Student Police Cadet

സ്റ്റുഡന്റ് പോലീസ് കേഡറ്റ്


സ്റ്റുഡന്റ്  പോലീസ് കേഡറ്റ്

        സംസ്ഥാനത്തിലെ  ആഭ്യന്തര, വിദ്ദ്യാഭ്യാസ  വകുപ്പുകൾ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഒരു സ്കൂൾ അധിഷ്ഠിത പദ്ധതിയാണ് കേരളാ പോലീസിന്റെ സ്റ്റുഡന്റ്  പോലീസ് കേഡറ്റ്  പദ്ധതി.  ഹൈസ്കൂൾ വിദ്ദ്യാർത്ഥികളിൽ നിയമത്തോടുള്ള  ബഹുമാനം,  അച്ചടക്കം, പൗരബോധം, സമൂഹത്തിലെ  ദുർബല ജനവിഭാഗങ്ങളോട് ദയാവായ്പ്, സമൂഹ്യ വിപത്തുകളെ ചെറുത്തു നിൽക്കാനുള്ള  കഴിവ്  എന്നീ  ഗുണങ്ങൾ  പാകി മുളപ്പിച്ച്  അവരെ ഈ സമൂഹത്തിലെ ഭാവി നായകൻമാരാക്കി  വളർത്തിയെടുക്കാനാവശ്യമായ  പരിശീലനം നൽകുന്നു. യുവാക്കളിൽ നൈസർഗ്ഗികമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും അതുവഴി അസഹിഷ്ണുത, ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ, അക്രമം  മുതലായ നിഷേധാത്മക പ്രവണതകളെ പ്രതിരോധിക്കുവാൻ അവരെ പ്രാപ്തരാക്കുവാനും ഈ പദ്ധതി കൊണ്ട്  ഉദ്ദ്യേശിക്കുന്നു.  അതുപോലെ തന്നെ വിദ്ദ്യാർത്ഥികളിൽ തങ്ങളുടെ കുടുംബം, സമൂഹം, പരിസ്ഥിതി എന്നിവയോട് പ്രതിബദ്ധത വളർത്തുവാനും  ഇത് സഹായകമാണ്. 

        കേരളത്തിലെ  127  ഹൈസ്ക്കൂൾ/ ഹയർസെക്കന്ററി സ്കൂളുകളിലായി 2010 ആഗസ്റ്റ് 2-ന് ആരംഭിച്ച ഈ പദ്ധതിയിൽ ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 11176 വിദ്ദ്യാർത്ഥികളും, സ്കൂൾതല കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി പരിശീലനം നേടിയ 254  അദ്ധ്യാപകരും  അംഗങ്ങളായിട്ടുണ്ട്.   2012-ൽ കേരളത്തിലെ  249 ഹൈസ്ക്കൂളുകളിലായി  ഈ പദ്ധതി വ്യാപിപ്പിച്ചു.   കേഡറ്റുകളുടെ എണ്ണം  16000 വും,  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ എണ്ണം 500 &ndash മായി വളർന്നു.

ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • നിയമങ്ങൾ    സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, പൗരബോധം ജനാധിപത്യ മര്യാദകൾ എന്നിവ പാലിക്കുന്ന,  നിസ്വാർത്ഥമായ സാമൂഹ്യസേവനം ജീവിതചര്യയായി കരുതുന്ന ഒരു പുതിയ  തലമുറയെ വാർത്തെടുക്കുക.
  • യുവാക്കളിൽ ശാരീരീകവും മാനസീകവുമായ ആരോഗ്യം,  ആത്മനിയന്ത്രണം, അച്ചടക്കം എന്നിവ  വളർത്തിയെടുക്കുവാനും  അതുവഴി കഠിനാദ്ധ്വാനം  ചെയ്യുവാനും വ്യക്തിപരമായ  നേട്ടങ്ങൾ സ്വായത്തമാക്കാനും അവരെ പ്രാപ്തരാക്കുക.
  • കുറ്റകൃത്യപ്രതിരോധം, ക്രമസമാധാന പാലനം, റോഡ്  സുരക്ഷാ പ്രചാരണം എന്നിവയ്ക്കും  ആഭ്യന്തരസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകൾ  കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കേരളാ പോലീസ്  മറ്റ് നിർവ്വഹണാധികാരികളായ വനം, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളുമായി  ചേർന്ന് പ്രവർത്തിക്കുവാൻ യുവാക്കളെ പ്രാപ്തരാക്കുക. അതുവഴി ഒരു മതനിരപേക്ഷ കാഴ്ചപ്പാട് വളർത്തിയെടുക്കുവാനും മൌലിക അവകാശങ്ങളെ ബഹുമാനിക്കുവാനും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രകാരം തന്റെ കടമകൾ നിർവ്വഹിക്കുവാനും അവർക്ക് പ്രചോദനമേകുക.
  • യുവാക്കളിൽ  സാമൂഹ്യ പ്രതിബദ്ധത വളർത്തുക, തങ്ങളുടെ തന്നെയുള്ളിലുള്ളതും മറ്റുള്ളവരിലുള്ളതുമായ ചീത്ത പ്രവണതകളെ പ്രതിരോധിക്കാൻ പ്രാപ്തരാക്കുകയും  അതുവഴി ലഹരി/മദ്യ ഉപയോഗം, അസഹിഷ്ണുത, നശീകരണ പ്രവണത, ഭിന്നത, തീവ്രവാദം എന്നീ സാമൂഹ്യതിന്മകൾക്കെതിരെ പോരാടുവാൻ അവരെ പ്രാപ്തരാക്കുക.
  • യുവാക്കളിൽ നേതൃത്വ പാടവം, കൂട്ടായ പ്രവർത്തന നൈപുണ്യം, നൂതന ചിന്താശേഷി, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുകയും ആത്യന്തിക വിജയം കൈവരിക്കുന്നതിനായി തങ്ങളിൽ അന്തർലീനമായ ശക്തികളെയും സാധ്യതകളെയും കണ്ടെത്തി വികസിപ്പിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
  • വിവര സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ അപാരമായ സാദ്ധ്യതകളെക്കുറിച്ചും യുവജനങ്ങൾക്ക് അറിവ് പകരുക.  അതിന്റെ ദോഷകരമായ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കി അതിൽ നിന്നും സ്വയം പ്രതിരോധിക്കുവാനും, വിവര സാങ്കേതിക വിദ്യയിൽ നിന്നും തങ്ങൾക്ക് ഗുണഫലങ്ങൾ സ്വായത്തമാക്കാനും അവരെ സഹായിക്കുക.
  • യുവാക്കളിൽ രാജ്യസ്നേഹം, തുറന്ന മനോഭാവം, ഹൃദയ വിശാലത, ഉൾക്കൊള്ളൽ, കഴിവ്, കാര്യശേഷി എന്നീ ഗുണഗണങ്ങൾ വികസിപ്പിക്കുകയും ഭരണഘടന അനുശാസിക്കും പ്രകാരം മതേതര കാഴ്ചപ്പാട്, മറ്റുള്ളവരുടെ മൗലിക അവകാശങ്ങളെ ബഹുമാനിക്കുവാനും തങ്ങളുടെ കർത്തവ്വ്യങ്ങൾ പാലിക്കുവാനും ഉള്ള മനസ്ഥിതി എന്നിവ വളർത്തിയെടുക്കാനും യുവാക്കളെ പ്രചോദിപ്പിക്കുക.

 

എസ് പി സി പദ്ധതിയുടെ മാത്രം സവിശേഷതകൾ

  • യുവാക്കളിൽ നിയമവ്യവസ്ഥയോട് ബഹുമാനം വളർത്തുവാനും നിയനങ്ങൾ അനുസരിക്കുന്നത് ജീവിതചര്യയാക്കുവാനും അവരെ പരിശീലിപ്പിക്കുന്ന സംസ്ഥാനത്തിന്&zwjറെ വിദ്യാഭ്യാസ  സുരക്ഷാ വിഭാഗങ്ങൾ കോർത്തിണക്കി രൂപപ്പെടുത്തിയ ഒരു ചട്ടക്കൂടാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
  • പോലീസിലെ നിലവിലുള്ള സംവിധാനം, അടിസ്ഥാന സൗകര്യം, പോലീസിലെ നേതൃഗുണം എന്നിവ ഉപയോഗിച്ചു കൊണ്ട് യുവജനതയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികാസം സാദ്ധ്യമാക്കുക.
  • സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനും, സാമൂഹ്യതിന്മകൾക്കെതിരെ പോരാടുന്ന ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുക.
  • കൂടുതൽ സുരക്ഷിതമായ സാമൂഹ്യ ഇടങ്ങൾ സൃഷ്ടിക്കുന്നതിനായി പോലീസിനോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുവാൻ രക്ഷിതാക്കളെയും സാമുദായിക നേതാക്കളെയും പ്രേരിപ്പിക്കുക.