ഫോട്ടോഗ്രാഫിക് ബ്യൂറോ

ആമുഖം

 

പോലീസ് ആസ്ഥാനത്താണ് സംസ്ഥാന ഫോട്ടോഗ്രാഫിക് ബ്യൂറോ പ്രവർത്തിക്കുന്നത്. ഈ ഡിവിഷന്റെ തലവൻ ചീഫ് ഫോട്ടോഗ്രാഫർ ആണ്. എല്ലാ ജില്ലകളിലും, സിറ്റി പോലീസ് ഓഫീസുകളിലും, ഫോറൻസിക് സയൻസ് ലബോറട്ടറി, സി.ബി.സി.ഐ.ഡി ആസ്ഥാനങ്ങളിലും, ഫോട്ടോഗ്രാഫിക് ബ്യൂറോ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

Photographic Bureau

Evidential value

  • 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിലെ 65-B വകുപ്പിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന്, പോലീസ് വകുപ്പിന്റെ സുപ്രധാന കർത്തവ്യമായ ക്രമസമാധാന പാലനത്തിനും, തെളിവ് ശേഖരണ നടപടികളിലും, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയുടെ പ്രയോഗം ഗണ്യമായ രീതിയിൽ വർദ്ധിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
  • 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിലെ 65-B വകുപ്പ് പ്രകാരം, കമ്പ്യൂട്ടർ മുഖേന നിർമ്മിക്കപ്പെടുന്നതും, ഒപ്റ്റിക്കൽ അല്ലെങ്കിൽ കാന്തിക മാധ്യമത്തിൽ ശേഖരിക്കപ്പെടുകയോ അല്ലെങ്കിൽ പകർത്തപ്പെടുകയോ ചെയ്തിട്ടുള്ളതും, അല്ലെങ്കിൽ പേപ്പറിൽ അച്ചടിക്കപ്പെട്ടിട്ടുള്ളതുമായ ഏതെങ്കിലും തരത്തിലുള്ള വിവരം, ഒരു ഇലക്ട്രോണിക് മാധ്യമത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ, ആയത് ഒരു തെളിവ് രേഖയായി കണക്കാക്കാവുന്നതാണ്. ആയതിനാൽ തന്നെ, 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ഫോട്ടോഗ്രാഫുകൾ, വീഡിയോ റെക്കാർഡുകൾ എന്നിവയെ തെളിവ് രേഖകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
  • 1872 ലെ ഇന്ത്യൻ തെളിവ് നിയമം, വകുപ്പ് 65-B പ്രകാരം, കോടതി മുമ്പാകെ തെളിവായി ഹാജരാക്കേണ്ടവയുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ എടുക്കുവാൻ പോലീസ് വകുപ്പിലെ ഫോട്ടോഗ്രാഫർമാർക്ക് സവിശേഷമായ അധികാരം നൽകിയിട്ടുണ്ട്.
  • 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിലെ 45-ാം വകുപ്പ് പ്രകാരം ഫോട്ടോഗ്രാഫറെ 'വിഷയ വിദഗ്ധൻ' (Subject Expert) ആയി അംഗീകരിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫിക് ബ്യുറോയുടെ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ പൊതുവിലുള്ള ജോലികളും

ഫോട്ടോഗ്രാഫിക് ബ്യൂറോ '24x7' സമയവും പ്രവർത്തന സജ്ജമാണ്. ദൈനംദിന ജോലികളോ, അടിയന്തരമായി വന്നു ചേരുന്ന ജോലികളോ, എന്തുതന്നെ ആയാലും, എത്രയും പെട്ടെന്ന് സ്ഥലത്ത് എത്തിച്ചേർന്ന് തെളിവ് മൂല്യമുള്ള ചിത്രങ്ങൾ/വീഡിയോകൾ എന്നിവ യഥാമസയം രേഖപ്പെടുത്തുവാൻ ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി റൊട്ടേഷൻ അടിസ്ഥാനത്തിൽ 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്.

ഫോട്ടോഗ്രാഫിക് ബ്യൂറോയിലെ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട കേസിന്റെ കൃത്യസ്ഥലത്തു നിന്നും കണ്ടെടുക്കുന്ന ശാസ്ത്രീയ തെളിവുകളായ വിരലടയാളങ്ങൾ, മുടി, രക്തക്കറകൾ, മറ്റ് വിലപ്പെട്ട തെളിവുകൾ എന്നിവ, കൃത്യസ്ഥലത്തു നിന്നു തന്നെയാണ് കണ്ടെത്തി ശേഖരിച്ചിട്ടുള്ളത് എന്ന് തെളിയിക്കുവാനും ഇത്തരം തെളിവുകളുടെ സാധുത ഉറപ്പുവരുത്തുന്നതിനുമായി കൃത്യസ്ഥലത്തെ ചിത്രങ്ങൾ/വീഡിയോ എടുക്കുന്നു. സംശയാസ്പദമായ മരണം, അസ്വഭാവിക മരണം എന്നിവ നടക്കുമ്പോൾ ആയതിന്റെ പ്രേതവിചാരണ നടപടികളുടെ ചിത്രങ്ങൾ എടുക്കുകയും പോലീസ് വകുപ്പ് നടത്തുന്ന മറ്റെല്ലാ ചടങ്ങുകളുടെയും ചിത്രങ്ങളും, വീഡിയോകളും എടുക്കുകയും ചെയ്യുന്നു.

ഇതിനു പുറമേ 164 സി.ആർ.പി.സി പ്രകാരം മജിസ്ട്രേറ്റിനു മുൻപാകെ ഇര നൽകുന്ന മൊഴി വിഡിയോ റെക്കോർഡ് ചെയ്യുന്നതും, ഫോട്ടോഗ്രാഫിക് വിഭാഗത്തിലെ ഉദ്യാഗസ്ഥരാണ്. കൂടാതെ പോലീസ് കസ്റ്റഡിയിലോ, ജയിലിലോ വച്ച് നടക്കുന്ന മരണങ്ങളിലെ പോസ്റ്റ്മോർട്ടം പരിശോധന നടപടികൾ, കൂടാതെ സംശയകരമയ മരണങ്ങളിൽ കോടതിയുടെ നിർദ്ദേശപ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീണ്ടും കുഴിച്ചെടുത്ത് (എക്സ്ഹ്യുമേഷൻ) പരിശോധന നടത്തുമ്പോഴും ഇത്തരം നടപടികൾ വീഡിയോ എടുത്ത് ഹാജരാക്കുന്നതും, ഫോട്ടോഗ്രാഫിക് ഡിവിഷന്റെ ചുമതലയാണ്.

ഫോട്ടോഗ്രാഫറുടെ കർത്തവ്യങ്ങളും ചുമതലകളും

  • ഫോട്ടോഗ്രാഫിംഗ്
    1. ഏതെങ്കിലും കേസുകളുടെ കൃത്യസ്ഥലത്തു നിന്നും ലഭിക്കുന്ന വിരലടയാളങ്ങൾ, കാൽപാദങ്ങളുടെ അടയാളങ്ങൾ എന്നിവ, പ്രസ്തുത കുറ്റകൃത്യത്തിന്റെ കൃത്യസ്ഥലത്തു നിന്നു തന്നെയാണ് ശേഖരിക്കപ്പെട്ടത് എന്ന് കോടതി മുമ്പാകെ തെളിയിക്കുന്നതിനായി അവയുടെ ഫോട്ടോകൾ എടുത്ത് ഹാജരാക്കുക.
    2. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ കൃത്യസ്ഥലത്തു നിന്നും തെളിവുകൾ ശേഖരിക്കുന്നതിന്റെയും, വിരലടയാള ബ്യൂറോയിലെ വിരലടയാള വിദഗ്ധർ ചാൻസ് ഫിംഗർ പ്രിന്റുകൾ വികസിപ്പിക്കുന്ന നടപടിക്രമങ്ങളുടെയും ചിത്രങ്ങൾ എടുത്ത്, കോടതി മുമ്പാകെ ഹാജരാക്കുന്ന പ്രസക്തമായ ഇത്തരം തെളിവുകൾ ഏതൊക്കെ ഉദ്യോഗസ്ഥർ, സംഭവ സ്ഥലത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ നിന്നാണ് പ്രസ്തുത തെളിവുകൾ കണ്ടെത്തി ശേഖരിച്ചത് എന്നുള്ളത് കോടതിക്ക് ബോധ്യപ്പെടുത്തുവാനായി ഇത്തരം നടപടികളുടെ ചിത്രങ്ങൾ എടുത്ത് ഹാജരാക്കുക.
    3. കോടതി മുൻപാകെ ഭൗതികമായി ഹാജരാക്കുവാൻ കഴിയാത്ത വിലപ്പെട്ട ശാസ്ത്രീയ തെളിവുകളായ മുടി, രക്തക്കറകൾ, മറ്റ് തെളിവുകൾ എന്നിവയും, കോടതി മുൻപാകെ ഭൗതീകമായി ഹാജരാക്കാൻ സാധിക്കാത്തതും, കേസുകളുമായി ബന്ധപ്പെട്ടതുമായ തൊണ്ടിമുതലുകൾ എന്നിവയുടെയും ചിത്രങ്ങൾ എടുത്ത് ഹാജരാക്കുക.
    4. ഇന്ത്യൽ ശിക്ഷാനിയമത്തിലെ XII, XVII അധ്യായങ്ങളിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ളതും, ഒരു വർഷമോ, അതിനുമുകളിലോ കാലയളവിൽ കഠിന തടവിന് ശിക്ഷ വിധിക്കപ്പെട്ടതും, DC, KD പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സ്ഥിരം കുറ്റവാളികളുടെയും, റൗഡികൾ (മനുഷ്യശരീരത്തിന് അപകടം ഉണ്ടാകും വിധത്തിൽ കുറ്റകൃത്യം ചെയ്ത് ശിക്ഷിക്കപ്പെട്ടതും, ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ കുറ്റവാളികൾ) എന്നിവരുടെയും ചിത്രങ്ങൾ എടുക്കുക.
    5. കേസന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ ഏതൊരു വ്യക്തിയുടെയോ അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവിൻ പ്രകാരം ഏതൊരു വ്യക്തിയുടെയോ അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഒരു വർഷമോ, അതിനു മുകളിലോ കാലയളവിൽ കഠിനതടവിന് ശിക്ഷിക്കപ്പെടുന്ന വിദേശിയുടെയോ ചിത്രങ്ങൾ എടുക്കുക.
    6. കേരള പോലീസിന്റെ ഏതെങ്കിലും യൂണിറ്റുകളിൽ ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ളതോ, ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതൊരാളുടെയും ചിത്രങ്ങൾ എടുക്കുക.
    7. എൻ.ഡി.പി.എസ് & അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിലെ, തൊണ്ടിമുതലുകളിൽ നിന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിക്കുന്ന നടപടിക്രമം ചിത്രീകരിക്കുക.
    8. വിവധ സംഘടനകൾ നടത്തുന്ന പ്രകടനങ്ങളും, ക്രമസമാധാന പ്രശ്നങ്ങളും ചിത്രീകരിക്കുക.
    9. പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാസ്സിംഗ് ഔട്ട് പരേഡുകൾ, ആചാരപരമായ പരേഡുകൾ, കോൺഫറൻസുകൾ, മീറ്റുകൾ, സെമിനാറുകൾ ശില്പശാലകൾ തുടങ്ങിയ എല്ലാ പരിപാടികളുടെയും ചിത്രീകരണം.
    10. കൂടാതെ തെളിവു നൽകുന്നതിനായി ബന്ധപ്പെട്ട കോടതി മുൻപാകെ ഹാജരാകുക.
  • വീഡിയോ ചിത്രീകരണം
    1. POCSO – നിയമം 2012 ലെ 26-ാം വകുപ്പ്, 4-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഇര സി.ആർ.പി.സി 164 പ്രകാരം നൽകുന്ന മൊഴി രേഖപ്പെടുത്തുന്ന നടപടി ക്രമങ്ങളുടെ വിഡിയോ ചിത്രീകരണം.
    2. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം, പോലീസ് കസ്റ്റഡിയിലോ, പോലീസ് നടപടിയിലോ, ജയിലുകളിലോ വച്ച് നടക്കുന്ന മരണങ്ങളുടെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളുടെയും, എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ഫോറൻസിക് സർജൻ, ശവശരീരം വീണ്ടും കുഴിച്ചെടുക്കുന്ന പ്രക്രീയയുടെയും (എക്സ്ഹ്യുമേഷൻ) വീഡിയോ ചിത്രീകരണം.
    3. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ വച്ച് നടത്തുന്ന നുണപരിശോധന നടപടിക്രമങ്ങളുടെ (പോളിഗ്രാഫ് ടെസ്റ്റ്) വീഡിയോ ചിത്രീകരണം.
    4. ഇന്ത്യൻ തെളിവ് നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം നടത്തുന്ന റിക്കവറി നടപടികളുടെ വീഡിയോ ചിത്രീകരണം.
    5. രാഷ്ട്രീയ പാർട്ടികളുടെയും, മതസംഘടനകളുടെയും നേതാക്കന്മാർ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളും, അവർ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും ചിത്രീകരിക്കുക.
    6. ഇര ബധിരനും, മൂകനുമായ കേസുകളിൽ കോടതി നടപടിക്രമങ്ങൾ ചിത്രീകരിക്കുക.
    7. പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ ചടങ്ങുകളും, കൂടാതെ എസ്.പി/ഡി.വൈ.എസ്.പി/എ.സി.പി മാർ എന്നിവരുടെ നിർദ്ദേശ പ്രകാരം വി.വി.ഐ.പി/വി.ഐ.പികൾ/പി.പി എന്നിവരുടെ സന്ദർശനങ്ങൾ ചിത്രീകരിക്കുക.
  • കോടതി മുൻപാകെ തെളിവിലേക്ക് ഹാജരാക്കുന്ന ഫോട്ടോകൾ സമർപ്പിക്കേണ്ട വിധം
    1. യഥാർത്ഥ ഫയലിൽ യാതൊരു മാറ്റവും വരുത്താതെ ആയിരിക്കണം ചിത്രങ്ങൾ പ്രിന്റ് ചെയ്യേണ്ടത്.
    2. ഇപ്രകാരം ഹാജരാക്കുന്ന ചിത്രങ്ങളുടെ യഥാർതഥ ഇമേജ് ഫയൽ അടങ്ങിയ സി.ഡി യും ചിത്രങ്ങളോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടാതെ സി.ഡിയിൽ ആവശ്യമായ അടയാളപ്പെടുത്തലുകളും ചേർക്കേണ്ടതാണ്.
    3. 12 x 8 സൈസ് പേപ്പറിലാണ് ഫോട്ടോകൾ പ്രിന്റ് ചെയ്യേണ്ടത്. ഫോട്ടോയ്ക്ക് ചുവടെയോ, അല്ലെങ്കിൽ ഫോട്ടോയ്ക്ക് നേരെയോ യഥാർത്ഥ ഇമേജ് ഫയൽ നമ്പർ കൂടി കാണിക്കേണ്ടതാണ്. ഇത് ചിത്രങ്ങളോടൊപ്പം സമർപ്പിക്കുന്ന സി.ഡി യിൽ നിന്നും, അതാത് ഇമേജുകൾ തിരിച്ചറിയുവാൻ സഹായകമാകുന്നതാണ്.
    4. ഓരോ ചിത്രത്തിലും ആവശ്യമായ അടയാളങ്ങൾ നൽകി ക്രമ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.
    5. ചിത്രങ്ങൾ, സി.ഡി എന്നിവയോടൊപ്പം, 1872 ലെ ഇന്ത്യൻ തെളിവ് നിയമം, 65 – B വകുപ്പ് പ്രകാരം, ക്രൈം നമ്പർ, എക്സ്പോസിംഗ് തീയതി, സമർപ്പിക്കപ്പെടുന്ന ഫോട്ടോകളുടെ എണ്ണം, ഫോട്ടോകൾ അച്ചടിച്ചിട്ടുള്ള പേജുകളുടെ നമ്പർ, പ്രസ്തുത ആവശ്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിശദമായ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.
    6. സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിലും, ഫോട്ടോകളിലും ഓഫീസ് സീൽ പതിപ്പിക്കേണ്ടതാണ്.
    7. മേൽപറഞ്ഞവയുടെ ഒരു പകർപ്പ് ഫോട്ടോഗ്രാഫറുടെ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.
    8. ഫോട്ടോകൾ വിതരണം ചെയ്ത തീയതിയും, അനുബന്ധ വിവരങ്ങളും, ഫോട്ടോഗ്രാഫറുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
    9. ഫോട്ടോകൾ അച്ചടിച്ചിട്ടുള്ള പേജുകളുടെ മുകൾഭാഗത്തായി പേജ് നമ്പരുകൾ, അതായത് പേജ് 1 ൽ 1, പോജ് 5 ൽ 1, പേജ് 5 ൽ 2 എന്നിങ്ങനെ കാണിക്കേണ്ടതാണ്.
  • തെളിവിലേക്ക് ഹാജരാക്കുന്ന വിഡിയോ റെക്കോർഡുകൾ സമർപ്പിക്കേണ്ട വിധം

    വീഡിയോ റെക്കോർഡിംഗിനായി ഉപയോഗിച്ച മെമ്മറി കാർഡ്, സാക്ഷ്യപത്രത്തോടൊപ്പം ചേർത്ത് സീൽ ചെയ്ത് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്. വീഡിയോ ചിത്രീകരണ നടപടികൾ അവസാനിച്ചുകഴിഞ്ഞാൽ ആയതിന്റെ രസീത് മെമ്മറി കാർഡ് കൈമാറിയ ഉദ്യോഗസ്ഥനിൽ നിന്ന് ശേഖരിച്ച് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.

  • ഏതൊക്കെ വ്യക്തികളുടെ ചിത്രങ്ങളാണ് തെളിവ് രേഖയായി എടുക്കേണ്ടത്
    1. ഇന്ത്യൻ ശിക്ഷാനിയമത്തിലെ അധ്യായം XII, XVII എന്നിവ പ്രകാരമുള്ള കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടതും, ഒരു വർഷമോ, അതിനുമുകളിലോ, കഠിനതടവിന് ശിക്ഷിക്കപ്പെടാവുന്നതോ അല്ലെങ്കിൽ തുടർന്നുള്ള ശിക്ഷാവിധിയിൽ കൂടുതൽ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യം ചെയ്തിട്ടുള്ളതോ ആയ വ്യക്തിയുടെ ചിത്രങ്ങൾ.
    2. ക്രിമിനൽ നടപടിക്രമത്തിലെ ഏതെങ്കിലും നടപടിക്കോ അല്ലെങ്കിൽ അന്വേഷണ ആവശ്യത്തിലേക്കോ ആയി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഫോട്ടോ എടുക്കാൻ ഉത്തരവിട്ട വ്യക്തിയുടെ ചിത്രങ്ങൾ. അത്തരം നടപടിക്രമം അല്ലെങ്കിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ സംബന്ധിച്ച് മാത്രമാണ് മജിസ്ട്രേറ്റിന് ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുന്നത്. മജിസ്ട്രേറ്റിന്റെ ഉത്തരവിൽ, ടി വ്യക്തിയെ ഹാജരാക്കുവാൻ സിർദ്ദേശിച്ചിട്ടുള്ള നിശ്ചിത സ്ഥലത്തും സമയത്തും ആണ് ഫോട്ടോകൾ എടുക്കേണ്ടത്.
    3. വിചാരണ തടവുകാരുടെ ചിത്രങ്ങൾ എടുക്കാൻ പാടുള്ളതല്ല.
    4. പോയിന്റ് നം.3 ലെ വ്യവസ്ഥകൾ പ്രകാരം ഫോട്ടോകൾ എടുക്കുവാൻ വിസമ്മതിക്കുകയോ, എതിർക്കുകയോ ചെയ്യുന്ന പക്ഷം, പോലീസ് ഉദ്യോഗസ്ഥന് നിയമാനുസൃതമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പ്രസ്തുത വ്യക്തിയുടെ ചിത്രങ്ങൾ എടുക്കാവുന്നതാണ്. (1920 ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്റ്റിലെ 6(1) വകുപ്പ് പ്രകാരം (1920 ലെ കേന്ദ്ര നിയമം XXXIII), 1963 കേരള ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്ടിലെ 7-ാം വകുപ്പ് പ്രകാരവും (1963 ലെ 39-ാം നിയമം).
    5. ഇപ്രകാരം ഫോട്ടോ എടുക്കുന്നതിന് വിസമ്മതിക്കുകയോ, തടസ്സം നിൽക്കുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 186-ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് (1920 ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്റ്റിലെ 6(1) വകുപ്പ് പ്രകാരം (1920 ലെ കേന്ദ്ര നിയമം XXXIII), 1963 കേരള ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്ടിലെ 7-ാം വകുപ്പ് പ്രകാരവും (1963 ലെ 39-ാം ആക്റ്റ്).
    6. വിചാരണ കൂടാതെ പുറത്തുവിടുകയോ, ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുകയോ, കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്യുന്ന വ്യക്തികളുടെ ചിത്രങ്ങൾ.
  • ഫോട്ടോഗ്രാഫുകളുടെ ആനുകാലിക ഉന്മൂലനം:
    • പോലീസ് നടപടിയിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ പോസ്റ്റ്മോർട്ടം പരിശോധനയുടെ ചിത്രങ്ങൾ എടുക്കുന്നതും, വീഡിയോ ചിത്രീകരിക്കുന്നതും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ന്യൂഡൽഹി പുറപ്പെടുവിച്ച മാർഗ്ഗനിദ്ദേശങ്ങൾ.

      പോലീസ് നടപടിയിൽ മരണം സംഭവിച്ച കേസുകളിൽ പോസ്റ്റ്-മോർട്ടം പരിശോധനയുടെ മുഴുവൻ നടപടിക്രമങ്ങളും, വീഡിയോ ചീത്രീകരിക്കേണ്ടതും ചിത്രങ്ങൾ എടുക്കേണ്ടതുമാണ്. പോസ്റ്റ്മോർട്ടം പരിശോധനയുടെ വീഡിയോയും ചിത്രങ്ങളും എടുക്കുന്നതിന്റെ ഉദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:-

      1. പോസ്റ്റ്മോർട്ടം പരിശോധനയിലെ വിശദമായ കണ്ടെത്തലുകൾ, പ്രത്യേകിച്ച് കസ്റ്റഡി പീഡനത്തിലേക്ക് വിരൽ ചൂണ്ടാവുന്ന തരത്തിലുള്ള അടയാളങ്ങളോ, മുറിവുകളോ, അതിക്രമമോ ആയി ബന്ധപ്പെട്ടവ ചിത്രീകരിക്കുന്നതിനും.
      2. ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്താൽ, സുപ്രധാന വിവരങ്ങൾ മറച്ചുവയ്ക്കപ്പെടുന്നില്ല എന്നത് ഉറപ്പുവരുത്തി, പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തലുകൾ പിന്താങ്ങും വിധത്തിൽ വീഡിയോഗ്രാഫിക് തെളിവുകൾ കൂടി ശേഖരിക്കുന്നതിനും, കേസന്വേഷണത്തിൽ പിന്നീട് എപ്പോഴെങ്കിലും ആവശ്യമായി വന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയെക്കുറിച്ച് സ്വതന്ത്രമായ ഒരു അവലോകനം സാധ്യമാക്കുവാനും.
    • പോസ്റ്റ്-മോർട്ടം പരിശോധനയുടെ ചിത്രങ്ങൾ എടുക്കേണ്ടതും വീഡിയോ റെക്കോർഡ് ചെയ്യേണ്ടതുമായ വിധം

      പോസ്റ്റ്-മോർട്ടം പരിശോധന റെക്കോർഡ് ചെയ്യപ്പെടുന്ന സമയത്ത് പോസ്റ്റ്മോർട്ടം നടത്തുന്ന ഡോക്ടറുടെ ശബ്ദം കൂടി റെക്കോർഡ് ചെയ്യേണ്ടതാണ്. പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന അവസരത്തിൽ ഡോക്ടർ പ്രഥമദൃഷ്ട്യാ ഉള്ള നിരീക്ഷണങ്ങൾ വിവരിക്കേണ്ടതാണ്.

Last updated on Tuesday 8th of March 2022 PM