പ്രോജെക്ട് കൂട്ട്

സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവൽക്കരണ നിയമസഹായ പദ്ധതിയാണ് കൂട്ട്. പദ്ധതിയുടെ ഔദ്ദ്യോഗിക ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ  26-07-2022 ൽ തിരുവനന്തപുരത്ത് നിർവഹിച്ചു. കുട്ടികളിൽ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം ഉറപ്പുവരുത്തുവാനായി , ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ആധുനിക വിവര സാങ്കേതിക വിദ്യകളിലൂടെ ബോധവൽക്കരണം നടത്തി  ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും  അവ ഒഴിവാക്കേണ്ട രീതികളെക്കുറിച്ചും പ‍ഠിപ്പിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായി പി-ഹണ്ട് ഓപ്പറേഷനുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുളള ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടിയ ജില്ലകളിൽ കൗൺസിലിംങ്ങ് സെന്റെറുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നു. അതതു ജില്ലകളിലെ ജില്ലാ പോലീസുമായി സഹകരിച്ച് ബച്പൻ ബച്ചാവോ ആന്തോളൻ സ്ഥാപിക്കുന്ന കൗൺസിലിങ്ങ് സെന്റെറുകളിലൂടെ കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സികമായ പിന്തുണ നൽകി കുറ്റവാളികൾക്കെതിരെ പോരാടാനുള്ള നിയമ സഹായം ഉറപ്പുവരുത്തുന്നു.

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

  (പൊതു, സ്വകാര്യ, ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം)

 

          അടുത്തകാലത്തായി, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീധനപീഢനം/ദാമ്പത്യപ്രശ്നങ്ങൾ, ഓൺലൈൻ ദുരുപയോഗം, ഭീഷണി, പീഢനം, ബലാൽസംഗം എന്നിവ വൻതോതിൽ വർദ്ധിച്ച് വരുന്നതായി കാണുന്നു.  ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ,   ലോക്ക്ഡൗണും വലിയൊരളവുവരെ പങ്കുവഹിച്ചിട്ടുണ്ട്.  അതിനാൽ, ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിലവിലുള്ള സ്ത്രീ സൗഹൃദ പദ്ധതികൾക്ക് പുതുജീവൻ പകരുന്നതിനും സമഗ്രമായ ഒരു പദ്ധതിക്ക് രൂപം നൽകേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് (പൊതു, സ്വകാര്യം, ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണം) എന്ന പേരിൽ, ഒരു പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.  ചുവടെ ചേർക്കുന്ന ഘടകങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്.

1.       പിങ്ക് പട്രോൾ

പൊതുസ്ഥലങ്ങളിൽ സ്തീകളുടെയും, കുട്ടികളുടെയും, സുരക്ഷയും, സംരക്ഷണവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പട്രോൾ സംവിധാനം ആവിഷ്ക്കരിച്ചിട്ടുള്ളത്.  നിലവിലെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ട്, ഈ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പിങ്ക് പട്രോളിന്റെ ലക്ഷ്യം.

          പിങ്ക് പട്രോളിനായി ഉപയോഗിക്കുന്ന കാറുകളിൽ  (Etios & Swift) GPS  ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതും, വാഹനത്തിന്റെ മുൻ, പിൻ വശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും ആണ്.  ഈ വാഹനങ്ങളിൽ നിന്നും പോലീസ് കൺട്രോൾ റൂമിലേക്ക് നിരന്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.  ഈ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.  ഓരോ വാഹനത്തിലും 3 വനിതാ            പോലീസ്   ഉദ്യോഗസ്ഥരും  ഓഫീസർ  റാങ്കിലുള്ള  ഒരു  വനിതയും  (1+ 3)  ഉണ്ടായിരിക്കും. 

സ്ത്രീ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പിങ്ക് പട്രോൾ കാറുകൾ വിന്യസിക്കപ്പെടുന്നത്.  രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയാണ് പിങ്ക് പട്രോൾ പ്രവർത്തിക്കുന്നത്.  എല്ലാ ജില്ലയിലും, പിങ്ക്  കൺട്രോൾ റൂമിൽ, പരിശീലനം സിദ്ധിച്ച പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ഒരു കമാന്റ് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്നതാണ്.  ഇത് അടിയന്തര പ്രതികരണ നമ്പറായ 112 വുമായി പൂർണ്ണമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.  1515 നമ്പറിൽ നിന്നും സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചാൽ ഉടൻതന്നെ, ആയത് പിങ്ക് പട്രോൾ വാഹനത്തിലെ ബന്ധപ്പെട്ട  MDT യിലും ദൃശ്യമാകുന്നതാണ്.  അപ്രകാരം സഹായമഭ്യർത്ഥിച്ച് ഫോൺകോളുകൾ ലഭിക്കുമ്പോൾ  തന്നെ, പിങ്ക് പട്രോൾ വാഹനം പ്രസ്തുത സ്ഥലം മനസ്സിലാക്കി അവിടേക്ക് എത്തുന്നതാണ്.  സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഓരോ പോലീസ് ജില്ലയിലും, പിങ്ക് പട്രോൾ വാഹനങ്ങളുടെ എണ്ണം 5 ആയി വർദ്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.  ഇത് പൊതുസ്ഥലങ്ങളിൽ പോലീസിന്റെ സാന്നിദ്ധ്യം കൂടുതൽ ഉറപ്പുവരുത്തുകയും, ജില്ലകളിൽ ലഭിക്കുന്ന സഹായാഭ്യർത്ഥനകൾക്ക് അതിവേഗം പ്രതികരണം ലഭ്യമാക്കുവാൻ സഹായകമാവുകയും ചെയ്യുന്നു.

2.        പിങ്ക് ജനമൈത്രി ബീറ്റ്സ്

                     സ്ത്രീധന പീഢനം, സ്ത്രീധനമരണങ്ങൾ, ദാമ്പത്യ കലഹങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലും വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.  അതിനാൽ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പോലീസിന്  വളരെയധികം പരിമിതികൾ ഉണ്ട്.  പരാതികൾ നിയമാനുസരണം ലഭിക്കുമ്പോൾ മാത്രമാണ് ഇത്തരം കേസുകളിൽ പോലീസ് ഇടപെടൽ സാധ്യമാകുന്നത്.  ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യവിവരം/വിവരം ശേഖരിക്കുന്നതിനായി 1 വനിതാ പോലീസ്  ഉദ്യോഗസ്ഥ/ 1 സിവിൽ പോലീസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന 1 'പിങ്ക് ബീറ്റ്' ടീം നെ നിയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.  ഈ ഉദ്യോഗസ്ഥർ നിശ്ചിത പ്രദേശങ്ങളിൽ പട്രോൾ നടത്തേണ്ടതും വീടുകൾക്കുള്ളിൽ നടക്കുന്ന സ്ത്രീ പീഡനങ്ങൾ സംബന്ധിച്ച് വിവരശേഖരണം നടത്തേണ്ടതുമാണ്.  പിങ്ക് ജനമൈത്രി ബീറ്റ് സംഘം, വീടുകൾ സന്ദർശിക്കുന്ന അവസരത്തിൽ, അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശീയരായ സന്നദ്ധ പ്രവർത്തകർ എന്നിവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കേണ്ടും, ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ദാമ്പത്യ കലഹങ്ങൾ/ഗാർഹിക പീഢനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ  ശേഖരിച്ച് ആയത് ബന്ധപ്പെട്ട എസ്.എച്ച്.ഒ യ്ക്ക് അടിയന്തിര നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.  അടുത്തകാലത്ത് വിവാഹിതരായ ദമ്പതികളെയും, അവരുടെ കുടുംബങ്ങളെയും, സൂക്ഷമമായി നിരീക്ഷിക്കേണ്ടതും, സ്ത്രീധന പീഢനങ്ങളോ, അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

3.      പിങ്ക് കൺട്രോൾ റൂം

          ആപത്തിൽ അകപ്പെടുന്ന സ്ത്രീകളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിക്കുന്ന ഫോൺ വിളികളോ, സന്ദേശങ്ങളോ, അടിയന്തിരമായി കൈകാര്യം ചെയ്യുന്നതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ്  പിങ്ക് ബീറ്റ്സ് ഉൾക്കൊള്ളുന്ന പിങ്ക് കൺട്രോൾ റൂം ആരംഭിച്ചത്.  പ്രത്യേകം പരിശീലനം നൽകപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക്ബീറ്റിൽ ഉണ്ടാകുക.  തിരക്കേറിയ പൊതുവഴികളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന പീഢനങ്ങൾ, പൂവാലശല്യം എന്നിവ തടയുക എന്നതാണ് പിങ്ക് ബീറ്റ്സിന്റെ ലക്ഷ്യം.  ഈ ഉദ്യോഗസ്ഥർ  KSRTC ബസുകൾ, സ്വകാര്യ ബസ്സുകൾ, ബസ് സ്റ്റോപ്പുകൾ, സ്കൂൾ കോളേജ് പരിസരങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പട്രോൾ നടത്തുന്നു.  നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ (തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി, കണ്ണൂർ, കാസർഗോഡ്) പിങ്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.   ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ്  ഓഫീസർമാർ മേൽ പറഞ്ഞ എല്ലാ പൊതുസ്ഥലങ്ങളിലും പിങ്ക് ബീറ്റിനെ നിയോഗിക്കുന്നതാണ്.

4.      പിങ്ക് ഷാഡോ

                     എല്ലാ പോലീസ് ജില്ലകളിലും, സ്ത്രീ സാന്നിദ്ധ്യം കൂടുതലായി കാണുന്ന പൊതുസ്ഥലങ്ങളിൽ, ബന്ധപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും, പിങ്ക് ഷാഡോ പട്രോളിംഗ് സംഘത്തെ നിയോഗിക്കുന്നതാണ്. ഈ പോലീസ് ഉദ്യോഗസ്ഥർ, സ്ത്രീകൾക്കെതിരെയുള്ള  ശല്യങ്ങളും, പീഢനങ്ങളും നിരീക്ഷിക്കുവാനായി തിരക്കേറിയ ബസ്സുകൾക്കുള്ളിൽ മഫ്ത്തിയിൽ സഞ്ചരിക്കുകയും കൂടാതെ ബസ്സ്റ്റോപ്പുകൾ, സ്കൂളുകൾ, സാധ്യതയുള്ള മറ്റ് പ്രദശങ്ങൾ എന്നിവിടങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും  നിരീക്ഷിക്കുന്നതാണ്.  സ്ഥിരം പൂവാലൻമാരെയും, പീഢകൻമാരെയും കെണിയിലാക്കുവാൻ പിങ്ക് ഷാഡോ കർമ്മനിരതമാണ് .

5.      പിങ്ക് റോമിയോ

                     ചില ജില്ലകളിൽ, വനിതകളുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്ന മേഖലകളിൽ ആവിഷ്ക്കരിച്ചിട്ടുള്ള ബൈക്ക് പട്രോളിംഗ് ടീം ആണ് പിങ്ക് റോമിയോ.  ഇത് ബന്ധപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിൽ നിന്നാണ് നിയോഗിക്കപ്പെടുന്നത്.  ക്വാറന്റൈൻ പരിശോധനാ, ബീറ്റ് പട്രോൾ എന്നിവയും പിങ്ക് റോമിയോ നിർവ്വഹിക്കുന്നു.  ഒരു സുരക്ഷാ മാനദണ്ഡമെന്ന നിലയ്ക്കും, കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനു വേണ്ടിയും, എല്ലാ പോലീസ് ജില്ലകളിലും, ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്.

6.      പിങ്ക് ഡിജിറ്റൽ ഡ്രൈവ്

                     ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ/ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ മുഖേന സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുവാനും, ആയത് കൈകാര്യം ചെയ്യുവാനുമായി എല്ലാ സൈബർ സെല്ലുകൾ/സൈബർ ഡോമുകൾ സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവ, ഇപ്രകാരം സ്ത്രീകൾക്കെതിരെ നടക്കുന്ന ഡിജിറ്റൽ അതിക്രമങ്ങൾക്ക് ഉത്തരവാദികളായ വെബ്സൈറ്റുകൾ/ഗ്രൂപ്പുകൾ/പേജുകൾ മുതലായവ കണ്ടെത്തി, ആയവ നിരോധിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പട്രോളിംഗ് നടത്തുന്നതാണ്.  പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുകയും, ഭീക്ഷണി ഉയർത്തുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്.  സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിഞ്ഞ് ഇത്തരം ക്രിമിനലുകൾക്കെതിരെ ഐ.റ്റി നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

  7.     വനിതാസെല്ലുകളും, കൗൺസലിംഗ് കേന്ദ്രങ്ങളും

                     എല്ലാ പോലീസ് ജില്ലകളിലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ഉറപ്പുവരുത്തുവാനായിവനിതാ സെല്ലുകളിൽ നിന്നോ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നോ മറ്റ് ഏതെങ്കിലും പ്രമുഖ സർക്കാരിതര സംഘടനകളിൽ നിന്നോ ഉള്ള കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്, കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കുവാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ശ്രദ്ധിക്കേണ്ടതാണ്.  കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രഥമ പ്രശ്ന പരിഹാര കേന്ദ്രമായി ഈ കൗൺസിലിംഗ് സെന്ററുകൾ മാറേണ്ടതാണ്.

   8.     അടിയന്തിര പ്രതികരണം (Immediate Response)

                     സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ, അടിയന്തിരവും, ദ്രുതഗതിയിലുമുള്ള പ്രതികരണം ലഭിക്കാത്തപക്ഷം, സ്ത്രീസംരക്ഷണത്തിനായുള്ള എല്ലാ പദ്ധതികളും പരാജയപ്പെടുവാനാണ് സാധ്യത.  സ്ത്രീകളിൽ നിന്നും ഇപ്രകാരം ലഭിക്കുന്ന പരാതികളിൽ ഗുണപരമായ സമീപനം കൈക്കൊള്ളുന്നതിനായി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, വനിതാ സെൽ ഉദ്യോഗസ്ഥർ, സൈബർ സെല്ലുകൾ, പോലീസ് സ്റ്റേഷനുകൾ മുതലായവയെ കൂടുതൽ ഉത്തേജിപ്പിക്കേണ്ടതും കർമ്മനിരതമാക്കേണ്ടതുമാണ്.  ഇത്തരം പരാതികൾ അതിവേഗം, കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ എപ്പോഴും പ്രചോദിതരാക്കുന്നതിനായി എല്ലാ ജില്ലാ പോലീസ് മേധാവിമാരും, പ്രത്യേകം ക്ലാസ്സുകൾ/ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.

 

  9.   ഡിജിറ്റൽ ആപ്പ്/പോൽ-ആപ്പ്

                     ആപത്തിലകപ്പെട്ടു പോകുന്ന സ്ത്രീകൾക്ക്, സഹായമഭ്യർത്ഥിക്കുന്നതിന് എമർജൻസി ബട്ടൺ സൗകര്യം ഉള്ള 'നിർഭയം' എന്ന ആപ്പ് കേരള പോലീസ് ഇതിനോടകം തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്.  ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന കേരളാ പോലീസിന്റെ സംയോജിത ആപ്പാണ് പോൽ-ആപ്പ്.  ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാനുംഅടിയന്തിര സാഹചര്യങ്ങളിൽ സഹായമഭ്യർത്ഥിക്കുവാനുമായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുവാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 


സൈബർഡോo

IAPS -Internal Administrative Processing System

Janamaithri Suraksha Project

 

പിങ്ക് പോലീസ് പട്രോൾ

പിങ്ക് പോലീസ് പട്രോൾ 

Subhayathra

ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫെറൻസ്

ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫെറൻസ്

ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനുമായി (ISRA) സഹകരിച്ച് കേരള പോലീസ്  മുൻകൈയെടുത്ത് 2008 ൽ ആരംഭിച്ച അന്താരാഷ്ട്ര വിവര സുരക്ഷാ ദിനത്തിന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഒരു പരിപാടിയാണ് മുമ്പ് സൈബർ സേഫ് എന്നറിയപ്പെട്ടിരുന്ന c0c0n. c0c0n ന്റെ പ്രമേയം എല്ലാ വർഷവും മാറിക്കൊണ്ടിരിക്കും. സൈബർ ഭീകരത കൈകാര്യം ചെയ്യൽ, എത്തിക്കൽ ഹാക്കിംഗ്, സൈബർ അന്വേഷണത്തിനുള്ള സൗജന്യ ഉപകരണങ്ങൾ മുതലായ വിഷയങ്ങൾ മുൻ വർഷങ്ങളിലെ ചില പ്രധാന പ്രമേയങ്ങളാണ്. 2019 സെപ്റ്റംബർ, 27, 28 തീയതികളിൽ ആണ് C0c0n 2019   നടന്നത്.  C0c0n 2019 ന്റെ   പ്രധാന പ്രമേയങ്ങൾ - ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് , സുരക്ഷ പാലിക്കൽ, പാസ്സ്‌വേർഡ്‌ലെസ്സ് എക്കണോമി, പേയ്‌മെന്റ് ഡാറ്റ സുരക്ഷിതമാക്കുക, വ്യാജ വാർത്തകൾ കൈകാര്യം ചെയ്യൽ, എതിരാളികളെ ട്രാക്കുചെയ്യുന്നതിൽ സ്ഥിതിവിവരക്കണക്കുകൾ, ക്ലൗഡ് സുരക്ഷ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ മുതലായവയാണ്‌.


 കിഡ്ഗ്ലോവ് 2019:
          അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവരിൽ സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ISRA (ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ) യോടൊ
പ്പമുള്ള കേരള പോലീസിന്റെ ഒരു സംരംഭമാണ് കിഡ് ഗ്ലോവ്. വർഷം തോറും നടക്കുന്ന c0c0n - ഇന്റർനാഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി & ഹാക്കിംഗ് കോൺഫറൻസിന്റെ ഭാഗമായാണ് കിഡ് ഗ്ലോവ് 2015  സമാരംഭിച്ചത്. വിവിധ സൈബർ‌ ഭീഷണികളിൽ നിന്ന് കുട്ടികളെ  സംരക്ഷിക്കുന്നതിന് രക്ഷകർ‌ത്താക്കൾ‌ക്കും അധ്യാപകർക്കും വിവിധ              ഓർ‌ഗനൈസേഷനുകൾ‌ക്കുമായുള്ള ഓൺലൈൻ ശിശു സംരക്ഷണ വർ‌ക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

KID Glove ലൂടെ താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാകുന്നു

          1.സൈബർ സുരക്ഷ അവബോധം സൃഷ്ടിക്കുന്നു.

           2.വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയെക്കുറിച്ചുള്ള പാഠ്യപദ്ധതികൾ വികസിപ്പിക്കുക

           3.അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നു

       4.വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർക്കിടയിൽ  അവബോധം വളർത്തുന്നതിനായി പരിപാടികൾ  സംഘടിപ്പിക്കുന്നു.

           5.സൈബർ സുരക്ഷയെയും ഓൺലൈൻ സുരക്ഷയെയും കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശം നൽകുക.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്


സ്റ്റുഡന്റ്  പോലീസ് കേഡറ്റ്

        സംസ്ഥാനത്തിലെ  ആഭ്യന്തര, വിദ്ദ്യാഭ്യാസ  വകുപ്പുകൾ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഒരു സ്കൂൾ അധിഷ്ഠിത പദ്ധതിയാണ് കേരളാ പോലീസിന്റെ സ്റ്റുഡന്റ്  പോലീസ് കേഡറ്റ്  പദ്ധതി.  ഹൈസ്കൂൾ വിദ്ദ്യാർത്ഥികളിൽ നിയമത്തോടുള്ള  ബഹുമാനം,  അച്ചടക്കം, പൗരബോധം, സമൂഹത്തിലെ  ദുർബല ജനവിഭാഗങ്ങളോട് ദയാവായ്പ്, സമൂഹ്യ വിപത്തുകളെ ചെറുത്തു നിൽക്കാനുള്ള  കഴിവ്  എന്നീ  ഗുണങ്ങൾ  പാകി മുളപ്പിച്ച്  അവരെ ഈ സമൂഹത്തിലെ ഭാവി നായകൻമാരാക്കി  വളർത്തിയെടുക്കാനാവശ്യമായ  പരിശീലനം നൽകുന്നു. യുവാക്കളിൽ നൈസർഗ്ഗികമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും അതുവഴി അസഹിഷ്ണുത, ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ, അക്രമം  മുതലായ നിഷേധാത്മക പ്രവണതകളെ പ്രതിരോധിക്കുവാൻ അവരെ പ്രാപ്തരാക്കുവാനും ഈ പദ്ധതി കൊണ്ട്  ഉദ്ദ്യേശിക്കുന്നു.  അതുപോലെ തന്നെ വിദ്ദ്യാർത്ഥികളിൽ തങ്ങളുടെ കുടുംബം, സമൂഹം, പരിസ്ഥിതി എന്നിവയോട് പ്രതിബദ്ധത വളർത്തുവാനും  ഇത് സഹായകമാണ്. 

        കേരളത്തിലെ  127  ഹൈസ്ക്കൂൾ/ ഹയർസെക്കന്ററി സ്കൂളുകളിലായി 2010 ആഗസ്റ്റ് 2-ന് ആരംഭിച്ച ഈ പദ്ധതിയിൽ ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 11176 വിദ്ദ്യാർത്ഥികളും, സ്കൂൾതല കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി പരിശീലനം നേടിയ 254  അദ്ധ്യാപകരും  അംഗങ്ങളായിട്ടുണ്ട്.   2012-ൽ കേരളത്തിലെ  249 ഹൈസ്ക്കൂളുകളിലായി  ഈ പദ്ധതി വ്യാപിപ്പിച്ചു.   കേഡറ്റുകളുടെ എണ്ണം  16000 വും,  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ എണ്ണം 500 &ndash മായി വളർന്നു.

ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • നിയമങ്ങൾ    സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, പൗരബോധം ജനാധിപത്യ മര്യാദകൾ എന്നിവ പാലിക്കുന്ന,  നിസ്വാർത്ഥമായ സാമൂഹ്യസേവനം ജീവിതചര്യയായി കരുതുന്ന ഒരു പുതിയ  തലമുറയെ വാർത്തെടുക്കുക.
  • യുവാക്കളിൽ ശാരീരീകവും മാനസീകവുമായ ആരോഗ്യം,  ആത്മനിയന്ത്രണം, അച്ചടക്കം എന്നിവ  വളർത്തിയെടുക്കുവാനും  അതുവഴി കഠിനാദ്ധ്വാനം  ചെയ്യുവാനും വ്യക്തിപരമായ  നേട്ടങ്ങൾ സ്വായത്തമാക്കാനും അവരെ പ്രാപ്തരാക്കുക.
  • കുറ്റകൃത്യപ്രതിരോധം, ക്രമസമാധാന പാലനം, റോഡ്  സുരക്ഷാ പ്രചാരണം എന്നിവയ്ക്കും  ആഭ്യന്തരസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകൾ  കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കേരളാ പോലീസ്  മറ്റ് നിർവ്വഹണാധികാരികളായ വനം, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളുമായി  ചേർന്ന് പ്രവർത്തിക്കുവാൻ യുവാക്കളെ പ്രാപ്തരാക്കുക. അതുവഴി ഒരു മതനിരപേക്ഷ കാഴ്ചപ്പാട് വളർത്തിയെടുക്കുവാനും മൌലിക അവകാശങ്ങളെ ബഹുമാനിക്കുവാനും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രകാരം തന്റെ കടമകൾ നിർവ്വഹിക്കുവാനും അവർക്ക് പ്രചോദനമേകുക.
  • യുവാക്കളിൽ  സാമൂഹ്യ പ്രതിബദ്ധത വളർത്തുക, തങ്ങളുടെ തന്നെയുള്ളിലുള്ളതും മറ്റുള്ളവരിലുള്ളതുമായ ചീത്ത പ്രവണതകളെ പ്രതിരോധിക്കാൻ പ്രാപ്തരാക്കുകയും  അതുവഴി ലഹരി/മദ്യ ഉപയോഗം, അസഹിഷ്ണുത, നശീകരണ പ്രവണത, ഭിന്നത, തീവ്രവാദം എന്നീ സാമൂഹ്യതിന്മകൾക്കെതിരെ പോരാടുവാൻ അവരെ പ്രാപ്തരാക്കുക.
  • യുവാക്കളിൽ നേതൃത്വ പാടവം, കൂട്ടായ പ്രവർത്തന നൈപുണ്യം, നൂതന ചിന്താശേഷി, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുകയും ആത്യന്തിക വിജയം കൈവരിക്കുന്നതിനായി തങ്ങളിൽ അന്തർലീനമായ ശക്തികളെയും സാധ്യതകളെയും കണ്ടെത്തി വികസിപ്പിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
  • വിവര സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ അപാരമായ സാദ്ധ്യതകളെക്കുറിച്ചും യുവജനങ്ങൾക്ക് അറിവ് പകരുക.  അതിന്റെ ദോഷകരമായ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കി അതിൽ നിന്നും സ്വയം പ്രതിരോധിക്കുവാനും, വിവര സാങ്കേതിക വിദ്യയിൽ നിന്നും തങ്ങൾക്ക് ഗുണഫലങ്ങൾ സ്വായത്തമാക്കാനും അവരെ സഹായിക്കുക.
  • യുവാക്കളിൽ രാജ്യസ്നേഹം, തുറന്ന മനോഭാവം, ഹൃദയ വിശാലത, ഉൾക്കൊള്ളൽ, കഴിവ്, കാര്യശേഷി എന്നീ ഗുണഗണങ്ങൾ വികസിപ്പിക്കുകയും ഭരണഘടന അനുശാസിക്കും പ്രകാരം മതേതര കാഴ്ചപ്പാട്, മറ്റുള്ളവരുടെ മൗലിക അവകാശങ്ങളെ ബഹുമാനിക്കുവാനും തങ്ങളുടെ കർത്തവ്വ്യങ്ങൾ പാലിക്കുവാനും ഉള്ള മനസ്ഥിതി എന്നിവ വളർത്തിയെടുക്കാനും യുവാക്കളെ പ്രചോദിപ്പിക്കുക.

 

എസ് പി സി പദ്ധതിയുടെ മാത്രം സവിശേഷതകൾ

  • യുവാക്കളിൽ നിയമവ്യവസ്ഥയോട് ബഹുമാനം വളർത്തുവാനും നിയനങ്ങൾ അനുസരിക്കുന്നത് ജീവിതചര്യയാക്കുവാനും അവരെ പരിശീലിപ്പിക്കുന്ന സംസ്ഥാനത്തിന്&zwjറെ വിദ്യാഭ്യാസ  സുരക്ഷാ വിഭാഗങ്ങൾ കോർത്തിണക്കി രൂപപ്പെടുത്തിയ ഒരു ചട്ടക്കൂടാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
  • പോലീസിലെ നിലവിലുള്ള സംവിധാനം, അടിസ്ഥാന സൗകര്യം, പോലീസിലെ നേതൃഗുണം എന്നിവ ഉപയോഗിച്ചു കൊണ്ട് യുവജനതയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികാസം സാദ്ധ്യമാക്കുക.
  • സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനും, സാമൂഹ്യതിന്മകൾക്കെതിരെ പോരാടുന്ന ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുക.
  • കൂടുതൽ സുരക്ഷിതമായ സാമൂഹ്യ ഇടങ്ങൾ സൃഷ്ടിക്കുന്നതിനായി പോലീസിനോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുവാൻ രക്ഷിതാക്കളെയും സാമുദായിക നേതാക്കളെയും പ്രേരിപ്പിക്കുക.

ക്ലീൻ കാംപസ് സെയ്ഫ് കാംപസ്

ക്ലീൻ കാംപസ് സെയ്ഫ് കാംപസ്

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വൈകല്യങ്ങൾ എന്നിവയ്ക്ക് പരിഹാരം എന്ന നിലയിൽ കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വ്യാപക പ്രചാരണ പദ്ധതിയാണ് ക്ലീൻ കാംപസ് സെയ്ഫ് കാംപസ്. ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയോജിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ ദീർഘകാല പ്രചാരണ പദ്ധതിയിലെ ആദ്യഘട്ടത്തിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.

        സ്കൂൾ കോളേജ് പരിസരങ്ങളിൽ മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വിൽപ്പന വൻതോതിൽ വർദ്ധിച്ചുവരുന്ന കാര്യം ഗൗരവമായി കണ്ട്,ക്യാംപസുകളെ മയക്കുയരുന്ന്, മദ്യം, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ ലഹരി പദാർത്ഥങ്ങളിൽ നിന്നും വിമുക്തമാക്കുവാനായിട്ടാണ്,  കേരള സർക്കാർ ഈ ബോധവൽക്കരണ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.  ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. റെയ്ഡുകൾ നടത്തുമ്പോൾ കഞ്ചാവിനു പുറമേ മയക്കുമരുന്ന്, നിരോധിത മരുന്നുകൾ എന്നിവയും പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്.

        ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരാക്കുക എന്നതാണ്.  2000 സ്കൂളുകളിൽ നിന്നായി 45 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമാണ്. വീഡിയോകൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ വൻതോതിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നു.

        പ്രശസ്ത നടൻ ശ്രീ. മമ്മൂട്ടി അംബാസഡറായി ചുമതലയേറ്റതോടെ ക്ലീൻ കാംപസ് സെയ്ഫ് കാംപസ് പദ്ധതിയുടെ ആകർഷകത്വം വർദ്ധിച്ചിട്ടുണ്ട്.

        ഈ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി, സർക്കാർ ഒരു ത്രിതല സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

  1. സ്കൂൾതല നിരീക്ഷണ സമിതി
  2. ജില്ലാതല നിരീക്ഷണ സമിതി
  3. സംസ്ഥാനതല നിരീക്ഷണ സമിതി

സ്കൂൾതല നിരീക്ഷണ സമിതിയുടെ ചുമതലകൾ

 

1. വിദ്യാർത്ഥികൾക്കിടയിൽ അലസത, തക്കതായ കാരണമില്ലാതെ   സ്കൂളിൽ വരാനുള്ള മടി  എന്നിവ കണ്ടെത്താനായി എപ്പോഴും ബദ്ധശ്രദ്ധരായിരിക്കുക.

2. വിദ്യാർത്ഥികൾ പതിവായി സന്ദർശിക്കുന്ന കടകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക

3.വിദ്യാർത്ഥികൾക്ക് ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുവാൻ എന്തെങ്കിലും പരിപാടികളോ  പ്രവർത്തനങ്ങളോ സംഘടിപ്പിക്കുക.

4. വിദഗ്ധ സഹായം ആവശ്യമുള്ള കുട്ടികൾക്കായി കൗൺസിലിംഗ്    സംഘടിപ്പിക്കുക.

5.നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനായി സ്കൂൾ അധികൃതരും പോലീസുമായി ചേർന്ന് പദ്ധതികൾക്ക് രൂപം നൽകുക.

6.സ്കൂൾ പരിസരങ്ങൾ ഗതാഗത സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക, ആയത് ഉറപ്പു വരുത്തുക.

7.സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ,  മദ്യം, മയക്കു മരുന്ന്, എന്നിവയുടെ വിൽപ്പന, അശ്ളീല ദൃശ്യങ്ങൾ/ വീഡിയോകൾ പകർത്തി നൽകൽ, പൂവാല ശല്യം  എന്നീ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് റിപ്പോർട്ട്  നൽകുക.

8.കുട്ടികളുടെ ക്ഷേമത്തിനും വികാസത്തിനുമായി  പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ സംഘങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു  ഉത്പ്രേരകമായി പ്രവർത്തിക്കുക.

9. ലഹരി പദാർത്ഥങ്ങളുടെ ദോഷ ഫലങ്ങളെക്കുറിച്ചും  അതുളവാക്കുന്ന ശാരീരികവും, മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നടത്തുക.

10.വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ  വിദ്യാർത്ഥികളുടെ   സുരക്ഷ, ശരിയായ പെരുമാറ്റം എന്നിവ ഉറപ്പു വരുത്തുവാനായി ഒരു നിരീക്ഷണ പരിപാടി നടപ്പാക്കുക.

11.സ്കൂൾ സമയത്ത് പോലീസ് പട്രോൾ, സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും, ഇടവേളകളിലും,   പോലീസിന്റെ  സാന്നിദ്ധ്യം എന്നിവ ആവശ്യപ്പെടുക.

12.വിദ്യാർത്ഥികളുടെ മാതാപിതാക്കൾ/ഗാർഡിയൻ ഇവരുടെ സഹായത്തോടെയും അനുവാദത്തോടെയും  അവരുടെ വസ്തു വകകൾ ആകസ്മിക പരിശോധനയ്ക്ക്  വിധേയമാക്കുക.

13. സ്കൂളിനു സമീപത്തുള്ള ഇന്‍റർനെറ്റ് കഫേകൾ/സി ഡി ഷോപ്പുകൾ മുതലായവയിൽ നിയമ വിരുദ്ധമായ അശ്ളീല വീഡിയോകളുടേയും മറ്റും ലഭ്യതയോ, വിൽപ്പനയോ നടക്കുന്നുണ്ടോ എന്ന വിവരം ശേഖരിക്കുക.

14.എല്ലാ തരത്തിലുമുള്ള ശാരീരിക പീഢനം. ലൈംഗിക പീഢനം, വൈകാരിക പീഢനം, അവഗണന എന്നിവയെക്കുറിച്ച് ശരിയായ വിവരങ്ങൾ തുറന്നു പറയുവാൻ  കുട്ടിയെ പ്രോൽസാഹിപ്പിക്കുക

15.പരിസ്ഥിതി സംരക്ഷണം, റോഡ് സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ മുതലായവ സംബന്ധിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക

16.കുട്ടി അപകടത്തിലാണ്, അല്ലെങ്കിൽ   അതിന് സാദ്ധ്യതയുണ്ട് എന്ന് തോന്നിക്കഴിഞ്ഞാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികൾക്ക്  റിപ്പോർട്ട് നൽകാവുന്നതാണ്.  കുട്ടികളുടെ സമഗ്ര വികാസത്തിനായി  സ്കൂളുകളിൽ സുരക്ഷിതവും, അനുഭാവപൂർണ്ണവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക.

      ജില്ലാതല സമിതികൾ സ്കൂൾതല സമിതികളുടെ പ്രവർത്തനം  നിശ്ചിത ഇടവേളകളിൽ അവലോകനം  ചെയ്യേണ്ടതാണ്,  ‘ക്ളീൻ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ്’  പദ്ധതിയുടെ നടത്തിപ്പ്  അവലോകനത്തിന്റെ ഉത്തരവാദിത്തം ജില്ലാ തല സമിതി കൾക്കായിരിക്കും.  നിയമലംഘകർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുവാനും, ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാനായി സ്കൂളുകളിൽ ആകസ്മിക പരിശോധനകൾ നടത്തുവാനും, നിർദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ഉള്ള അധികാരം ജില്ലാതല നിരീക്ഷണ സമിതികൾക്കുണ്ട്. മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും ജില്ലാ തലസമിതികൾ യോഗം  ചേരേണ്ടതാണ്. 

     ജില്ലാതല നിരീക്ഷണ സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാനായി സംസ്ഥാനതല  സമിതിക്ക് നിരീക്ഷണ  റിപ്പോർട്ടുകൾ ആവശ്യപ്പെടാവുന്നതാണ്.    ഈ സമിതി 6 മാസത്തിലൊരി ക്കലെങ്കിലും യോഗം ചേരേണ്ടതാണ്.  ബഹുമാനപ്പെട്ട ആഭ്യന്തര, വിദ്ദ്യാഭ്യാസ, ആരോഗ്യ വകുപ്പു മന്ത്രിമാർ ഈ കാംപയിന്റെ പ്രവർത്തനം നിശ്ചിത  കാലയളവുകളിൽ അവലോകനം ചെയ്യുന്നതുമാണ്