കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന: മുഖ്യമന്ത്രി

 കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന: മുഖ്യമന്ത്രി

 ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പോലീസ് സേനയുടെ ഭാഗമാകുന്നത് പോലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും  സൈബര്‍ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്  തുടക്കത്തില്‍ തന്നെ സൈബര്‍ രംഗത്ത് നല്ല രീതിയില്‍ ഇടപെടാന്‍ കേരള പോലീസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പോലീസിങ്ങിന്‍റെ ഭാഗമായുള്ള വിവിധ മേഖലകളില്‍ മികവ് കാട്ടാന്‍ കേരള പോലീസിന് ആയിട്ടുന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തില്‍ സ്വായത്തമാക്കിയ മികവ് കാത്തുസൂക്ഷിക്കാനാണ് ഇന്നിവിടെ പാസിംഗ് ഔട്ട് കഴിഞ്ഞ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും ജനമൈത്രി പോലീസായി കേരള പോലീസ് മാറിയിരിക്കുന്നുവെന്നും ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയാകുമ്പോള്‍ സമൂഹത്തില്‍ കാണുന്ന ചില ദുഷ്പ്രവണതകള്‍ പോലീസിലേയ്ക്കും കടന്നുവന്നേക്കാമെന്നും അത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരെ നിങ്ങള്‍ ഓരോരുത്തരും ദൃഢമായ മനസ്സോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

    വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 158 പേരും കെ.എ.പി ഒന്ന്, മൂന്ന് ബറ്റാലിയനുകളില്‍ നിന്നായി യഥാക്രമം 113 പേരും 105പേരുമാണ് പരേഡില്‍ പങ്കെടുത്തത്.

തിരുവനന്തപുരം പേയാട് സ്വദേശി അനസ് എ എന്‍ ആയിരുന്നു പരേഡ് കമാന്‍ഡര്‍. കൊല്ലം കൊല്ലായില്‍ സ്വദേശി മുഹമ്മദ് റാസി .എ പരേഡിന്‍റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി.

പരിശീലനകാലയളവില്‍ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

എസ്.എ.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി  അനന്ദു ആറും മികച്ച ഔട്ട് ഡോര്‍ കേഡറ്റായി ഹരികൃഷ്ണന്‍ എസും തിരഞ്ഞെടുക്കപ്പെട്ടു. ആനന്ദ്ബാബ സി പി ആണ് മികച്ച ഷൂട്ടര്‍. അച്ചു ബി.എസ് ആണ് ഓള്‍റൗണ്ടര്‍.

കെ.എ.പി ഒന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി  അനന്തകൃഷ്ണന്‍ എസും മികച്ച ഔട്ട് ഡോര്‍ കേഡറ്റായി വിഷ്ണു ജീവാനന്ദും തിരഞ്ഞെടുക്കപ്പെട്ടു. ജോബിന്‍ കെ എം ആണ് മികച്ച ഷൂട്ടര്‍. അജയ് പി എസ് ആണ് ഓള്‍റൗണ്ടര്‍.  

കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി  സര്‍ഫറാസ് എസ്സും മികച്ച ഔട്ട് ഡോര്‍ കേഡറ്റായി അനന്തകൃഷ്ണന്‍ എസ്സും തിരഞ്ഞെടുക്കപ്പെട്ടു. ശരത്ചന്ദ്രന്‍ ആര്‍ ആണ് മികച്ച ഷൂട്ടര്‍. മേഘനാഥ് വി ആര്‍ ആണ് ഓള്‍റൗണ്ടര്‍.

എസ്.എ.പി ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍  ബിരുദാനന്തര ബിരുദധാരികളായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ടുപേരും ബിടെക് ബിരുദ ധാരികളായ 23 പേരും മറ്റ് ബിരുദധാരികളായ 78 പേരും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 38 പേരുമാണുള്ളത്.

ത്യപ്പുണ്ണിത്തുറ ആസ്ഥാനമായുള്ള കെ.എ.പി ഒന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍ ബിരുദാനന്തര ബിരുദധാരിയായ ആറ് പേരും ബിരുദധാരികളായ 61 പേരും ബിടെക് ബിരുദ ധാരികളായ എട്ട്  പേരും ഡിപ്ലോമ യോഗ്യതയുള്ള ഏഴ് പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 32 പേരുമാണ് ഉള്ളത്.

    അടൂര്‍ ആസ്ഥാനമായുള്ള കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍ ബിരുദാനന്തര ബിരുദധാരിയായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഒരാളും ബിരുദധാരികളായ 46 പേരും ബിടെക് ബിരുദ ധാരികളായ 14 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമുള്ള ഒരാളും ബി.എഡ് ബിരുദധാരിയായ ഒരാളും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 21 പേരുമാണ് ഉള്ളത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി. ജി. പി മാർ,മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.