Clean Campus Safe Campus

ക്ലീൻ കാംപസ് സെയ്ഫ് കാംപസ്

ക്ലീൻ കാംപസ് സെയ്ഫ് കാംപസ്

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വൈകല്യങ്ങൾ എന്നിവയ്ക്ക് പരിഹാരം എന്ന നിലയിൽ കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വ്യാപക പ്രചാരണ പദ്ധതിയാണ് ക്ലീൻ കാംപസ് സെയ്ഫ് കാംപസ്. ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയോജിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ ദീർഘകാല പ്രചാരണ പദ്ധതിയിലെ ആദ്യഘട്ടത്തിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.

        സ്കൂൾ കോളേജ് പരിസരങ്ങളിൽ മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വിൽപ്പന വൻതോതിൽ വർദ്ധിച്ചുവരുന്ന കാര്യം ഗൗരവമായി കണ്ട്,ക്യാംപസുകളെ മയക്കുയരുന്ന്, മദ്യം, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ ലഹരി പദാർത്ഥങ്ങളിൽ നിന്നും വിമുക്തമാക്കുവാനായിട്ടാണ്,  കേരള സർക്കാർ ഈ ബോധവൽക്കരണ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.  ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. റെയ്ഡുകൾ നടത്തുമ്പോൾ കഞ്ചാവിനു പുറമേ മയക്കുമരുന്ന്, നിരോധിത മരുന്നുകൾ എന്നിവയും പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്.

        ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരാക്കുക എന്നതാണ്.  2000 സ്കൂളുകളിൽ നിന്നായി 45 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമാണ്. വീഡിയോകൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ വൻതോതിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നു.

        പ്രശസ്ത നടൻ ശ്രീ. മമ്മൂട്ടി അംബാസഡറായി ചുമതലയേറ്റതോടെ ക്ലീൻ കാംപസ് സെയ്ഫ് കാംപസ് പദ്ധതിയുടെ ആകർഷകത്വം വർദ്ധിച്ചിട്ടുണ്ട്.

        ഈ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി, സർക്കാർ ഒരു ത്രിതല സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

  1. സ്കൂൾതല നിരീക്ഷണ സമിതി
  2. ജില്ലാതല നിരീക്ഷണ സമിതി
  3. സംസ്ഥാനതല നിരീക്ഷണ സമിതി

സ്കൂൾതല നിരീക്ഷണ സമിതിയുടെ ചുമതലകൾ

 

1. വിദ്യാർത്ഥികൾക്കിടയിൽ അലസത, തക്കതായ കാരണമില്ലാതെ   സ്കൂളിൽ വരാനുള്ള മടി  എന്നിവ കണ്ടെത്താനായി എപ്പോഴും ബദ്ധശ്രദ്ധരായിരിക്കുക.

2. വിദ്യാർത്ഥികൾ പതിവായി സന്ദർശിക്കുന്ന കടകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക

3.വിദ്യാർത്ഥികൾക്ക് ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുവാൻ എന്തെങ്കിലും പരിപാടികളോ  പ്രവർത്തനങ്ങളോ സംഘടിപ്പിക്കുക.

4. വിദഗ്ധ സഹായം ആവശ്യമുള്ള കുട്ടികൾക്കായി കൗൺസിലിംഗ്    സംഘടിപ്പിക്കുക.

5.നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനായി സ്കൂൾ അധികൃതരും പോലീസുമായി ചേർന്ന് പദ്ധതികൾക്ക് രൂപം നൽകുക.

6.സ്കൂൾ പരിസരങ്ങൾ ഗതാഗത സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക, ആയത് ഉറപ്പു വരുത്തുക.

7.സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ,  മദ്യം, മയക്കു മരുന്ന്, എന്നിവയുടെ വിൽപ്പന, അശ്ളീല ദൃശ്യങ്ങൾ/ വീഡിയോകൾ പകർത്തി നൽകൽ, പൂവാല ശല്യം  എന്നീ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് റിപ്പോർട്ട്  നൽകുക.

8.കുട്ടികളുടെ ക്ഷേമത്തിനും വികാസത്തിനുമായി  പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ സംഘങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു  ഉത്പ്രേരകമായി പ്രവർത്തിക്കുക.

9. ലഹരി പദാർത്ഥങ്ങളുടെ ദോഷ ഫലങ്ങളെക്കുറിച്ചും  അതുളവാക്കുന്ന ശാരീരികവും, മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നടത്തുക.

10.വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ  വിദ്യാർത്ഥികളുടെ   സുരക്ഷ, ശരിയായ പെരുമാറ്റം എന്നിവ ഉറപ്പു വരുത്തുവാനായി ഒരു നിരീക്ഷണ പരിപാടി നടപ്പാക്കുക.

11.സ്കൂൾ സമയത്ത് പോലീസ് പട്രോൾ, സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും, ഇടവേളകളിലും,   പോലീസിന്റെ  സാന്നിദ്ധ്യം എന്നിവ ആവശ്യപ്പെടുക.

12.വിദ്യാർത്ഥികളുടെ മാതാപിതാക്കൾ/ഗാർഡിയൻ ഇവരുടെ സഹായത്തോടെയും അനുവാദത്തോടെയും  അവരുടെ വസ്തു വകകൾ ആകസ്മിക പരിശോധനയ്ക്ക്  വിധേയമാക്കുക.

13. സ്കൂളിനു സമീപത്തുള്ള ഇന്‍റർനെറ്റ് കഫേകൾ/സി ഡി ഷോപ്പുകൾ മുതലായവയിൽ നിയമ വിരുദ്ധമായ അശ്ളീല വീഡിയോകളുടേയും മറ്റും ലഭ്യതയോ, വിൽപ്പനയോ നടക്കുന്നുണ്ടോ എന്ന വിവരം ശേഖരിക്കുക.

14.എല്ലാ തരത്തിലുമുള്ള ശാരീരിക പീഢനം. ലൈംഗിക പീഢനം, വൈകാരിക പീഢനം, അവഗണന എന്നിവയെക്കുറിച്ച് ശരിയായ വിവരങ്ങൾ തുറന്നു പറയുവാൻ  കുട്ടിയെ പ്രോൽസാഹിപ്പിക്കുക

15.പരിസ്ഥിതി സംരക്ഷണം, റോഡ് സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ മുതലായവ സംബന്ധിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക

16.കുട്ടി അപകടത്തിലാണ്, അല്ലെങ്കിൽ   അതിന് സാദ്ധ്യതയുണ്ട് എന്ന് തോന്നിക്കഴിഞ്ഞാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികൾക്ക്  റിപ്പോർട്ട് നൽകാവുന്നതാണ്.  കുട്ടികളുടെ സമഗ്ര വികാസത്തിനായി  സ്കൂളുകളിൽ സുരക്ഷിതവും, അനുഭാവപൂർണ്ണവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക.

      ജില്ലാതല സമിതികൾ സ്കൂൾതല സമിതികളുടെ പ്രവർത്തനം  നിശ്ചിത ഇടവേളകളിൽ അവലോകനം  ചെയ്യേണ്ടതാണ്,  ‘ക്ളീൻ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ്’  പദ്ധതിയുടെ നടത്തിപ്പ്  അവലോകനത്തിന്റെ ഉത്തരവാദിത്തം ജില്ലാ തല സമിതി കൾക്കായിരിക്കും.  നിയമലംഘകർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുവാനും, ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാനായി സ്കൂളുകളിൽ ആകസ്മിക പരിശോധനകൾ നടത്തുവാനും, നിർദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ഉള്ള അധികാരം ജില്ലാതല നിരീക്ഷണ സമിതികൾക്കുണ്ട്. മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും ജില്ലാ തലസമിതികൾ യോഗം  ചേരേണ്ടതാണ്. 

     ജില്ലാതല നിരീക്ഷണ സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാനായി സംസ്ഥാനതല  സമിതിക്ക് നിരീക്ഷണ  റിപ്പോർട്ടുകൾ ആവശ്യപ്പെടാവുന്നതാണ്.    ഈ സമിതി 6 മാസത്തിലൊരി ക്കലെങ്കിലും യോഗം ചേരേണ്ടതാണ്.  ബഹുമാനപ്പെട്ട ആഭ്യന്തര, വിദ്ദ്യാഭ്യാസ, ആരോഗ്യ വകുപ്പു മന്ത്രിമാർ ഈ കാംപയിന്റെ പ്രവർത്തനം നിശ്ചിത  കാലയളവുകളിൽ അവലോകനം ചെയ്യുന്നതുമാണ്