കേരള പോലീസ് വെൽഫെയർ ബ്യൂറോ
സംസ്ഥാനത്തെ പോലീസ് സേനയുടെ ക്ഷേമ ആവശ്യങ്ങൾ നിറവേറ്റാനായി കേരള പോലീസ് ആക്റ്റ് 2011 ലെ സെക്ഷൻ 104 പ്രകാരമാണ് പോലീസ് വെൽഫെയർ ബ്യൂറോ (PWB) രൂപീകരിച്ചിരിക്കുന്നത്. 2011 നവംബർ മുതൽ ഇത് പ്രവർത്തിക്കുന്നു. സംസ്ഥാന പോലീസ് മേധാവി കേരള പോലീസ് വെൽഫെയർ ബ്യൂറോയുടെ തലവനായും  എ ഡി ജി പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ കേരള പോലീസ് വെൽഫെയർ ബ്യൂറോയുടെ പ്രസിഡന്റായും സംസ്ഥാന പോലീസ് മേധാവി നാമനിർദ്ദേശം ചെയ്യുന്നു. ഐ ജി പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. രണ്ട് വർഷത്തേക്ക് പോലീസ് സേനയിലെ വിവിധ റാങ്കുകളിൽ നിന്ന് സംസ്ഥാന പോലീസ് മേധാവി നാമനിർദ്ദേശം ചെയ്ത 10 ഉപദേശക അംഗങ്ങളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പോലീസ് പെൻഷനർമാരുടെ ക്ഷേമ അസോസിയേഷന്റെ പ്രതിനിധിക്കും പ്രത്യേക ക്ഷണിതാവായി കേരള പോലീസ് വെൽഫെയർ ബ്യൂറോ യോഗങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. വിവിധ ക്ഷേമ കാര്യങ്ങളുടെ നടപടികൾ ചർച്ച ചെയ്യുന്നതിനും രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സമിതി ഇടയ്ക്കിടെ യോഗം ചേരുന്നു. ഡ്യൂട്ടിക്കിടയിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെയോ അവരുടെ ആശ്രിതരുടെയോ ഗുരുതരമായ രോഗങ്ങൾക്ക് വൈദ്യചികിത്സ തുടങ്ങിയവയ്ക്ക് അടിയന്തിര ധനസഹായമോ പലിശരഹിത വായ്പകളോ അനുവദിക്കുന്നത് കേരള പോലീസ് വെൽഫെയർ ബ്യൂറോ അല്ലെങ്കിൽ സംസ്ഥാന പോലീസ് മേധാവി ആയിരിക്കും. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കൗൺസിലിംഗ് സെന്റർ (ഹാറ്റ്സ് ) കേരള പോലീസ് വെൽഫെയർ ബ്യൂറോ ആരംഭിച്ചു.