രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

 President's Police Medals and Chief Minister’s Police Medals Distributed

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മെഡല്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണം ചെയ്തു. പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, ജയില്‍, മോട്ടോര്‍ വാഹനവകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്.

മഹാമാരിയും പ്രകൃതി ദുരന്തവും പ്രതിസന്ധി സൃഷ്ടിച്ച നാളുകളില്‍ ജനങ്ങള്‍ക്ക്  ആവശ്യമായ സുരക്ഷയും സംരക്ഷണവും ഒരുക്കിയ വകുപ്പുകളില്‍ എടുത്തുപറയേണ്ടവയാണ് പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, ജയില്‍, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനല്‍ കേസുകളിലും സൈബര്‍ കേസുകളിലും സ്ത്രീപീഡന കേസുകളിലും ചുരുങ്ങിയ സമയത്തിനുളളില്‍ വളരെ ഫലപ്രദമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന അന്വേഷണ മികവിനൊപ്പം ആധുനിക സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ചാണ് ഈ മേഖലയില്‍ മുന്നേറ്റം നേടാനായത്. ഫയര്‍ഫോഴ്സ്, എക്സൈസ്, ജയില്‍, മോട്ടോര്‍വാഹന വകുപ്പുകള്‍ കാഴ്ചവച്ച സേവനങ്ങളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു.

24 പോലീസ് ഉദ്യോഗസ്ഥരാണ് വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമായി നല്‍കുന്ന രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. അന്വേഷണ മികവ്, സ്പെഷ്യല്‍ ഓപ്പറേഷന്‍, പരിശീലന മികവ് എന്നീ മേഖലകളില്‍ 2018, 2019, 2020 വര്‍ഷങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്‍റെ മെഡല്‍ ലഭിച്ച 19 പോലീസ് ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നടന്ന ചടങ്ങില്‍ 257 പേര്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ഏറ്റുവാങ്ങി.

ഫയര്‍ഫോഴ്സ്, എക്സൈസ് വകുപ്പുകളില്‍ നിന്ന്  24 പേര്‍ വീതവും ജയില്‍ വകുപ്പിലെ 15 പേരും മോട്ടോര്‍ വാഹനവകുപ്പിലെ 17 പേരും ബന്ധപ്പെട്ട വകുപ്പുമേധാവികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ മെഡലുകള്‍ സ്വീകരിച്ചു.

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വിതരണം ചെയ്തു. സംസ്ഥാനത്തെ മറ്റ് 25 പോലീസ് യൂണിറ്റുകളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയ്ക്കുവേണ്ടി മറ്റ് പുരസ്കാരങ്ങളുടെ വിതരണം നടത്തി.