വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥർക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ചു. എല്ലാ വർഷവും ഒക്ടോബർ 21-നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പുഷ്പചക്രം അർപ്പിച്ചു. സായുധ പോലീസ് സേനാംഗങ്ങൾ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥരുടെ സ്മരണയ്ക്കു മുന്നിൽ സല്യൂട്ട് ചെയ്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട കാസർഗോഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ (DHQ) സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് കെ.യ്ക്കും പോലീസ് സേന ആദരാഞ്ജലികൾ അർപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പോലീസ്, അർധസൈനിക വിഭാഗങ്ങളിൽ നിന്നായി 154 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ചത്.

സായുധ സേനാ ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷ്, പോലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തലൂരി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

1959-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിനിടെ ലഡാക്കിലെ ഹോട്ട് സ്പ്രിങ്സിൽ കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ ചെറുത്തുനിന്ന പത്ത് പോലീസുകാർക്ക് ജീവൻ ത്യജിക്കേണ്ടിവന്നു. ഈ ധീരസേനാംഗങ്ങളുടെ സ്മരണാർഥമാണ് ഒക്ടോബർ 21 രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.