ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 368 പേരെ അറസ്റ്റ് ചെയ്തു എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

 ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 368 പേരെ അറസ്റ്റ് ചെയ്തു എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

 വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 368 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം),  ഹാഷിഷ് ഓയില്‍ (0.461 കി.ഗ്രാം)  കഞ്ചാവ് ബീഡി (220 എണ്ണം)  എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

സംസ്ഥാനം ലഹരി മരുന്ന് മുക്തമാക്കാനും ലഹരി വ്യാപനത്തിന്‍റെ സ്രോതസ് കണ്ടെത്തി തടയുന്നതിനുമായി ജൂണ്‍ രണ്ടിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ തൂഫാന്‍ : ദി നാര്‍ക്കോ ഹണ്ട് ആരംഭിച്ചത്.

ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഓപ്പറേഷന്‍ തൂഫാന്‍ വഴി കേരള പോലീസ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത്  ലഹരി വിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളില്‍ നാലു വീതം സ്പെഷ്യല്‍ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

ഇതോടൊപ്പം അന്തര്‍സംസ്ഥാന ലഹരികടത്തു തടയുന്നതിനായി അന്യ സംസ്ഥാനങ്ങളിലെ രാസലഹരി ഉണ്ടാക്കുന്ന ലാബുകളില്‍ പരിശോദന നടത്തി നടത്തിപ്പുകാരെയും സംഭരണം ചെയ്യുന്നവരെയും പിടികൂടും.  

അഞ്ചു സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും  ഓപ്പറേഷന്‍ തൂഫാന്‍റെ പരിധിക്കുള്ളില്‍ വരും.  ഇ ഡി , ഡി ആര്‍ ഐ , കസ്റ്റംസ് മുതലായ കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടും.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനവും ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.