വിജിലന്‍സ്, ക്രൈംബ്രാഞ്ച് കെട്ടിടങ്ങള്‍ക്ക് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി

 CM lays foundation stone for Vigilance and Crime Branch buildings

അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുന്ന അഴിമതിമുക്ത കേരളം എന്ന പദ്ധതി ജനുവരി 26 ന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്‍റെ ആസ്ഥാനമന്ദിരത്തിന്‍റെയും വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനം തിരുവനന്തപുരത്ത് പൂന്തുറയില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.


സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്ക് മുന്നില്‍ കൃത്യമായ പരാതികള്‍ ഉന്നയിക്കാന്‍ കഴിയുന്ന വിധമാവും പദ്ധതി തയ്യാറാക്കുക. അതോറിറ്റിക്ക് ലഭിക്കുന്ന പരാതി കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അന്വേഷിക്കുക. പദ്ധതി നടപ്പാകുന്നതോടെ സര്‍ക്കാര്‍ സര്‍വ്വീസിലെയും പൊതുരംഗത്തെയും അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൃത്യമായ തെളിവുകളുടെ സഹായത്തോടെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ട് വരാന്‍ ക്രൈംബ്രാഞ്ച് എന്നും മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദമായ പലകേസുകളിലും സര്‍ക്കാര്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്താറുണ്ട് അന്വേഷണമികവും കഴിവും മാത്രമാണ് ക്രൈംബ്രാഞ്ചിലെ നിയമനത്തിനുളള മാനദണ്ഡം.


1994 ല്‍ നടന്ന തൊഴിയൂര്‍ സുനിലിന്‍റെ കൊലപാതകം 25 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് തെളിയിച്ചത് മികവിന്‍റെ ഉദാഹരണമാണ്. 2019 ല്‍ 461 കേസുകളും 2020 ല്‍ 406 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. വിജിലന്‍സ് വകുപ്പിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കാനായി തിരുവനന്തപുരത്ത് സൈബര്‍ ഫോറന്‍സിക് ലാബ് പ്രവര്‍ത്തനം തുടങ്ങി. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിജിലന്‍സ് 32 മിന്നല്‍ പരിശോധന കള്‍ നടത്തുകയും 56 ട്രാപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.


ഇക്കാലയളവില്‍ 70 ഓളം കേസുകളിലെ പ്രതികളെയാണ് വിവിധ കോടതികള്‍ ശിക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനുളളില്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഗണ്യമായി കുറച്ചുകൊണ്ടു വരാന്‍ കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അടിസ്ഥാനസൗകര്യ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങ ളില്‍ ഗണ്യമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ക്രൈംബ്രാഞ്ച്, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടസമുച്ചയമാണ് നിലവില്‍ വരുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനവും ഇവിടെയാണ് നിര്‍മ്മിക്കുക. 34,500 ചതുരശ്രഅടിയില്‍ നാല് നിലകളിലായി നിര്‍മ്മിക്കുന്ന ക്രൈംബ്രാഞ്ച് കോംപ്ലക്സില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് തിരുവനന്തപുരത്ത് പലസ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസുകള്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകുമ്പോള്‍ ഇവിടെയായിരിക്കും പ്രവര്‍ത്തിക്കുക.

വിജിലന്‍സ് കോംപ്ലക്സ് എന്ന് പേരുളള പുതിയ കെട്ടിടത്തിന് അഞ്ച് നിലകളിലായി 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ഉളളത്. നഗരത്തിന്‍റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന അഞ്ച് വിജിലന്‍സ് ഓഫീസുകള്‍ക്കായാണ് ഇവിടെ കെട്ടിടം പണിയുന്നത ്.വി.എസ്.ശിവകുമാര്‍ എം.എല്‍.എ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മേധാവി ഡി.ജി.പി സുദേഷ് കുമാര്‍, ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജിപി. എസ്.ശ്രീജിത്ത്, ഐ.ജിമാരായ ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ്, എസ്.പി ഹരിശങ്കര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജി.ശങ്കര്‍, ബീമാപളളി ഈസ്റ്റ് കൗണ്‍സിലര്‍ സുധീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.