ഓണ്‍ലൈന്‍ പണത്തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ നിലവില്‍ വന്നു

 Online Financial Fraud: Call Centre Launched

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു.  തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് ഐ പി എസ് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ ശ്രീ മനോജ് എബ്രഹാം ഐ പി എസ്ശ്രീ എസ്.ശ്രീജിത്ത് ഐ പി എസ്ശ്രീ വിജയ്.എസ്.സാഖറെ ഐ പി എസ് എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. 

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.  ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും. കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.

സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പോലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.