Two Wheeler Tips

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും വസ്തുതകളും


  1. MV Act 129 വകുപ്പില്‍ പറയുന്നവിധത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മെറ്റ് ചിന്‌സ്ട്രാപ്പിട്ടു ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാവുന്നതാണ്. അറിയുക ഹെല്‌മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയില്‍ എത്തുന്നത് കുറയ്ക്കും. അതിനാല്‍ ഗുണനിലവാരമുള്ള (ISO Mark) ഹെല്‌മെറ്റ് മാത്രം ധരിക്കുക.

  2. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. ഇന്ന് കേരളത്തില്‍ കൂടുതല്‍പേര്‍ അപകടത്തില്‍ പെടുന്നത് ഇടതുവശത്ത് കൂടി മറികടക്കുമ്പോഴാണ്. അതിനാല്‍ മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലത്തുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. Indicator ഓണ്‍ ചെയ്തു വണ്ടി ഓടിക്കരുത്..

  3. മറ്റു വാഹനങ്ങളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത വാഹനമായതിനാല്‍ നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുന്‍പേതന്നെ സിഗ്‌നല്‍ കൊടുക്കുകയും പുറകില്‍നിന്നും വരുന്ന വാഹനങ്ങളും എതിരെവരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക. മറ്റു വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം. Right turn ചെയ്യുമ്പോഴും U turn ചെയ്യുമ്പോഴും വളരെയധികം അപകടസാധ്യത ഉണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.

  4. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ ദൂരം പാലിക്കുക. വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന വ്യക്തിയുമായി കൈകാലുകള്‍ നിവര്‍ത്തിയുള്ള സംസാരത്തില്‍ ഏര്‍പ്പെടാതിരിക്കുക, കൈകാലുകള്‍ നിവര്‍ത്തുന്നത് സിഗ്‌നല്‍ ആയി കണക്കാക്കാന്‍ സാധ്യത ഉണ്ടെന്നു ഓര്‍ക്കുക. യാതൊരു കാരണവശാലും പിന്നിലെ യാത്രികന്‍ കൈകൊണ്ടു സിഗ്‌നല്‍ കാണിക്കാന്‍ പാടുള്ളതല്ല, അപകടം ക്ഷണിച്ചു വരുത്തും

  5. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതെ ഇരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത

  6. മറ്റു വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറികടക്കുമ്പോള്‍ നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറക്കുകയും ശരിയായ രീതിയില്‍ മറ്റു വാഹനത്തിനു മറികടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.

  7. മെയിന്റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീടു വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക

  8. അപ്രതീക്ഷിതമായ അപകട സാധ്യതപോലും മുന്‍കൂട്ടികണ്ടു പ്രതിരോധാധിഷ്ട്ടിധമായി വേണം വാഹനം ഓടിക്കുവാന്‍. (ഉദാ : ഇടവഴിയില്‍ നിന്ന് മറ്റു വാഹനങ്ങളും സൈക്കിളുകളും വഴിയാത്രക്കാരും അലഞ്ഞു നടക്കുന്ന മൃഗങ്ങളും നമ്മുടെ വാഹനത്തിന്റെ മുന്‍പില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ ഇടയുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.)

  9. തിരുവുകള്‍ എത്തുന്നതിനു മുന്‍പേ സ്പീഡ് കുറച്ചു കൃത്യമായ ഗിയറില്‍ മിതമായ Acceleration ല്‍ മാത്രം തിരുവുകള്‍ എടുക്കുക

  10. ഇരുചക്രവാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്റര്‍, Ghat roads 45 കിലോമീറ്റര്‍, കോര്‍പ്പറെഷന്‍/ മുന്‍സിപ്പല്‍ ഏരിയ 50 കിലോമീറ്റര്‍, N.H 60 കിലോമീറ്റര്‍, S.H 50 കിലോമീറ്റര്‍, നാലുവരിപ്പാത 70 കിലോമീറ്റര്‍, മറ്റു സ്ഥലങ്ങള്‍ 50കിലോമീറ്റര്‍

  11. ബ്രേക്ക് ചെയ്താല്‍ നിര്‍ത്താവുന്ന ദൂരം സ്പീഡ് കൂടുമ്പോള്‍ കൂടുമെന്നും,ചാറ്റല്‍ മഴയോ , ഓയിലോ, ചെളിയോ ഉള്ളപോള്‍ ഈ ദൂരം സാധാരണ വേണ്ടിവരുന്ന ദൂരത്തിന്റെ ഇരട്ടിയില്‍ കൂടുതല്‍ വരുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

  12. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ ആയിരിക്കുമ്പോഴും കൂടുതല്‍ തളര്‍ച്ച ഉള്ളപോഴും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.

  13. എല്ലാ ദിവസവും വാഹന ഉപയോഗം തുടങ്ങുന്നതിനു മുന്‍പ് ടയറുകളും ഹോണുകളും ലൈറ്റുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും , കാര്യക്ഷമമാണെന്നും താങ്കള്‍ ഉറപ്പുവരുത്തേണ്ടതാണ്.

  14. ബ്രേക്ക്, ടയര്‍, ലൈറ്റ് മുതലായ ഭാഗങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ വാഹനം തുടര്‍ന്ന്് ഓടിക്കുവാന്‍ പാടില്ല.

  15. ഇടുങ്ങിയ പാലങ്ങള്‍, കവലകള്‍ സീബ്ര ക്രോസ്സിങ്ങുകള്‍ എന്നിവിടങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുവാന്‍ അവസരം നല്‍കണം.

  16. വാഹനത്തിന്റെ വേഗപരിധി പാലിക്കുക. ഒരു കാരണവശാലും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്.

  17. റോഡിലുള്ള ഗട്ടറുകളുടെ ഇടതുവശത്തുകൂടി മാത്രം സഞ്ചരിക്കുക.

  18. മത്സര ഓട്ടം ഒഴിവാകുകയും നിങ്ങളുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക

  19. രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇരുണ്ട നിറത്തിലുള്ള ഹെല്‍മെറ്റ് ഉപയോഗിക്കാതിരികുക. ഇരുണ്ട വസ്ത്രങ്ങളും ഉപയോഗിക്കാതിരിക്കുക. Reflector കള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക

  20. ട്രാഫിക് പോലീസിന്റെ സിഗ്‌നലുകളും മറ്റു ട്രാഫിക് അടയാളങ്ങളും അനുസരിക്കുക.വാഹനം ഓടിക്കുമ്പോള്‍ ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‌സും വാഹനത്തിന്റെ രേഖകളും കൈവശം സൂക്ഷിക്കുക

  21. ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് താങ്കളുടെയും താങ്കളുടെ കുടുംബത്തെയും സമൂഹത്തെയും ദുരന്ദങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത് . സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.

  22. സുഹൃത്തേ താങ്കള്‍ ഇപ്പോള്‍ സുരക്ഷിതനാണ്. താങ്കളുടെ കുടുംബത്തിനും ഈ നാടിനും താങ്കളെ ആവശ്യമുണ്ട്. അതിനാല്‍ തന്നെ നിയമമനുസരിക്കൂ..........ദീര്‍ഘായുസ്സായിരിക്കൂ.............

Last updated on 14-01-2018