15 new Cyber Crime Police Stations opened in the State

15 സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സൈബര്‍ മാധ്യമങ്ങള്‍ പകതീര്‍ക്കാനുളള വേദിയാക്കരുതെന്ന് മുഖ്യമന്ത്രി

                     വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ക്രൈം പോലീസ് സറ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  തൃശൂര്‍ റൂറല്‍ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു.

    കുറഞ്ഞ ചെലവില്‍ സാങ്കേതികമികവുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായതോടെ സാധാരണക്കാരും സൈബര്‍ ലോകത്തേയ്ക്ക് ധാരാളമായി കടന്നുവന്നുതുടങ്ങി. എന്നാല്‍ ഈ കടന്നുകയറ്റം പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായാണ് കണ്ടുവരുന്നത്. സൈബര്‍ കുറ്റവാളികള്‍ക്ക് സമൂഹത്തിന് മാതൃകയാകേണ്ട തരത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നതിന് പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്തും. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇപ്പോഴുളള പരിമിതികള്‍ ഇതോടെ ഇല്ലാതാകും. സ്വന്തം വിവേകം നല്‍കുന്ന തിരിച്ചറിവ് ഉപയോഗിച്ച് സൈബര്‍ലോകത്ത് സ്വയം അതിര്‍വരമ്പിടാന്‍ നാം പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

         തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ സിറ്റികളിലാണ് നിലവില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നത്. 15 എണ്ണം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും ഇപ്പോള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നിരിക്കുകയാണ്.

    സാങ്കേതിക പരിജ്ഞാനവും യോഗ്യതയും അന്വേഷണവൈദഗ്ദ്ധ്യവുമുളള പോലീസ് ഉദ്യോഗസ്ഥരെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളില്‍ നിയോഗിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനുളള ആധുനിക സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്