കാറുകളും ജീപ്പുകളും ഓടിക്കുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും, വസ്തുതകളും.

  1. അശ്രദ്ധയോടെയുള്ള ഓവര്‍ടേക്കിംഗ് ആണ് അപകടങ്ങളില്‍ നല്ലൊരു പങ്കിനും കാരണം. ആയതിനാല്‍ സ്പീഡ് നിയന്ത്രിക്കുകയും ഒരു കാരണവശാലും അപകടകരമായ ഓവര്‍ടേക്കിംഗ് ചെയ്യാതിരിക്കുകയും വേണം. സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.
     
  2. മണിക്കൂറില്‍ പോകാവുന്ന പരമാവധി വേഗത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ - 30 കി മീ, Ghat Roads - 45 കി മീ, കോര്‍പറേഷന്‍/മുനിസിപ്പല്‍ ഏരിയ - 50 കി മീ, N H - 85 കി മീ, S H - 80 കി മീ,നാലുവരി പാത - 90 കി മീ, മറ്റു സ്ഥലങ്ങള്‍- 70 കി മീ
     
  3. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ഘാതമുണ്ടാക്കും എന്ന് ഓര്‍ക്കുക.
     
  4. ഓവര്‍ടേക്കിംഗ് സമയത്ത് മറ്റൊരു വാഹനത്തെ ഇടിക്കുമ്പോള്‍ ആഘാതം രണ്ടു വാഹനത്തിന്റേയും വേഗതയുടെ ആകെത്തുകയാണ് എന്നതാണ് വസ്തുത.
     
  5. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങിനെ ചെയ്യുക. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പോകുവാന്‍ ആവശ്യമായ വഴി ഉള്ളിടത്തുമാത്രമേ ഓവര്‍ടേക്കിംങ് നടത്താവൂ.
     
  6. നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നല്‍ കൊടുക്കുകയും, പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെനിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റ് വാഹനങ്ങല്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം.
  7. മദ്യപിച്ച് വാഹനം ഓടിക്കല്‍ കാര്‍ ഡ്രൈവര്‍മാരിലും ജീപ്പ് ഡ്രൈവര്‍മാരിലും സാമാന്യേന കൂടുതലാണ്. മദ്യപിച്ചശേഷം ഒരു കാരണവശാലും വാഹനമോടിക്കരുത്


 

  1. വാഹനമോടിക്കുന്ന സമയം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധ ഡ്രൈവിങ്ങില്‍ നിന്ന് മാറുകയും അപകടങ്ങളില്‍പ്പെടുകയും ചെയ്യും. ഒന്നുകില്‍ വാഹനം റോഡരുകില്‍ നിര്‍ത്തിയതിനുശേഷം മാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുന്ന സമയം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
     
  2. നല്ലൊരുഭാഗം കാറപകടങ്ങള്‍, കുടുംബസമേതം പോകുന്ന വാഹനങ്ങളില്‍ (പ്രത്യേകിച്ചും, രാത്രിയിലുള്ള സമയത്ത്) ഉണ്ടാകുന്നവയാണ്. ഇതിന് പ്രധാന കാരണം വാഹനം ഓടിക്കുന്ന ആള്‍ കാറിനുള്ളിലെ സംഭാഷണങ്ങളില്‍ മറ്റും മുഴുകുന്നതും, ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റുന്നതുമാണ്. പല സ്വകാര്യ കാറുകളും ഓടിക്കുന്നവര്‍ രാത്രിയില്‍ വാഹനം ഓടിച്ച് ശീലമുള്ളവരല്ല. രാത്രികാലങ്ങളില്‍ പ്രത്യേകിച്ച് 12 മണിക്ക് ശേഷവും, കാലത്ത് 6 മണിക്ക് മുമ്പായും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം കാര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ്. ഇതൊഴിവാക്കാന്‍ ഒന്നുകില്‍ രാത്രികാലങ്ങളില്‍ വാഹനമോടിച്ച് നല്ല പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗിക്കുകയോ അതുമല്ലെങ്കില്‍ ഉറക്കം വരുന്ന സമയംതന്നെ വാഹനംഓടിക്കല്‍ നിര്‍ത്തി ഉറങ്ങിയുണര്‍ന്നശേഷം മാത്രം വാഹനം ഓടിക്കുകയോ ചെയ്യേണ്ടതാണ്. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഒരു കാരണവശാലും വാഹനത്തിനുള്ളിലെ കളികളിലും, സംഭാഷണങ്ങളിലും ചേര്‍ന്ന് അശ്രദ്ധമായി വാഹനം ഓടിക്കരുത്. നിങ്ങളുടെ ആഘോഷങ്ങള്‍ ചില സെക്കന്റുകള്‍കൊണ്ട് നിത്യ ദുരന്തങ്ങളായി മാറിയേക്കാം.
     
  3. വളരെ ദുരം വാഹനം ഓടിച്ചശേഷം ക്ഷീണം അകറ്റാതെ ഉദ്ദേശിച്ച സ്ഥലത്ത് പെട്ടെന്ന് എത്താനുള്ള ശ്രമം പലപ്പോഴും അന്ത്യയാത്രകളാകാറുണ്ട്. ആയതിനാല്‍ ശാരീരിക ക്ഷമതയില്ലാത്ത അവസരങ്ങളില്‍ ക്ഷീണം മാറിയതിനുശേഷം മാത്രം വാഹനം ഓടിക്കുക.
     
  4. മറ്റ് വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറികടക്കുമ്പോള്‍ നമ്മുടെ വാഹനം സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് മറികടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും വേണം. വാഹനങ്ങളെ രണ്ടുംകല്‍പിച്ച് ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്
     
  5. രാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളില്‍ എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം.
     
  6. വളവുകളില്‍ സെന്‍ട്രിഫ്യൂഗല്‍, സെന്‍ട്രിപെറ്റല്‍ ഫോഴ്‌സസ് ഉണ്ടായിരിക്കുമെന്നും ആയതിനാല്‍ ബ്രേക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല വണ്ടിയുടെ ചലനം എന്നും മനസ്സിലാക്കുക. വാഹനത്തിന്റെ സ്പീഡ്, റോഡിന്റെ ചരിവ്, വാഹനത്തിലെ ലോഡ് എന്നിവ അനുസരിച്ച് വാഹനത്തിന്റെ പ്രതിപ്രവര്‍ത്തനം മാറുമെന്നും അതുകൂടി കണക്കിലെടുത്തുവേണം ബ്രേക്ക് ഉപയോഗിക്കേണ്ടതെന്നും ഓര്‍ക്കുക.
     
  7. ഒരു അപകടം ഒഴിവാക്കേണ്ടതിന് വേണ്ടിയല്ലാതെ യാതൊരു കാരണവശാലും വാഹനം സഡന്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തരുത്.
     
  8. റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ അതിന്റെ മുന്നില്‍ നിന്നോ പിന്നില്‍നിന്നോ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ച് ഓവര്‍ടേക്ക് ചെയ്യണം. വാഹനം പുറകോട്ടെടുക്കുന്ന സമയം പിന്‍വശത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തുക.
     
  9. വാഹനം ഓടിക്കുന്നവര്‍ ഗതാഗതനിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവ കൃത്യമായി മനസ്സിലാക്കുക. ഡ്രൈവര്‍മാരുടെ അറിവില്ലായ്മ, അശ്രദ്ധ, അക്ഷമ, അഹങ്കാരം എന്നിവയാണ് മിക്കവാറും എല്ലാ അപകടങ്ങളുടേയും കാരണം എന്ന് മനസ്സിലാക്കുക.
     
  10. ട്രാഫിക് പോലീസിന്റെ സിഗ്നലുകള്‍ അനുസരിക്കുക. വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംങ് ലൈസന്‍സും, വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്.
     
  11. മരണം വരുത്തുവാന്‍ ഇടയുണ്ടെന്നുള്ള അറിവോടുകൂടിയുണ്ടാക്കുന്ന വാഹന അപകടങ്ങളില്‍ ജാമ്യം ലഭിക്കാത്തതും പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതുമായ കേസുകള്‍ ഉണ്ടാകുമെന്നറിയുക.
     

ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും സമൂഹത്തേയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.

അത്രയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് നിയമപരമായും ശ്രദ്ധയോടുംകൂടി ഉചിത വേഗതയിലുമാണ് വാഹനയാത്രയെങ്കില്‍ നമുക്ക് സന്തോഷമായി ജിവിച്ചിരിക്കാം.

Last updated on Monday 4th of May 2020 PM