരിശീലനം നൽകിയിട്ടുണ്ട്. വിവിധ സ്കൂളുകളിലായി 80,470 വിദ്യാർത്ഥികൾക്കും സ്വയംപ്രതിരോധ പരിശീലന സംഘം പരിശീലനം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ 11 വീതം കോളേജുകളിൽ ഈ പരിശീലന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, തൃശ്ശൂർ സിറ്റി, കാസർഗോഡ് എന്നീ ജില്ലകളിലായി ആകെ 3,245 കോളേജ് വിദ്യാർത്ഥികൾക്ക് വനിതാ സ്വയം പ്രതിരോധ പരിശീലന സംഘം പരിശീലനം നൽകി കഴിഞ്ഞു.
സംസ്ഥാനമൊട്ടാകെ 212 വ്യത്യസ്ത സ്ഥാപനങ്ങളിലായി ആകെ 26,675 വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 39 വിവിധ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലന പദ്ധതികൾ നടപ്പിലാക്കുകയും, റസിഡൻഷ്യൽ പ്രദേശങ്ങളിലും, സ്ഥാപനങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾക്ക് പരിശീലനം നൽകിക്കൊണ്ട് ഒന്നാം സ്ഥാനം ആലപ്പുഴ ജില്ല കരസ്ഥമാക്കി. കൊച്ചി സിറ്റി, കാസർഗോഡ് എന്നീ ജില്ലകളാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിശീലനം നൽകിയ കേന്ദ്രങ്ങൾ. തിരുവനന്തപുരം റൂറൽ, കൊച്ചി സിറ്റി, ഇടുക്കി ജില്ലകളിലായി ആകെ 39,834 പേർക്ക് വനിതാ സ്വയം പ്രതിരോധ പരിശീലനം ലഭിച്ചിട്ടുണ്ട്.