സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ പോലീസിന്‍റെ പങ്ക് പ്രശംസനീയമെന്ന് മന്ത്രി ശ്രീ. ആന്‍റണി രാജു

 Role of Police in detecting cyber crimes is commendable: Antony Raju

വിദൂരസ്ഥലങ്ങളില്‍ നിന്ന് ഓണ്‍ലൈനായി കുറ്റകൃത്യം നടത്തുന്നവരെ പിടികൂടാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പോലീസിന്‍െറ കഴിവ് പ്രശംസനീയമാണെന്ന് മന്ത്രി ശ്രീ. ആന്‍റണിരാജു പറഞ്ഞു. ഇത്തരം അതിക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്‍െറ വിവിധ സൈബര്‍ വിഭാഗങ്ങള്‍ നടത്തുന്ന ശ്രമങ്ങളേയും അദ്ദേഹം പ്രകീര്‍ത്തിച്ചു. കേരള പോലീസ്  സൈബര്‍ഡോം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡ്രോണ്‍ ഹാക്കത്തോണില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ മികച്ച സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് മുന്‍പുതന്നെ കേരളത്തില്‍ അത് നടപ്പിലാക്കാന്‍ പോലീസിന് കഴിഞ്ഞു. അതിന്‍െറ ഫലമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട.് അടുത്തയുഗത്തിലെ സാങ്കേതികവിദ്യയായ ഡ്രോണ്‍ മേഖലയില്‍ പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ച ചുവടുവെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു വിഭാഗങ്ങളിലായി  നടത്തിയ ഹാക്കത്തോണില്‍ 43 ടീമുകള്‍ മത്സരിച്ചു. സര്‍വൈലന്‍സ് ആന്‍റ് ഡ്രോണ്‍ ഡവലപ്മെന്‍റ് വിഭാഗത്തില്‍ ഗിരീഷ്.എന്‍, വിജു രാജു എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ടീം എ.എക്സ്.എല്‍ ഡ്രോണിനാണ് രണ്ടാം സ്ഥാനം. ഹിന്‍റന്‍ ബര്‍ഗ്, മോനായി കുഞ്ഞായി, ആത്മേഗ റോബോട്ടിക്സ് എന്നീ ടീമുകള്‍ ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. എന്‍ഡുറന്‍സ് ഡ്രോണ്‍/ ഹെവി ലിഫ്റ്റ് ഡ്രോണ്‍ ഡെവലപ്മെന്‍റ് വിഭാഗത്തില്‍ ടീം സൂപ്പര്‍ ടെക്, ടീം ഡി ഡ്രോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ടീം റാഡിക്കല്‍ മെക്കാനിസം ഈ വിഭാഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. നാനോ ഡ്രോണ്‍ ഡെവലപ്മെന്‍റ് വിഭാഗത്തില്‍ ടീം ഫ്ളാറ്റോനോമേഴ്സ് ഒന്നും ടീം ഷേര്‍ ലാബ്സ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആന്‍റി ഡ്രോണ്‍ സൊലൂഷന്‍ ഡെവലപ്മെന്‍റ് വിഭാഗത്തില്‍ ടീം തോമസ് എയ്റോ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ഡ്രോണ്‍ ഫോറന്‍സിക് സൊലൂഷന്‍ ഡെവലപ്മെന്‍റ് വിഭാഗത്തില്‍ ടീം ഡിജിറ്റല്‍ ഡിറ്റക്ടീവ്സ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. 

അനില്‍കുമാര്‍.കെ.വി, ഡോ.പ്രിയ.പി.സാജന്‍, വിഷ്ണു.എസ്, ബിജുമോന്‍.ഇ.എസ്, വിഷ്ണു.വി.നാഥ്, അനി സാം വര്‍ഗീസ്, നിബിന്‍ പീറ്റര്‍, റീജ റഹീം, സുനില്‍ പോള്‍, സുനില്‍കുമാര്‍.എ.യു, അഖില്‍ പുതുശ്ശേരി, ജോജി ജോണ്‍ വര്‍ഗീസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സംസ്ഥാന പോലീസ് മേധാവി ശ്രീ. അനില്‍ കാന്ത്, എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ ശ്രീ. മനോജ് എബ്രഹാം, ഐ.ജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി, ഡി.ഐ.ജിയും സൈബര്‍ഡോം ഡെപ്യൂട്ടി നോഡല്‍ ഓഫീസറുമായ ശ്രീ. പി.പ്രകാശ്, എസ്.പി ശ്രീമതി. ദിവ്യ.വി.ഗോപിനാഥ്, ഡ്രോണ്‍ ഹാക്കത്തോണിലെ മത്സരാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധതരം ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും  സംഘടിപ്പിച്ചിരുന്നു.