എഴുപത്തിനാലാമത് പോലീസ് വോളിബോൾ ക്ലസ്റ്റർ മത്സരങ്ങൾക്ക് തിരുവനന്തപുരത്തു ആവേശോജ്വല തുടക്കം

 എഴുപത്തിനാലാമത് പോലീസ് വോളിബോൾ ക്ലസ്റ്റർ മത്സരങ്ങൾക്ക് തിരുവനന്തപുരത്തു ആവേശോജ്വല തുടക്കം

എഴുപത്തിനാലാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്തു ആവേശോജ്വല തുടക്കം. തിരുവനന്തപുരത്തു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ടീം അംഗങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റിനു ഗവർണർ രാജേന്ദ്ര വിശ്വനാഥ  ആർലേക്കർ സല്യൂട്ട് സ്വീകരിച്ചു.

ഒത്തൊരുമയുടെ ആഘോഷമാണ് കായികമത്സരങ്ങളെന്നും കളിക്കളത്തിൽ ഇറങ്ങുന്ന ഓരോ സേനാംഗവും ഇതോർക്കണമെന്നും ഗവർണർ പറഞ്ഞു.  ഇന്ത്യപോലെ വൈവിധ്യപൂർണമായ രാജ്യത്തു നടക്കുന്ന ഓരോ കായികമത്സരങ്ങളും കൂട്ടായ്മയുടെ എണ്ണമറ്റ ഓർമകളാണ് പങ്കെടുക്കുന്നവർക്കു സമ്മാനിക്കുന്നത് . അഞ്ചുദിവസത്തെ കായികമത്സരങ്ങൾ കഴിഞ്ഞു  മടങ്ങുമ്പോൾ  കേരളത്തിന്റെ ഓർമ്മകൾ നാട്ടിലുള്ളവരോട് പറയാൻ മറക്കരുത് എന്നും ഗവർണ്ണർ കായികതാരങ്ങളെ ഓർമിപ്പിച്ചു.

സീനിയർ വോളീബോൾ നാഷണൽ ചാമ്പ്യനായ എറിൻ വര്ഗീസ് ഗെയിംസ് ദീപശിഖ തെളിയിച്ചു. തുടർന്ന് ഗവർണ്ണർ മത്സരങ്ങൾ തുടങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും കായികതാരങ്ങൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് തിരുവന്തപുരത്തെ വിവിധ വിദ്യാലയങ്ങളിലെ 180 ഓളം സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ വൈവിധ്യമാർന്ന നൃത്ത പരിപാടി അവതരിപ്പിച്ചു.

അഞ്ചുദിവസം നീണ്ടു നിൽക്കുന്ന കായികമേളയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ അസാം റൈഫിള്‍സ്, BSF, CISF, CRPF, ITBP, RPF, SSB തുടങ്ങിയ 32 സേന വിഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കും. 32 സേനാവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള  1105   ഉദ്യോഗസ്ഥര്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതിൽ 767 പുരുഷന്മാരും 338 സ്ത്രീകളും ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. വോളിബോള്‍ മത്സരങ്ങള്‍ക്കായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയം, മൈലം ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കാലടി വോളിബോള്‍ ക്ലബ്, പട്ടം കെ.എസ്.ഇ.ബി സ്റ്റേഡിയം, കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയം എന്നിവിടങ്ങളിലെ എട്ട് കോര്‍ട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വോളിബോള്‍ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 30 ടീമും വനിതകളുടെ 17 ടീമുകളുമാണ് പങ്കെടുക്കുന്നത്.
സെപാക് ടക്റോ മത്സരങ്ങള്‍ക്കായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ രണ്ട് കോര്‍ട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  സെപാക് ടക്റോ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 18 ടീമും വനിതകളുടെ 14 ടീമുകളുമാണ് പങ്കെടുക്കുന്നത്.
      സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ , മത്സരത്തിന്‍റെ സംഘാടന ചുമതലയുള്ള ഡി. ജി.പി മനോജ് എബ്രാഹം (ചെയര്‍മാന്‍),  പോലീസ് ആസ്ഥാനം  എ ഡി ജി പി എസ് ശ്രീജിത്ത് .(ഓര്‍ഗനൈസിംഗ് സെക്രട്ടറി), ആംഡ് പോലീസ് ബറ്റാലിയൻ എ ഡി ജി പി ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തെ മുതിർന്ന ഓഫീസർമാർ ചടങ്ങിൽ സംബന്ധിച്ചു.