ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ (CFPS)

ശിശുസൗഹാർദ്ദപരമായ സമീപനം, അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, നടപടിക്രമങ്ങൾ, നിർവ്വഹണം എന്നിവ നടപ്പിൽ വരുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകൾ അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും, കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. വിജയകരമായ ആദ്യ ഉദ്യമത്തിനു ശേഷം, കേരളത്തിലെ 110 പോലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. UNICEF ന്റെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച റസിഡൻഷ്യൽ ശിൽപശാലയിലൂടെ പ്രസ്തുത പോലീസ് സ്റ്റേഷനുകളിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഇതിനാവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.

CAP സ്റ്റേഷനുകളുടെ ലക്ഷ്യങ്ങൾ

  • നമ്മുടെ കുട്ടികൾ സ്നേഹവും കരുതലും, നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്നു എന്ന് ഉറപ്പുവരുത്തുക.
  • കുട്ടികൾക്കെതിരെയുള്ള ഏതൊരു അതിക്രമമോ, ദുരുപയോഗമോ, കൃത്യമായും, സൂക്ഷമമായും അന്വേഷിക്കപ്പെടുന്നു എന്നും, കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നു എന്നും ഉറപ്പുവരുത്തുക.
  • ഇപ്രകാരം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഉള്ള കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ്, രാജ്യത്തിന്റെ ഉത്തമ പൗരന്മാരാക്കി മാറ്റുന്ന രീതിയിൽ അവരെ പരിപാലിക്കേണ്ടതാണ്.
  • രക്ഷകർത്താക്കൾ, അധ്യാപകർ കൂടാതെ സമൂഹം ഒന്നാകെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവാൻമാരാണ് എന്ന് ഉറപ്പുവരുത്തുക.
  • കുട്ടികൾ തങ്ങളുടെ അവകാശങ്ങളെ കുറിച്ചും, അതുപോലെ രാജ്യത്തിലെ ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയ്ക്ക് തങ്ങളിൽ അർപ്പിതമായ കർത്തവ്യങ്ങളെകുറിച്ചും ബോധവാൻമാരാണ് എന്ന് ഉറപ്പുവരുത്തുക.
  • നമ്മുടെ കുട്ടികൾ സുഖപ്രദമായും, സുരക്ഷിതമായും സഞ്ചരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
  • ഒരു കുട്ടിപോലും, ബാലവേല, ഭിക്ഷാടനം എന്നിവയിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുക.
  • ഏതൊരു കുട്ടിക്കോ, രക്ഷകർത്താവിനോ അല്ലെങ്കിൽ കുട്ടികളെ സംബന്ധിച്ച പ്രശ്നവുമായി വരുന്ന ഏതൊരാൾക്കും, സധൈര്യം സമീപിക്കുവാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ നമ്മുടെ പോലീസ് സ്റ്റേഷനുകൾ നീതിയുടെ ആലയങ്ങളായി മാറുക.
  • എല്ലാ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളും, കുട്ടികളുടെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സർക്കാർ/സർക്കാരിത ഏജൻസികളും, പൗരസമൂഹവുമായുള്ള സഹവർത്തിത്ത്വം കൂടുതൽ ശക്തിപ്പെടുന്ന രീതിയിൽ, സ്നേഹ പ്രചോദിതമായ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
  • ആത്യന്തികമായി, രക്ഷകർത്താക്കൾ, അധ്യാപകർ, കൂടാതെ പൊതു സമൂഹത്തിന്റെ ഒട്ടാകെയുള്ള സജീവ പങ്കാളിത്തം മുഖേന ഒരോ ശിശുവിനു ചുറ്റിലും, സംരക്ഷണത്തിന്റെ ഒരദൃശ്യ ഭിത്തി സൃഷ്ടിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക.

CAP സ്റ്റേഷനുകളുടെ ലക്ഷ്യങ്ങൾ

CAP സ്റ്റേഷനുകളുടെ സവിശേഷതകൾ

ശിശുസൗഹൃദ അടിസ്ഥാന സൗകര്യ ക്രമീകരണം.

  • കുട്ടികളുമായി സംവദിക്കുന്നതിനായി ഒരു പ്രത്യേക ഇടം/മുറി.
  • കുട്ടികൾക്കായി ഇരിപ്പിടം, ശുചിമുറി, ശുദ്ധമായ കുടിവെള്ളം എന്നിവയ്ക്കുള്ള സൗകര്യം.
  • സ്ത്രീകൾക്ക്, പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് സുഖപ്രദമായി ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇടം.
  • ചൈൽഡ് വെൽഫയർ ഓഫീസറുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും പേരും, ബന്ധപ്പെടേണ്ട വിവരങ്ങളും കാണിക്കുന്ന ബോർഡുകൾ.
  • വിവര-വിദ്യാഭ്യാസ-ആശയവിനിമയ സാമഗ്രികൾ.
  • സ്റ്റേഷൻ സന്ദർശിക്കുന്ന കുട്ടികൾക്കും, മറ്റ് പൗരന്മാർക്കുമായി പുസ്തകങ്ങൾ, ദിനപ്പത്രങ്ങൾ, വാരികകൾ, മാഗസീനുകൾ എന്നിവ ഉൾക്കൊള്ളുന്ന ചെറു ലൈബ്രറിയും, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും, ചട്ടങ്ങളും ഉൾക്കൊള്ളുന്ന മറ്റ് പുസ്തകങ്ങളും.
  • സ്റ്റേഷൻ സന്ദർശിക്കുന്ന ഒരോ കുട്ടിയെയും തന്റെ സ്വന്തം കുട്ടിയായോ അല്ലെങ്കിൽ തന്റെ ബന്ധുമിത്രാദികളായോ കരുതുവാനുള്ള സന്നദ്ധത.
  • കുട്ടികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും, കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുക.
  • പ്രായം, ലിംഗഭേദം, മതം അല്ലെങ്കിൽ ജാതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളെയും ഒരേ രീതിയിൽ പരിഗണിക്കുക.
  • കുട്ടികൾക്കെതിരെയുള്ള അതിക്രമം, ചൂഷണം, പീഢനം എന്നിവ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നുള്ള ദൃഢനിശ്ചയം.
  • ഏതെങ്കിലും രീതിയിലുള്ള ആഘാതം അനുഭവിക്കുന്ന കുട്ടിക്കു നേരെ ഉപാധികളില്ലാത്ത സഹാനുഭൂതി.
  • കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും, ചട്ടങ്ങളും സംബന്ധിച്ച വ്യക്തമായ അറിവ്.
  • മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം മറ്റ് പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് മനശ്ശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ്.
  • ഇത്തരം കുട്ടികളുമായി ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥൻമാർ ഓരോ കുട്ടിയെയും വിലയിരുത്തുവാനും, മുൻധാരണകൾ കൂടാതെ അവരെ കേൾക്കുവാനും, ആവശ്യമായ കേസുകളിൽ അവർക്ക് വിദഗ്ദ സഹായം നൽകുവാനും പ്രാപ്തരായിരിക്കണം.
  • അതായത്, ഒരു പോലീസ് സ്റ്റേഷനെ സമീപിക്കുന്ന ഒരു ഇര, ഒരു കുട്ടി അല്ലെങ്കിൽ സ്ത്രീയുടെ അവസാന മാർഗ്ഗമായിരിക്കണം ഒരു പരാതി രജിസ്റ്റർ ചെയ്യുക എന്നത്.
  • നിയമവുമായി എതിരിട്ടു നിൽക്കുന്ന കുട്ടികളുമായി ഇടപെടുമ്പോൾ എന്ത് സംഭവിച്ചു എന്നതിനെക്കാളുപരി എന്തുകൊണ്ട് സംഭവിച്ചു? എന്നതിന് ഊന്നൽ നൽകുക.
  • കുട്ടികളിലെ പെരുമാറ്റ വ്യതിയാനത്തിന് കാരണം രക്ഷിതാക്കൾ, അധ്യാപകർ കൂടാതെ പോലീസ് ഉൾപ്പെടുന്ന സമൂഹത്തിന്റെ ആകെ പരാജയം ആണ് എന്ന വസ്തുത അംഗീകരിക്കുക.
  • സ്റ്റേഷനുമായി ബന്ധപ്പെടുന്ന ഏതൊരു കുട്ടിയുമായും ഇടപെടുമ്പോൾ സ്വയം ഒരു മാർഗ്ഗദർശ്ശകന്റെ ഭാഗം നിർവ്വഹിക്കുക. (അനുബന്ധം, കുട്ടികളുമായുള്ള അശയവിനിമയത്തിനുള്ള മാർഗ്ഗങ്ങൾ)

ചുവടെ പറയുന്ന ശിശുസൗഹൃദ ഗുണങ്ങളോടു കൂടിയ പോലീസ് ഉദ്യോഗസ്ഥർ.

കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും പ്രചരണവും

CAP പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകൾ, UNCRC നിഷ്കർഷിക്കും പ്രകാരം ചുവടെ ചേർക്കുന്ന കുട്ടികളുടെ അവകാശങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതാണ്.

  • നിലനിൽപ്പിനുള്ള അവകാശം : അടിസ്ഥാന സേവനങ്ങളായ ആരോഗ്യം, പോഷകാഹാരം, പാർപ്പിടം എന്നിവ ഉറപ്പുവരുത്തി ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് എല്ലാ കുട്ടികൾക്കുമുള്ള അവകാശം.
  • സംരക്ഷണത്തിനുള്ള അവകാശം : ബാല്യം എന്നത് മനുഷ്യജീവിതത്തിൽ ഏറ്റവും ദുർബലവും ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുവാൻ സാധ്യത ഏറിയതുമായ ഒരു കാലഘട്ടമാണ്. എന്തെന്നാൽ മനുഷ്യൻ ശാരീരികവും, മാനസികവുമായ വികാസം പൂർത്തിയാകാത്ത അവസ്ഥയാണ് ബാല്യം. ഇതിലുപരിയായി, കുട്ടികൾ സവിശേഷ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നു. സംരക്ഷണത്തിനുള്ള അവകാശം എന്നത് കൊണ്ട് മാനസികവും, ശാരീരികവും, സാമൂഹ്യപരവുമായി സംരക്ഷിക്കപ്പെടുവാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
  • വികാസത്തിനുള്ള അവകാശം : എല്ലാ കുട്ടികൾക്കും, സാമ്പത്തികവും, സാമൂഹ്യവും, സാംസ്ക്കാരികവും, രാഷ്ട്രീയപരവുമായ വികാസത്തിൽ ഭാഗഭക്കാകുവാനും, അതിലേക്ക് സംഭാവനകൾ നൽകുവാനും അവരെ പ്രാപ്തരാക്കുന്ന അപ്രതിരോധ്യമായ ഒരു മാനുഷിക അവകാശമാണ് വികാസത്തിനുള്ള അവകാശം. ഇതിലൂടെ എല്ലാ മാനുഷിക അവകാശങ്ങളും, മൗലീക സ്വാതന്ത്ര്യവും പൂർണ്ണമായും സ്വായത്തമാക്കാൻ കഴിയുന്നതാണ്.
  • പങ്കാളിത്തത്തിനുള്ള അവകാശം : കുട്ടികൾക്കും, യുവാക്കൾക്കും, തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതും, ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതുമായ കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് സ്വാധീനം ചെലുത്തുവാൻ ഉള്ള അവകാശം ഉറപ്പു നൽകുന്ന ഒന്നാണ് പങ്കാളിത്തത്തിനുള്ള അവകാശം.
Last updated on Monday 6th of December 2021 PM